നഖം വളർത്തുന്ന പെൺകുട്ടി

ഏതോ കഴുകൻ
കൊത്തിവലിച്ചതാണ്
അവളുടെ മജ്ജയും മാംസവും
വികാര പാരവശ്യം
എന്നിട്ടും
മിഴികളിലുണ്ട്.
നഖം നീട്ടിവളർത്തുന്നുണ്ട്
പിച്ചിച്ചീന്താൻ അവസരം
വരുന്നതും കാത്ത് !
വെയിലേറ്റ്, മഴയേറ്റ് ,
ഇക്കാലമത്രയും
ഉമിനീർ വറ്റിയത്
ഉപ്പു തിന്നിട്ടല്ല ..
പുലഭ്യം തുടർന്നിട്ടാണ്
മിഴികൾ ചുഴറ്റുന്നുണ്ട്
രാവേറെയായിട്ടും
രാപ്പക്ഷി ചിലച്ചില്ല !
ചീവീടുകൾ കരഞ്ഞില്ല
നിശാശലഭങ്ങൾ വന്നില്ല
ഒരു നക്ഷത്രം പോലും
ഉദിച്ചില്ല ..
പേരറിയാത്ത
ഗൂഢ കാമുകനും
പോയിരിക്കുന്നു.
നഖം അല്പം കൂടി
വളർന്നിരിക്കുന്നു.

ആലപ്പുഴ ജില്ലയിൽ മുതുകുളത്ത്എ ജനിച്ചു. എ.ല്ലാ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലും കവിതകൾ എഴുതി. നാലു കവിതാ സമാഹാരങ്ങൾ ഉൾപ്പെടെ 10 കൃതികൾ പ്രസിദ്ധീകരിച്ചു. ചുവച്ചു രാശി, എഴുതാൻ പറ്റാത്ത ചിലത്, അപരിചിതന്റെ ചിരി, വെപ്പാട്ടി എന്നിവ കവിതാ സമാഹാരങ്ങൾ. ഹെഡ്മാസ്റ്റർ ആയിരുന്നു. സ്വമേധയാ സർവ്വീസിൽ നിന്നും വിരമിച്ചു.