വി ടി നന്ദന് എന്ന എഴുത്തുകാരനെ ഓര്‍ക്കുവാന്‍ ‘കുറിയേടത്ത് താത്രി’ എന്ന ഒറ്റ നോവല്‍ തന്നെ ധാരാളം. “പുരുഷ കേന്ദ്രീകൃതമായ പ്രഭുത്വം അതിന്റെ എല്ലാ വിധ പ്രതിലോമ സ്വഭാവത്തോടും കൂടി ആധിപത്യമുറപ്പിച്ചിരുന്ന ഒരു സമുദായത്തില്‍ നിരാലംബയായ ഒരു സ്ത്രീ സ്വന്തം ശരീരം ആയുധമാക്കിക്കൊണ്ടു നടത്തിയ ഒരു കലാപത്തിന്റെ ചരിത്ര കഥ” എന്നാണ് ആലങ്കോട് ലീലാകൃഷണന്‍ കുറിയേടത്ത് താത്രിയുടെ അവതാരികയില്‍ കൊടുത്തിരിക്കുന്ന വിശേഷണം. ഒരു സമുദായത്തിന്റെയും ആ സമുദായത്തിനുള്ളിൽ നിലനിന്നിരുന്ന അനാചാരങ്ങളുടെ അജീര്‍ണ്ണമായ പൂര്‍വ്വ കാലത്തെയും ശക്തമായി അവതരിപ്പിക്കുവാനും ചരിത്രനോവലെന്ന് ഈ കൃതിയെ അടയാളപ്പെടുത്തുവാനും എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ വട്ടംകുളം സ്വദേശിയാണ് വി ടി നന്ദന്. നോവലുകളിലൂടെ കഥകളിലൂടെ കവിതകളിലൂടെ വളര്‍ന്ന് വന്ന കലാകാരൻ. കുറിയേടത്ത് താത്രി, ഭൂമിയില്‍ പ്രേമമുള്ള കാലം വരെ, ഹനുമാനസം തുടങ്ങിയ നോവലുകളിലൂടെയും മഴയില്‍ മാലാഖമാരിറങ്ങുന്നു എന്ന ചെറുകഥയിലൂടെയും മലയാള സാഹിത്യത്തില്‍ ഇടം നേടിയ ഈ എഴുത്തുകാരന് ഒരു തിരക്കഥാകൃത്ത് എന്ന നിലയിലും അറിയപ്പെടുന്നു. മഴയില്‍ മാലാഖമാരിറങ്ങുന്നു എന്ന ചെറുകഥ ഒ വി വിജയന്റെ മനോഹരമായ ആമുഖക്കുറിപ്പോടെയാണ് പുറത്തിറങ്ങിയത്. ആ വര്‍ഷം അദ്ദേഹം എഴുതിയ ഒരേയൊരു ആമുഖക്കുറിപ്പാണ് ‘മഴയില്‍ മാലാഖമാരിറങ്ങുന്നു’ എന്ന തന്റെ ചെറുകഥയ്ക്കുള്ളതെന്ന് വി ടി നന്ദന് ഓര്‍ക്കുന്നു.
സ്മാര്‍ത്ത വിചാരം എന്ന വാക്കിന്റെ ഉത്ഭവം ഉണ്ടായിരിക്കുന്നത് കുറിയേടത്ത് താത്രിയിലൂടെയാണെന്ന് കരുതിയാലും അത്ഭുതപ്പെടാനില്ല. ചരിത്രത്തില്‍ ഭാവനയും സാഹിത്യവും കൂടിക്കുഴഞ്ഞ നോവല്‍. വി ടി നന്ദന് എഴുതിയ കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്ത വിചാരത്തെ പരിചയമില്ലാത്ത മലയാളികള്‍ ചുരുക്കം. ലൈംഗിക കാമനകളുടെ രസാനുഭൂതിയെ ആസ്വദിക്കാം എന്നു കരുതി നോവല്‍ വായനയില്‍ ചേര്‍ത്തെങ്കില്‍ തെറ്റി. ലൈംഗിക കാമനകളുടെ അമിതമായ കടന്നുകയറ്റം നോവലില്‍ പ്രകടമല്ല. താത്രിയുടെ ഏകാന്ത ജീവിതത്തെയും അവള് അനുഭവിക്കേണ്ടി വന്ന കാടത്തങ്ങളെയും ഒരു സമൂഹത്തിന്റെയും അതിനുള്ളിലെ പുരുഷാധിപത്യത്തിന്റെയും പേക്കൂത്തുകളെ വളരെ കൃത്യമായി നോവലില്‍ അടയാളപ്പെടുത്തുന്നു. ചരിത്രത്തിന്റെ ആഖ്യാനമികവ് കൊണ്ടും വ്യത്യസ്തമാണ് കുറിയേടത്ത് താത്രി.
