മേഘങ്ങൾ പുണരുന്ന മേഘമല

സെക്രട്ടറിയേറ്റിലെ എന്റെ സുഹൃത്ത് ശ്രീ. എ.വി. പ്രസന്നകുമാർ പറഞ്ഞാണ് തമിഴ് നാട്ടിലെ മേഘമലയേക്കുറിച്ച് ഞാനാദ്യമായി കേൾക്കുന്നത്. കേട്ടമാത്രയിൽ യാത്ര പ്ലാൻ ചെയ്തു. നല്ലൊരു റൈഡിനുള്ള സ്ക്കോപ്പുണ്ട്. തലേന്ന് തന്നെ ചങ്ങനാശ്ശേരിയിൽ എന്റെ മൂത്ത സഹോദരി കുസുമത്തിന്റെ വീട്ടിൽ കൂടി. വെളുപ്പിന് 5 ന് ചങ്ങനാശേരി വിട്ട ഞാൻ 5 20 ന് കറുകച്ചാലിൽ നിന്ന് പ്രസന്നനെയും കൂട്ടി. ചങ്ങനാശേരി, കറുകച്ചാൽ, പൊൻകുന്നം, മുണ്ടക്കയം, കുട്ടിക്കാനം, കുമളി, കമ്പം, തേനി റോഡിൽ ചിന്നമണ്ണൂരിൽ നിന്നു വലത്തോട്ട് തിരിഞ്ഞ് 40 KM യാത്ര ചെയ്താൽ മേഘമലയായി.

പോകുന്ന വഴിയിൽ പെരുവന്താനത്ത് സെയിൻറ് ആന്റണീസ് കോളേജിന് മുൻ വശം ഒരു വ്യൂ പോയിന്റ് ഉണ്ട്. മേഘങ്ങൾ താഴേയ്ക്കിറങ്ങി താഴ്വാരത്ത് ഭൂമിയെ പുണർന്ന് മയങ്ങിക്കിടക്കുന്ന ദൃശ്യഭംഗി വിവരിക്കാൻ വാക്കുകൾ അപര്യാപ്തം! സ്വർഗ്ഗം താണിറങ്ങി വന്നതോ എന്ന് കവി പാടിയാൽ കുറ്റം പറയാൻ പറ്റില്ല. കാണുന്ന ഭംഗി, ഭാഗികമായി പോലും ഒപ്പിയെടുക്കാൻ മൊബൈലിലെ ക്യാമറക്ക് കഴിയുന്നുമില്ല. ഈ യാത്രയിലെ എന്റെ ഏറ്റവും വലിയ ആകർഷണം ഈ മനോഹര കാഴ്ചയായി!


പ്രഭാത ഭക്ഷണത്തിനായി കുമളിയിൽ ഇറങ്ങി. പതിവിന് വിപരീതമായി വഴിയിൽ നിറയെ പോലീസും ആൾക്കൂട്ടവും! തമിഴ് പേശുന്ന പോലീസാണധികവും! വിവരം തിരക്കിയപ്പോഴാണ് അറിയുന്നത്, വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഒഴുക്കാണത്. ഇത്തവണ മെയ് 5 ആയ ഇന്നാണ് ക്ഷേത്രം തുറക്കുന്ന ദിവസം! ഹോട്ടലുകളിൽ ഇരിക്കാൻ സീറ്റിനു പോലും ക്യൂ! ഭക്ഷണത്തിനായുള്ള നീണ്ട കാത്തിരിപ്പ്! വാഹനങ്ങൾക്കായുള്ള അനൗൺസ്മെന്റുകൾ മുഴങ്ങിക്കൊണ്ടിരിക്കുന്നു. നല്ലൊരു ഉത്സവാന്തരീക്ഷം!

