ഗലികൾ…
തലയ്ക്കു മീതെ പറക്കുന്ന ഗലികൾ
പക്ഷികളെപ്പോലെ
നഗരത്തിൽ ചുട്ടെടുത്ത
അസ്തമയത്തിന്നപ്പം കൊത്തുന്നു.
ചുണ്ടുകൾക്കിടയിലെ
മത്സ്യത്തെയും കോർത്ത്
നമ്മുക്കിടയിലെ വേർപ്പെട്ട ഗലികളിൽ
ചൂണ്ടയുമായിരിക്കുന്ന
എനിക്ക് ഞാൻ
എന്നെ തിന്നാനായും
വിശന്ന പൊന്മയെപ്പോലെ.
കൈവരികളിൽ പ്രാക്കളിരുന്ന് കുറുകുന്ന
മുഷിഞ്ഞ ഗലികളിൽ വെച്ച്
സായാഹ്നങ്ങളുടെ സ്വപ്നാടനം
കണ്ടുമുട്ടുന്നു.
പായലുണങ്ങിപ്പൊടിയുന്ന
വരട്ടുചൊറിയുള്ള
നരച്ച വേനലിന് കുളങ്ങളോട് കുന്തളിപ്പ്.
നിന്റെ നഗരത്തിലൂടെ
കാൽനടയാത്ര പോകുന്ന
ഉപ്പുചൂരുള്ള ഗലികൾ
വേണമെനിക്ക്.
നഗരം അഴിച്ചു വെച്ച ഗലികൾ
നിന്റെ ആത്മാവിന്റെ
കീറിയ ഉടുപ്പുടുക്കുന്നു.
എന്റെ ജിപ്സിക്കവിതകൾ
ഹവേലിയിലേക്കുള്ള
ഗലിക്കു മുകളിൽ
വട്ടമിട്ടു പറക്കുന്നു.
നഗരാകാശത്തിന് നിന്റെ
വിടർന്ന വക്ഷസ്സാണെന്ന്
അതിന്മേൽ തലചായ്ക്കണമെന്ന്
കറുത്തിരുണ്ട പൂട പറിക്കണമെന്ന്
ഉരുണ്ട പഞ്ഞിമേഘത്തിൻ
മസിൽ പവറിനുള്ളിൽ
നുള്ളിയൊളിക്കണമെന്ന്
ദിക്കുകൾ വെടിഞ്ഞ
ഹൈഡ്രജൻ ബലൂണുകൾ നോക്കി
ഒരു പെൺകുട്ടി നഗരമധ്യത്തിൽ
ഗിറ്റാർ വായിക്കുകയാണ്.
രാധേശ്യാം രാധേശ്യാം… ” എന്ന്
നിന്റെ ഗലി ഹാവേലിസംഗീതം
പാടിക്കൊണ്ടിരുന്നു .
ജയ്സാൽമീറിലെ
പട്വോൺ ജി കി ഹവേലിയിലേക്ക്
വലിയ മൂക്കുത്തിയിട്ട്
വെള്ളി ഹാൻസ്ലി ഞാത്തി
ജുംകയും ആട്ടിയാട്ടി
പടികൾ കയറും മുൻപേ
ത്സരോഖയിൽ രാജാവിനെപ്പോലെ
നിന്നെ കാണുന്ന ഞാൻ,
എനിക്ക് ഞാനാരെന്ന ജിജ്ഞാസയുണ്ടായി
ജാള്യതയുണ്ടായി
മൂന്നാമത്തെ നടുമുറ്റത്തെത്തിയപ്പോൾ
നിരാശയിൽ മുഖം കുനിക്കാൻ
എന്റുള്ള് നിർബന്ധിക്കപ്പെട്ടു.
രണ്ടാം നിലയിലെ ത്സരോഖയിൽ
ദ്രുതപദതാളം കൊത്തിവച്ച
എന്റെ കറുത്ത
നടന ശില്പമുള്ളതായി
ഞാൻ സങ്കൽപ്പിച്ചു.
ഒടുവിലത്തെ നൃത്തത്തിൽ
മഞ്ഞമൺതൂണിൽ ചാരി
നിന്റെ ക്യാമറയിലെ എക്കാലത്തെയും
ഏറ്റവും മികച്ച സ്നാപ്പ്
എന്റേതാവണമെന്ന്
എല്ലാ ആശകളോടെയും
നിനക്കുള്ള മെയിൽ അയക്കുന്നു.
Jipsippennu@gmail.com
എന്ന ഐഡിയിൽ നിന്ന്
എന്റെ ഏതാനും ജിപ്സിക്കവിതകൾ
രാത്രി 3.20 തിന്
നിന്റെ ത്സരോഖയിലെ
മെയിലിലേക്ക് നോക്കി
ചെരിഞ്ഞു കെട്ടിക്കിടക്കും.
നിന്നെ ‘ജി’ എന്നാണത്രേ
സുഹൃത്തുക്കൾ വിളിക്കാറ്
കർഷകർ ‘സാർ ‘ എന്നും.
ഞാൻ പക്ഷെ പേര് തന്നെ വിളിക്കും
നിന്റെ കുലമഹിമയും
സ്ഥാനമാനങ്ങളും
ഈ ഗലിക്കപ്പുറം
ത്സരോഖയ്ക്കപ്പുറം
നടുമുറ്റത്തിന്നപ്പുറം
നഗരത്തിനു പുറത്ത്
എനിക്കന്യം.
ത്സരോഖയിലെ
തൂണിനു മറവിൽ വെച്ച്
നിന്നോടുള്ള ആശയപരമായ
അടുപ്പത്തിലൂടെ
ഗോത്രമര്യാദകൾ ഞാൻ
ലംഘിച്ചിരിക്കും,
നിശ്ചയം.