സര്‍വ്വ ജീവജാലങ്ങളിലും പ്രകടമായതും എന്നാല്‍ അദൃശ്യവുമായ പ്രണയമുണ്ടെന്ന് തെളിയിക്കുന്ന നോവല്‍ ‘ഭൂമിയില്‍ പ്രേമമുള്ള കാലം വരെ’ എഴുത്തുകാരന്റെ സംഭാവനയാണ്. പ്രകൃതിയില്‍ ഒളിഞ്ഞിരിക്കുന്നതും നമ്മള് കാണാതെ പോകുന്നതുമായ ജീവന്റെ തുടിപ്പുകളെയും പ്രണയത്തെയും തൊട്ടറിയുന്ന നോവലാണ് ഭൂമിയില്‍ പ്രേമമുള്ള കാലം വരെ. സ്ത്രീ, സംസ്കാരം, പ്രണയം തുടങ്ങി മനുഷ്യരിലൂടെ സമുദ്രവും ഗിരിയും തമ്മിലുള്ള ബന്ധത്തെയും സമുദ്രവും ഗിരിയും തമ്മിലുള്ള ആ ബന്ധത്തില്‍ നിന്നാണ് പുഴയുണ്ടാകുന്നതെന്നും പുഴ വറ്റുമ്പോള്‍ പ്രണയം അവസാനിക്കുന്നു എന്ന ആശയത്തെയും മനുഷ്യജീവിതവുമായി ബന്ധപ്പെടുത്തുന്നതാണ് ഇതിലെ പ്രമേയം. ഹനുമാന് കഥാപാത്രമായി രംഗപ്രവേശം ചെയ്യുന്ന പൊളിറ്റിക്കല്‍ സറ്റയറാണ് മറ്റൊരു നോവലായ ഹനുമാനസം.
നോവലുകള്‍ക്കും ചെറുകഥകള്ക്കുമൊപ്പം സമൂഹത്തോട് ചലച്ചിത്ര ഭാഷയിലും ഇടപെട്ടിട്ടുണ്ട്, വി ടി നന്ദന്. നിരവധി ഡോക്യുമെന്ററികള്‍ക്ക് വേണ്ടി തിരക്കഥ എഴുതി. ആധുനിക കലയായി തോല്‍പ്പാവക്കൂത്ത് രംഗപ്രവേശം ചെയ്യുന്നത് പാരമ്പര്യാനുസൃതമായി ചെയ്തു പോന്നിരുന്ന വിഷയ സ്വീകാര്യതയില്‍ നിന്നും വ്യതിചലിച്ചു കൊണ്ടാണ്. വി ടി നന്ദന് രചിച്ച ഒന്നേകാല്‍ മണിക്കൂറോളമുള്ള തോല്‍പ്പാവ സ്ക്രിപ്റ്റായിരുന്നു ഗാന്ധിക്കൂത്ത്. ഗാന്ധിക്കൂത്തില് സ്വാതന്ത്ര്യസമരത്തെക്കുറിച്ചും പ്രധാനമായും ഗാന്ധിജിയുടെ ജീവിതത്തിന്റെ അവസാന ദിവസത്തെക്കുറിച്ചും പ്രതിപാദിക്കുന്നു. ഇതേ തിരക്കഥ പിന്നീട് നാടകമായും കഥാപ്രസംഗമായും ഉപയോഗിച്ചിട്ടുണ്ട്. രാമായണകഥയെ അടിസ്ഥാനമാക്കി പരമ്പരാഗതമായി പാവക്കൂത്ത് ചെയ്തു കൊണ്ടിരുന്ന പാവക്കൂത്തുകാരാണ് പല സ്ഥലങ്ങളിലും സ്റ്റേജ് ഷോയായി ഗാന്ധിക്കൂത്ത് അവതരിപ്പിച്ചിട്ടുള്ളത്.
