മരിച്ചവരുടെ മുറി
ശൂന്യമാണ്,
ജീവൻ നഷ്ടപ്പെട്ടവരുടെ
ഓർമ്മകൾ, ചിരി,
എല്ലാം മരിച്ചുകഴിഞ്ഞിരിക്കുന്നു
ചുവരുകൾ ഇപ്പോൾ
നഗ്നവും നിശബ്ദവുമാണ്
ഇനി കഥകളില്ല, ശബ്ദമില്ല
അവരുപയോഗിച്ചിരുന്ന
മുറിയിലെ അലമാരകസേരകട്ടിൽ
എല്ലാം ദൂരേക്ക് മാറ്റിയിരിക്കുന്നു
ചിത്രങ്ങളും പുസ്തകങ്ങളും
മഷിയും പേനകളും വർണ്ണചിത്രങ്ങളും
എല്ലാം എടുത്തുമാറ്റിയിരിക്കുന്നു
പതുപതുത്ത കിടക്ക,
മാർദ്ദവമുള്ള തലയിണകൾ,
മണം തങ്ങിനിന്നിരുന്ന പുതപ്പ്,
എല്ലാം പുറന്തള്ളിയിരിക്കുന്നു
ഒരിക്കൽ സുഖമായിരുന്നൊരു
ജീവിതത്തിന്റെ
ഓർമ്മപ്പെടുത്തലുകളുടെ
വാതിൽ അടച്ചിരിക്കുന്നു,
ജനാലകൾ അടച്ചിരിക്കുന്നു.
മുറിയിലേക്ക് സന്ദർശകരില്ല,
ഒരിക്കൽ തിരക്കുണ്ടായിരുന്ന
ശബ്ദമുഖരിതമായ മുറി
ഇപ്പോൾ ശൂന്യവും നിശ്ചലവുമാണ്
മരിച്ചതോടെ എന്നേക്കും നിശ്ചലമായിരിക്കുന്നു
അതെ മുറിയിലിപ്പോൾ
നിശബ്ദതയും തണുപ്പും കുടിയേറിയിരിക്കുന്നു
മരിച്ചവരുടെ മുറിയെപ്പോഴും
കുറച്ചുകാലം വരെ
അങ്ങിനെയൊക്കെതന്നെയാണ്.
അതുകഴിഞ്ഞാൽ
മരിച്ചവരുടെ വിലപ്പെട്ടവമാത്രം
കൈയ്യടക്കി
മരിച്ചവരുടെ ഓർമ്മപോലും
അവശേഷിക്കാതെ
മുറി വെള്ളപൂശും
കുടിയേറി പാർക്കും അവിടെ.
പിന്നേയും മരണക്കളി തുടരും
അവരുടെയും മരണശേഷം
മരിച്ചവരുടെ മുറി
പിന്നേയും…
തനിയാവർത്തനങ്ങൾ
തുടരും