ചിന്നമണ്ണൂരിൽ നിന്ന് മേഘമലയിലേക്ക് തിരിഞ്ഞതിന് ശേഷമുളള വഴികളിലെ കാഴ്ചകൾ കണ്ണുകളെ കുളിരണിയിക്കും. വനമേഖലയിലൂടെയുള്ള ഹെയർപിൻ വളവുകളും കൊക്കകളും നിറഞ്ഞ സുന്ദരവും ഒപ്പം ഭീതിജനകവുമായ വഴിയിലൂടെയുള്ള റൈഡ് ഓർമ്മകളിൽ നിന്ന് മായില്ല. മലയാളിക്ക് അത്ര സുപരിചിതമല്ലാത്ത വിൻഡ് വീൽ അല്ലെങ്കിൽ വിൻഡ് ടർബൈൻ പാടങ്ങളിലൂടെയുള്ള യാത്ര നമ്മെ അത്ഭുതപ്പെടുത്തും. ഭീമാകാരമായ വിൻഡ് വീലുകൾ ഇരു വശത്തും മെല്ലെ കറങ്ങിക്കൊണ്ടിരിക്കുന്നത് നോക്കി നിന്നു പോകും. വിൻഡ് വീലും വിൻഡ് മില്ലും തമ്മിൽ ചിലപ്പോൾ ആശയക്കുഴപ്പമുണ്ടാവാറുണ്ട്.

കേരളത്തോട് ഗുസ്തി പിടിച്ച് തമിഴ്നാട് മുല്ലപ്പെരിയാറിൽ നിന്ന് വാങ്ങുന്ന വെള്ളത്തിന്റെ വില കാണുന്നത് തമിഴനെന്ന് പറഞ്ഞ് നമ്മൾ പുച്ഛിക്കുന്ന അവന്റെ കൃഷിത്തോട്ടങ്ങളിലാണ്. തമിഴ്നാട് സർക്കാർ കർഷകരോട് കാണിക്കുന്ന പരിഗണന ഇവിടെ നേരിട്ടനുഭവിക്കാൻ കഴിയും. വാഴ, നിലക്കടല, മുന്തിരിത്തോട്ടങ്ങളൊക്കെ റോഡിനിരുവശങ്ങളിലും ഭവ്യതയോടെ തലയുയർത്തി നിൽക്കുന്നു. തോട്ടങ്ങളിൽ നിറയെ, ജോലിയിൽ വ്യാപൃതരായിരിക്കുന്ന കൃഷിക്കാർ! ധാരാളം വെള്ളമുണ്ടെങ്കിലും നമുക്ക് കൃഷിയും കൃഷിക്കാരുമെവിടെ? ആരെങ്കിലുമൊക്കെ സ്വന്തമായി കൃഷി ചെയ്താലായി! ഒരു പ്രയോജനവുമില്ലാതെ നമ്മുടെ സ്വകാര്യ അഹങ്കാരമായ വെള്ളം മുഴുവൻ ഒഴുകി അറബിക്കടലിലേക്ക് ചേരുന്നു! നമുക്കാവശ്യമായതെല്ലാം പാവം തമിഴൻ ഉണ്ടാക്കിത്തരുമല്ലോ! പിന്നെ നമ്മളെന്തിന് കഷ്ടപ്പെടണം?

ഫോറസ്റ്റ് ഏരിയ ആയിക്കഴിഞ്ഞാൽ പിന്നെ വന്യമൃഗങ്ങളുടെ സഞ്ചാര മേഖല അടയാളപ്പെടുത്തിയിരിക്കുന്നത് കാണാം. മൃഗങ്ങളുടെ ക്രോസിംഗ് പലയിടത്തുമുണ്ട്. വാഹനങ്ങൾ സൂക്ഷിച്ച് ഓടിക്കണം. വനമേഖലകളിൽ മൃഗങ്ങളെ ശല്യപ്പെടുത്താതിരിക്കാൻ, ഹോൺ അടിക്കരുത് എന്നെഴുതി വയ്ക്കുന്ന പതിവ് രീതികൾക്ക് വിപരീതമായി ഹോൺ അടിക്കുക എന്നാണ് ഇവിടെ എഴുതി വച്ചിരിക്കുന്നത്.

ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ ബാഗുകൾ തുറന്നുള്ള കർശന പരിശോധനകൾക്ക് ശേഷമാണ് ക്രോസ് ബാർ തുറന്നുതരിക. മദ്യം ഉണ്ടോ എന്നറിയാൻ മാത്രമാണോ ഈ പരിശോധന എന്ന് തോന്നിപ്പോകും. ഇവിടെ നിന്നും മേഘമലയിലേക്ക് 25 കിലോമീറ്റർ ദൂരമുണ്ട്. 11 മണിക്ക് മേഘമലയെത്തി. ഹൈവേവ്വിസ് (HIGHWAVYS) എന്നാണ് ഈ വിശാലമായ പഞ്ചായത്തിന്റെ പേര്. ഹൈവേസ് എന്നും എഴുതിയിരിക്കുന്നത് കണ്ടു. തരംഗം പോലെ കിടക്കുന്ന ഈ മലനിരകൾക്ക് ഇങ്ങനെയൊരു പേരല്ലേ കൊടുക്കാൻ കഴിയു ! പഞ്ചായത്ത് ഗസ്റ്റ് ഹൗസിലെ മുറിയും ശുചിമുറിയും തൃപ്തികരം. വാടക 1680 രൂപ. ഗസ്റ്റ് ഹൗസിലെ മുരുകന്റെ 9488227944 എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാം. വാഹനം, ആഹാരം, മറ്റ് സോപ്പ്, സ്നാക്ക്സ്, വെള്ളം തുടങ്ങിയ അത്യാവശ്യ സാധനങ്ങളെല്ലാം തൊട്ടടുത്ത പേച്ചിയമ്മയുടെ ചെറിയ ഹോട്ടൽ കം സ്റ്റോഴ്സിൽ ലഭ്യമാണ്. ( മുരുകൻ ഹോട്ടൽ പേച്ചിയമ്മ – 9442781748 / മകൻ – അജിത് കുമാർ ഡ്രൈവർ – 7598364017 ).

നമ്മുടെ അരിക്കൊമ്പൻ മേഘമലയിലെത്തിയിരിക്കുന്നു എന്ന വാർത്തയാണ് ഞങ്ങളെ എതിരേറ്റത്. (വീഡിയോ കാണുക) അവനെ അവിടെ കണ്ടു ഇവിടെ കണ്ടു എന്നൊക്കെ വാർത്തകൾ പരന്നെങ്കിലും അതൊക്കെ സങ്കല്പസൃഷ്ടി എന്നാണ് ഞാൻ കരുതിയത്. പക്ഷെ കേട്ട വാർത്തകളെല്ലാം സത്യം തന്നെ എന്നറിഞ്ഞത് പിന്നീടാണ്.
വൈകിട്ട് നാലു മണിക്ക് യഥാർത്ഥ മേഘമല കാണാനായി മലമുകളിലേക്ക് – മഹാരാജമേടിലേക്ക് മുരുകന്റെ ജീപ്പിൽ ഒരു യാത്ര! ഈ ഭാഗമത്രയും തന്നെ തേയിലത്തോട്ടമാണ്. അതൊക്കെ പണ്ടെങ്ങോ വനഭൂമി പാട്ടത്തിനെടുത്ത് തേയിലത്തോട്ടമാക്കിയതാണ്. അതല്ലാതെ സ്വകാര്യ വ്യക്തികൾക്കാർക്കും ഇവിടെ ഭൂമിയില്ല. ജീപ്പിന് പോകാനാകാത്ത വഴിയിലൂടെ പിന്നെയും അര കിലോമീറ്ററെങ്കിലും നടന്ന് മേഘമലയിലെത്തി. പക്ഷെ വിചാരിച്ച പോലെ മേഘ വലയങ്ങളൊന്നുമവിടെ കണ്ടില്ല. ചില സീസണിൽ മേഘങ്ങൾ നമ്മെ ആസകലം മുട്ടിയുരഞ്ഞു നടക്കുമത്രെ! അങ്ങനെയാണ് ആ പേര് തന്നെ വന്നത്!

