ഡോ.ഹാൻസിന്റെ മുറിയിൽനിന്നിറങ്ങുമ്പോൾ കണ്ണിൽ ഇരുട്ടുനിറഞ്ഞ് കാഴ്ച മങ്ങിയിരുന്നു. വീണുപോകുമെന്ന് തോന്നിയപ്പോൾ വേച്ചുവേച്ചാണ് കാത്തിരിപ്പുമുറിയിലെ കസേരയിലേക്കിരുന്നത്. സർക്കസ് കൂടാരത്തിനുള്ളിലെ മരണക്കിണറിനകത്തെന്നപോലെ ചുറ്റുമിരിക്കുന്നവർ കറങ്ങിക്കൊണ്ടിരിക്കുന്നു. കറക്കത്തിന്റെ വേഗത്തിൽ അസഹ്യതയോടെ കണ്ണുകൾ ഇറുക്കിയടച്ചു.
ഡോ. ഹാൻസ് എന്തൊക്കെയാണ് പറഞ്ഞതെന്ന് ഓർമ്മയിൽ പരതി. മുൻപൊരിക്കൽ മുറിച്ചും കരിച്ചും കളഞ്ഞ അർബുദത്തിന്റെ നീരാളിക്കൈകൾ വീണ്ടും വളർന്നുതുടങ്ങിയിരിക്കുന്നു. മുലകളിൽ നിന്ന് അന്നനാളത്തിലേക്ക് നീണ്ടിരിക്കുന്നു. വളർന്നുവളർന്ന് തന്നെ കൈപ്പിടിയിൽ ഒതുക്കാനായിരിക്കുന്നു. അതിനിനി അധികനാളില്ല.
കൈയിൽ അനുഭവപ്പെട്ട സ്നേഹത്തലോടലിൽ കണ്ണു തുറന്നു. ജയ, അനിയത്തിയാണ്. വാത്സല്യത്തോടെ പുഞ്ചിരിതൂവി അവൾ എന്റെ കവിളിൽ കൈചേർത്തു. അവൾ എപ്പോഴും അങ്ങനെയാണ്, അമ്മക്കസേരയിൽ പെട്ടെന്ന് കേറിയിരിക്കും, അമ്മത്തണുപ്പിൽ ചേർത്തുപിടിക്കും. എന്റെയുള്ളിലെ കുഞ്ഞ് ആ ചേർത്തുപിടിക്കലിൽ അലിഞ്ഞുനില്ക്കുമെന്ന് അവൾക്കറിയാം, സങ്കടക്കടലിലെ തിരമാലകൾ ശാന്തമാകുമെന്നും… ! എന്റെ കവിളിൽ ചേർത്ത അവളുടെ കൈ പിടിച്ച് ഉമ്മവെച്ച്. ആ തണുപ്പിൽ ആശ്വസിച്ചങ്ങിനെ കുറച്ചു നേരംകൂടെ ഇരുന്നു. പിന്നെ അവളുടെ കൈയുടെ സ്നേഹബലത്തിൽ തൂങ്ങി പുറത്തേക്ക് നടന്നു.
കാറിലിരിക്കുമ്പോൾ പെട്ടെന്നാണ് എല്ലാവരെയും കാണണം എന്നു തോന്നിയത്. എൻറെ കൂടപ്പിറപ്പുകൾ, കൂട്ടുകാർ, ബന്ധുക്കൾ, എന്റെ ജീവിതവഴിയിൽ കൂടെ നടന്നവർ, പിന്തിരിഞ്ഞു നടന്നവർ. എല്ലാവരെയും ഒരിക്കൽക്കൂടെ ഒന്നു കാണാൻ.. എനിക്കു നല്കിയ സ്നേഹത്തിന്, ജീവിതത്തിലെ സന്തോഷത്തിന് നന്ദി പറയണമെന്നു തോന്നിയത്. അനിയത്തിയോട് പറഞ്ഞപ്പോൾ അവൾക്കും ഉത്സാഹം.
വീട്ടിലെത്തുന്നതിനു മുൻപേ വിളിക്കാനുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി. ആരെയും വിട്ടുപോയിട്ടില്ലെന്ന് വീണ്ടുംവീണ്ടും ഉറപ്പു വരുത്തി. വീട്ടിൽ എത്തിയപാടെ ഫോണിനു മുന്നിലേക്കു പോയ എന്നെ ജയ തടഞ്ഞില്ല. അവൾക്കും അറിയാമല്ലോ, എനിക്കിനി വെറുതെ കളയാൻ ഒരു നിമിഷംപോലുമില്ലെന്ന്…!
ലിസ്റ്റിലെ എല്ലാവരെയും ഒറ്റയിരുപ്പിനുതന്നെ വിളിച്ചു. ‘ഗുഡ് ബൈ പാർട്ടി’ എന്നു കേട്ടപ്പോൾ ചിലരൊക്കെ അസ്വസ്ഥരായെങ്കിലും ‘സ്നേഹത്തോടെ യാത്രയാക്കാൻ വരൂ.’ എന്ന അപേക്ഷ സ്വീകരിക്കപ്പെട്ടു. ഓർമ്മയുടെ അങ്ങേത്തലയ്ക്കൽനിന്ന് ഒരു മുഖം തെളിഞ്ഞുവന്നതപ്പോഴാണ്. അജിത് – അജിയെന്ന് ഞാൻ വിളിച്ചിരുന്ന കൂട്ടുകാരൻ. വെറുമൊരു കൂട്ടുകാരനല്ലായിരുന്നു അജിയെനിക്ക്. എല്ലാം പറഞ്ഞിരുന്ന, പറയാൻ കഴിയുമായിരുന്ന കൂട്ടുകാരൻ. ഒന്നും മിണ്ടാതെ ഒരുനാൾ അകന്നുപോയ ആ കൂട്ടുകാരനെ ഒന്നുകൂടെ കാണണമെന്നും അജിയുടെ പാട്ടുകൾ കേട്ട് കണ്ണും മനസ്സും നിറയ്ക്കാനും തോന്നിയ മോഹം ജയയോട് പറഞ്ഞു. അജിയെ കണ്ടുപിടിക്കുന്ന കാര്യം അവൾ ഏറ്റെടുത്തു.