കലാകാരന്മാര് മരണാനന്തരം ഓര്‍ക്കപ്പെടേണ്ട സ്മാരകമായി മാറുന്നത് അവര്‍ അവസാന നാളുകളില്‍ ചിലവഴിച്ച ദേശത്തെയും സ്ഥാപനങ്ങളെയും വീടും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് ചരിത്രം നമുക്ക് എക്കാലത്തും ബോധ്യപ്പെടുത്തി തന്നിട്ടുള്ളത്. എന്നാല്‍ അവരെ പ്രധാനമായും ഓര്‍ക്കേണ്ടത് അവരുടെ സൃഷ്ടികളിലൂടെയാണ് എന്ന് തിരുത്തപ്പെടേണ്ടിയിരിക്കുന്നു. കെ ജി ജോര്‍ജ്ജ് സംവിധാനം ചെയ്തു വി ടി നന്ദന് തിരക്കഥ എഴുതിയ മഹാകവി വള്ളത്തോളിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ അദ്ദേഹത്തിന്റെ ജീവിതപരിസരങ്ങളെ മാത്രമല്ല, കൃതികളെയും പ്രതിനിധാനം ചെയ്യുന്നു. കൂടാതെ മലയാള ഭാഷയ്ക്ക് മികച്ച സംഭവനകള്‍ നല്‍കിയിട്ടുള്ള നിഘണ്ടുകാരനും വാഗ്മിയും ഭാഷാചരിത്രഗവേഷകനുമായ ശൂരനാട് കുഞ്ഞന്പിള്ളയെക്കുറിച്ചുള്ള ‘ഒരു സ്വര്‍ണ്ണ നാണയത്തിന്റെ കഥ’ എന്ന പേരില്‍ ഇറങ്ങിയ ഡോക്യുമെന്ററിയും മലയാള സാഹിത്യത്തിലെ പ്രതിഭാധനനായ സാനുമാഷെക്കുറിച്ചുള്ള ‘സാനുമാഷ്’ എന്ന പേരില്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററിയും ശ്രദ്ധേയമായിരുന്നു.
കുറിയേടത്ത് താത്രിയുടെ പുതിയ പതിപ്പുകള്‍ ഇറങ്ങുമ്പോള്‍ ചരിത്രത്തെ വീണ്ടും വീണ്ടും തൊട്ട് നോക്കുവാന്‍ കഴിയുന്നു. ഗാന്ധിജി അടക്കമുള്ള സ്വാതന്ത്യത്തിന് വേണ്ടി പോരാടിയ മഹാത്മാക്കള്‍ തിരശീലയ്ക്കു പിന്നിലേക്ക് ചരിത്രത്തില്‍ നിന്ന് തഴയപ്പെടുമ്പോള്‍ ഗാന്ധിക്കൂത്തിന് പ്രസക്തിയുണ്ട്. സ്വാതന്ത്ര്യസമരത്തെക്കുറിച്ച് ഗാന്ധിജിയെക്കുറിച്ച് വീണ്ടും വീണ്ടും പറയേണ്ടി വരുന്ന ഒരു കാലത്തെ സൃഷ്ടിക്കേണ്ടിയിരിക്കുന്നു, ഇപ്പോള്‍. ചരിത്രം തിരസ്കരിക്കപ്പെടുമ്പോള്‍ ചരിത്രത്തെക്കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കും.