മുകളിൽ പണി പൂർത്തിയാകാത്ത ഒരു ക്ഷേത്രത്തിൽ ആരാധനാ ലക്ഷണങ്ങളൊന്നും കണ്ടില്ലെങ്കിലും ആരാധനാ മൂർത്തികൾ ഉണ്ട്. അവിടെ നിന്ന് താഴ്വാരത്തിലേക്ക് നോക്കിയാൽ കണ്ണ് തുറിച്ചു പോകുന്ന കാഴ്ചകൾ! മറ്റൊരു ലോകം തന്നെ മുന്നിൽ തുറന്ന പോലെ! ക്ഷേത്രത്തിന് തൊട്ടപ്പുറത്ത് തന്നെ ഒരു കുരിശിന്റെ തലവെട്ടം കണ്ടു. “ങ്ങള് ബ്ടെയുമെത്തിയോ എന്റെ കർത്താവേ” എന്നു ചോദിച്ചു പോയി. ഒരു വലിയ കുരിശു മാത്രം! ധാരാളം ടൂറിസ്റ്റുകൾ മേഘമലയിൽ വന്നു പോകുന്നുണ്ട്.

അരിക്കൊമ്പൻ വാർത്തകൾ അത്ര സുഖകരമല്ലാത്ത രീതിയിൽ പടർന്നതിനാൽ ഏഴു മണിക്ക് മുമ്പ് തന്നെ മുറിയിൽ കയറി. സുഖ ഉറക്കം ! രാവിലെ ചായ കുടിക്കാൻ പുറത്തിറങ്ങിയപ്പോൾ അവിടെ കണ്ട മാതൃഭൂമി റിപ്പോർട്ടർമാരാണ് ബാക്കി അരിക്കൊമ്പൻ വാർത്തകൾ പറഞ്ഞത്. തലേന്ന് ഒരു ഫോറസ്റ്റ് ജീപ്പ് അവൻ കുത്തിമറിച്ചിരിക്കുന്നു. ഒരു വീടും തകർത്തുവെന്ന്! അവൻ വെള്ളം കുടിക്കാൻ വരുന്നത് ഞങ്ങൾ താമസിച്ച ഗസ്റ്റ് ഹൗസിൽ നിന്നും 100 മീറ്റർ അടുത്ത് ! അവൻ അവിടെ കറങ്ങി നടന്ന് ഭീകാരാന്തരീക്ഷം സൃഷ്ടിക്കുന്നു. അവിടെ 144 പ്രഖ്യാപിച്ചിരിക്കുന്നു. ടൂറ്റിസ്റ്റുകളുടെ അവിടേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുന്നു. നേരത്തെ ഇവിടെത്തിയവർക്ക് തിരികെ പോകാം, പക്ഷെ റിസ്ക്കുണ്ട്. വഴിയിൽ പോലീസ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കൂടുതൽ സാന്നിദ്ധ്യം! പക്ഷെ അവർ മാന്യമായാണ് ഇടപെടുന്നത്.

രാവിലെ കാണാൻ പ്ലാൻ ചെയ്ത കാഴ്ചകളൊക്കെ ഉപേക്ഷിച്ച്, ലേശം ഖിന്നതയോടെ 9 കഴിഞ്ഞപ്പോൾ മേഘമല വിട്ടു. പ്രസന്നനെ പൊൻകുന്നം സ്റ്റാന്റിൽ ഇറക്കി തിരുവനന്തപുരത്തിന്റെ സ്വച്ഛതയിലേക്ക്!

For the best route in current traffic visit https://maps.app.goo.gl/1iyMAiGMoyvWHBgh9

എറണാകുളം ജില്ലയിൽ കൂത്താട്ടുകുളം സ്വദേശിയെങ്കിലും ഇപ്പോൾ തിരുവനന്തപുരം പേരൂർക്കട വഴയിലയിൽ താമസിക്കുന്നു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് റാപ്പിഡ് റസ്പോണ്ട്സ് ആന്റ് റസ്ക്യൂ ഫോഴ്സിൽ (RRRF) നിന്നും അസിസ്റ്റന്റ് കമാണ്ടന്റ് (ഡി വൈ എസ് പി) ആയി 2017 ൽ വിരമിച്ചു. 2011- 16 ൽ തിരുവനന്തപുരം ഗവ. സെക്രട്ടറിയേറ്റിന്റെ സെക്യൂരിറ്റി ഇൻസ്പെക്ടർ ആയിരുന്നു. ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച "സാർത്തോവിന്റെ സുവിശേഷം" എന്നൊരു ഓർമ്മക്കുറിപ്പ് എഴുതിയിട്ടുണ്ട്.