‘ഒരു വട്ടം കൂടിയെന്നോർമ്മകൾ മേയുന്ന
തിരുമുറ്റത്തെത്തുവാൻ മോഹം…. ‘
പിന്നണിയിൽ യേശുദാസ് എന്റെ മനസ്സ് വിരുന്നുകാർക്കു മുന്നിൽ തുറന്നിട്ടു. ഓരോരുത്തരും അടുത്തുവന്ന് കൈപിടിച്ച്, പഴയ കാര്യങ്ങൾ പറഞ്ഞുചിരിച്ചു.. ഇടയ്ക്ക് ചിലരുടെ നിറയുന്ന കണ്ണുകൾ കണ്ടില്ലെന്ന് അവഗണിച്ചു. എല്ലാവരോടും സന്തോഷമായി യാത്ര പറയണം. ഇന്നത്തെ ദിവസം, തന്റെ ബാല്യത്തിലൂടെയും കൗമാരയൗവനത്തിലൂടെയും ഒന്നോടിപ്പോയിവരണം. അന്നത്തെപ്പോലെ കളിതമാശകൾ പറഞ്ഞ്, കുസൃതികൾ ഓർത്തോർത്ത് മനസ്സു നിറയെ സന്തോഷിക്കണം.. കരയരുതെന്ന് പറഞ്ഞുപഠിപ്പിച്ചിരുന്നെങ്കിലും ഇടയ്ക്കിടെ അനുസരണക്കേട് കാട്ടി എന്നെ വിഷമിപ്പിക്കാൻ വിരുതെടുത്തു എന്റെ മനസ്സ്.
വർഷങ്ങൾക്കു ശേഷം കാണുമ്പോഴും അജിക്ക് വ്യത്യാസമൊന്നുമില്ല. അന്നത്തെപ്പോലെതന്നെ ചിരിച്ച്, വർത്തമാനം പറഞ്ഞ്. അവനങ്ങനെ നിന്നപ്പോഴും, എന്റെ അന്നത്തെ പ്രിയപ്പെട്ട പാട്ടുകൾ ഓരോന്നായി പാടിയപ്പോഴും അവന്റെ കണ്ണിലെ വികാരമെന്തെന്ന് വേർതിരിച്ചറിയാൻ എനിക്കു കഴിയുന്നുണ്ടായിരുന്നില്ല.
‘അരികിൽ നീയുണ്ടായിരുന്നെങ്കിലെന്നു ഞാൻ
ഒരു മാത്ര വെറുതെ നിനച്ചുപോയി….’
എന്നു പാടുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നത് എന്റെ തോന്നൽ മാത്രമായിരുന്നോ…?
പാട്ടിനു ശേഷം അടുത്തു വന്ന അജിയോട് ഞാൻ ചോദിച്ചു , ‘ പറയൂ, എന്തേ ഒന്നും മിണ്ടാതെ പോയത്? എവിടെയായിരുന്നു ഇത്രയും കാലം…? ”
എന്റെ കൈകൾ കൂട്ടിപ്പിടിച്ച് അതിൽ മൃദുവായി ഉമ്മ വെച്ച് അവൻ ഒന്നും മിണ്ടാതിരുന്നു കുറച്ചു നേരം. പിന്നെ മെല്ലെ പറഞ്ഞു, ” നീ മനുവിനെ പ്രണയിക്കുന്നുവെന്ന് പറഞ്ഞ ദിവസമാണ് ഞാൻ നിന്നെ പ്രണയിക്കുന്നുവെന്ന് തിരിച്ചറിഞ്ഞത്. നീയത് അറിയാതിരിക്കാനാണ് അകന്നുപോകേണ്ടിവന്നത്… ” ആൾക്കൂട്ടത്തിൽ കണ്ണോടിച്ച് അജി ചോദ്യഭാവത്തിൽ എന്നെ നോക്കി…. “മനു…? ”
ഒരു പുഞ്ചിരിയിൽ മറുപടിയൊതുക്കിയതിൽ അമ്പരന്ന് എന്റെ കൈയിൽ മുറുകെ പിടിച്ച അജിയുടെ കൈകൾ വിറയ്കുന്നതും കണ്ണുകൾ നിറയുന്നതും കാണാതിരിക്കാൻ ഇറുകെ പൂട്ടിയ എന്റെ കണ്ണിമകൾക്കു മീതെ ആദ്യത്തെയും അവസാനത്തെയും ചുംബനം നല്കി അജി യാത്രാമൊഴി ചൊല്ലി.
ഗുഡ്ബൈ പാർട്ടിയിൽ എല്ലാ സങ്കടങ്ങളും ഒഴുക്കിക്കളഞ്ഞ്, സന്തോഷങ്ങളുടെ ചില മുഹൂർത്തങ്ങൾ വീണ്ടുമറിഞ്ഞ് വേദനകളില്ലാത്ത ലോകത്തേക്ക് പോകാൻ ഞാനും തയ്യാറായിരിക്കുന്നു.
ജീവിതമേ വിട.