തെളിനീർത്തടാകം
നീ
എല്ലാ വൈകല്യങ്ങളുമുള്ള പെണ്ണുങ്ങൾക്ക്
യഥേഷ്ടം കുളിക്കാനായി
വിട്ടു കൊടുത്ത
യോദ്ധാവെന്ന് കേൾക്കുന്നു
ഞാനപ്പോൾ കുളിച്ചു കയറി
തീജ് ഉത്സവത്തിന് കൊടിയേറ്റുന്നു
ചിലങ്ക കെട്ടുന്നു
മെഹന്തിയണിയുന്നു
നിന്റെ നീലക്കൺപീലി-
കണ്ടലുകൾക്കിടയിൽ
എന്റെ സ്നിഗ്ധമാം നഗ്നതയുമായി
ഉടലഴകുള്ള ചെറുനാഗം
ഒളിച്ചു പോകുന്ന
ഇഴയൊച്ച.
ബ്രോക്കെഡിനാൽ പണിത
മൊജാരിസ് അണിഞ്ഞാണ്
ഗലികളിൽ ഞാൻ കാത്ത് നിൽക്കുന്നത്
നിന്റെ ഗലിയിലൂടെ പറക്കണമെന്നും
അവിടെ വെച്ചെനിക്ക്
നിന്റെ അതിർത്തി നിർമ്മാർജ്ജന
രാഷ്ട്രീയത്തോട്
തുറന്ന സംവാദത്തിലേർപ്പെടണമെന്നും ഞാൻ കരുതുന്നു
നമുക്ക് ചുറ്റുമപ്പോൾ ഈസ്റ്റർ ലില്ലിപ്പൂക്കൾ
മഴച്ചാറ്റലിൽ ഇളകിച്ചിരിച്ച് മുളപൊട്ടും.
നിലച്ച ക്ലോക്കുള്ള
വെളളം വറ്റിയ വീടുകൾ സുലഭമാണ്,
നിന്റെ പട്ടണത്തിൽ.
അതിലൊരുവീട്ടിലെ സെക്കന്റ് സൂചിക്ക്
ചാണകം മെഴുകിയ
മുറിയിൽ നിന്ന് കാണാൻ പാകത്തിൽ
നിന്റെ ത്സരോഖയിലേക്ക് തുറക്കുന്ന
വാതിലുണ്ടായിരിക്കണം
അവിടെ പെൺകുട്ടിയുടെ ഗിറ്റാർ കേൾക്കുന്ന
അംഗ്രഖയും പഗ്രിയും ധരിച്ച
പൂർവ്വകാമുകനെ ഞാൻ സങ്കൽപ്പിക്കുന്നു
എനിക്ക് നിന്റേതായ
രാജ്യ സങ്കല്പത്തോട്
ദിവ്യമായ അടുപ്പത്തിൽ മറ്റൊന്നുമല്ല,
പഴയ കാമുകൻ,
ഗ്രാമത്തിലും നഗരത്തിലും
പൊതുകിണറ് പണിത്
എല്ലാ ജാതിക്കാർക്കും
വെള്ളം കോരിക്കൊടുക്കുമായിരുന്നു.
സൂര്യൻ ചീറിപ്പായുന്ന
നിന്റെ ഹവേലിയിലേക്കുള്ള
എത്രയോ ഗലികളിലൂടെ ഓടി ഞാൻ
എളിയിൽ കുടം കുത്തി നിൽക്കുന്നു
നീ പണിത
കിണറ്റിൻകരയിൽ.
എന്റെ എന്റെ കുടവും കാലുകളുമാണ്
നിന്റെ ഹവേലിയിലേക്കുള്ള ഗലികൾ
ദാനം ചോദിക്കുന്നത്.
നിന്റെ നേർക്ക് ഞാൻ
ജനാലകൾ തുറന്നിടും പോലെ
കണ്ണുകൾ തുറന്നിടുന്നു
ഉഷ്ണമാണ്
വേവുകയാണ്
കണ്ണ് നീറുന്നു
ഉരുകാത്ത മഞ്ഞിനുള്ളിലാണ് നീ
മഞ്ഞിനിപ്പുറം ഞാൻ
നമ്മൾ ‘മഞ്ഞുകാലം നോറ്റ കുതിര’കൾ.
തിരിച്ചു പോരുമ്പോൾ
വിളിച്ചേക്കരുത്
ഞാൻ വാക്കുകൾ തയ്ച്ചെടുത്ത്
ദുപ്പട്ട തുന്നിയേക്കും
നിന്റെ ത്സരോഖയിലെ
ജാലകത്തിനരികിലേക്കത് പറന്നേക്കും.
ഗലികളിൽ കാത്ത് നിൽക്കും
നിന്റെ ക്യാമറയിൽ ചിത്രമാകാൻ,
രാഷ്രീയപ്രസംഗങ്ങളിലെ
മുഖചിത്രമാവാൻ,
തീജ് ഉത്സവത്തിൽ
ദ്രുതപദതാളമഴിച്ചുവിട്ട്
ഏറ്റവുമൊടുവിലെ
നാട്യക്കാരിയാവാൻ.
ഉഷ്ണിക്കുന്നു
നദിക്കരയിൽ
ഒരു ചെറുനാഗമിഴഞ്ഞു
ചന്ദ്രനെ വിഴുങ്ങി
ത്സരോഖയിൽ നീ മൗനിയായ
ഏകതാനത,
രാജാവേ.
അവസാനയാമത്തെ
ഗലിയിലിപ്പോൾ
എന്റെ ആത്മാവിന്റെ വസ്ത്രങ്ങളും
അംഗ്രഖയും പഗ്രിയുമാണ്
അഴിഞ്ഞു കിടക്കുന്നത്.