പ്രിയപ്പെട്ട സാറാ തോമസിന് അന്ത്യപ്രണാമം…!
മലയാള സാഹിത്യത്തെ സമ്പുഷ്ടമാക്കിയ എഴുത്തുകാരി സാറാ തോമസ് വിടവാങ്ങിയിരിക്കുന്നു. 2023 മാർച്ച് 31നു ആ ദീപനാളം അണഞ്ഞു . സംസ്കാരം ഇന്ന് (1.02.2023) പാറ്റൂർ മാർത്തോമാ പള്ളി സെമിത്തേരിയിൽ നടന്നു. ശക്തമായ നോവലുകളിലൂടെ വായനക്കാരിൽ ചിരപ്രതിഷ്ഠനേടിയ എഴുത്തുകാരിയുടെയും കഥാപാത്രങ്ങളുടെയും രചനകളുടെയും ദീപ്തമായ ഓർമകളിലൂടെ…
കൗമാരത്തിൽ നാർമടിപ്പുടവ പോലെ ഇത്രയും ഭ്രാന്തമായി ഒരു നോവലിനെയും ഞാൻ സ്നേഹിച്ചിട്ടില്ല. ഇത്രയും ക്രൂരമായി ഒരു നോവലിലെയും കഥാപാത്രങ്ങളെന്നെ ആവേശിച്ചിട്ടില്ല. സാറാ തോമസിന്റെ നാർമടിപ്പുടവയും ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും എം മുകുന്ദന്റെ ആദിത്യനും രാധയും മറ്റു ചിലരും പോലെ ഒരു നോവലുമെന്നെ കരയിച്ചിട്ടില്ല. എനിക്ക് അതെല്ലാം എന്നെ ഒറ്റപ്പെടുത്തിയ മാറ്റൊലിക്കവിതകളായിരുന്നു.
എന്റെ കൗമാരകാല വായനയിലൂടെ പലവട്ടം നടന്നുതീർത്ത വഴികളായിരുന്നു നാർമടിപ്പുടവയിലെ ഇടുങ്ങിയ തെരുവുവീഥികൾ. തിരുവനന്തപുരം ജില്ലയിലെ കിഴക്കേകോട്ടയിലെ ആകാശം മുട്ടെ വളർന്നു പന്തലിച്ച വമ്പൻ കോട്ടമതിലുകൾക്ക് മുന്നിൽ എന്റെ കൗമാരം ഒറ്റയ്ക്ക് ശ്വാസം മുട്ടി നിന്നിട്ടുണ്ട്. നാർമടിപ്പുടവയിലൂടെ വെളിപ്പെട്ട തമിഴ്ബ്രാഹ്മണരായ സ്ത്രീജീവിതങ്ങൾക്കു ചുറ്റുമുള്ള മതിലുകൾക്ക് ഡ്രാക്കുളക്കോട്ടയുടെ മുഖാവരണമായിരുന്നു, എന്റെ സങ്കല്പത്തിൽ.
തീപ്പെട്ടിക്കൂടുകൾ പോലെ നിരന്നുനിന്ന വീടുകളിലൊന്നിലെ കുട്ടിയെപ്പോലെ നാർമടിപ്പുടവയുടെ അക്ഷരങ്ങൾക്കിടയിലൂടെ വരികൾക്കിടയിലൂടെ നടന്നും തളർന്നുമിരുന്നുപോയ എന്റെ കുട്ടിക്കാലത്തെ വായനയുടെ നാൾവഴികളെയാണ് സാറാ തോമസിന്റെ വിടവാങ്ങൽ ഓർമ്മിപ്പിക്കുന്നത്. പതിനാറാം വയസ്സിൽ കനകാംബാളിന്റെ ജീവിതത്തിൽ അന്ധവിശ്വാസത്തിന്റെ അർബുദം ബാധിച്ചപ്പോൾ എന്റെ കുട്ടിക്കാലം അവരെക്കുറിച്ചുള്ള നിരന്തരമായ വായനയിലൂടെ ശസ്ത്രക്രിയ ചെയ്ത് ആ ജീവിതം തട്ടിപ്പറിച്ചെടുത്തു, മനസ്സിൽ സ്വന്തമാക്കി. നോവലിന്റെ അവസാന ഭാഗത്തെത്തിയപ്പോൾ തീപ്പൊരി പാറുന്നൊരു നട്ടുച്ചയിൽ ആചാരവേലിക്കെട്ടുകൾക്കപ്പുറത്തേക്ക് ഞാനും കനകാംബാളും കൈപിടിച്ചോടി.
എക്കാലത്തും ചർച്ചചെയ്യപ്പെടേണ്ട ‘ദൈവമക്കളി’ൽ മതപരിവർത്തനം ചെയ്ത അരികുവത്ക്കരിക്കപ്പെട്ട ദളിത് ജീവിതങ്ങളാണ് പ്രമേയം. മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിയായി എത്തുന്ന കുഞ്ഞിക്കണ്ണനാണു പ്രധാന കഥാപാത്രം. അസമത്വത്തെ ചൂണ്ടിക്കാട്ടുന്ന കഥാപാത്രമാണ് ഈ നോവലിലെ കുഞ്ഞിക്കണ്ണൻ. കുഞ്ഞിക്കണ്ണനും കുഞ്ഞാപ്പിയും അനുഭവിക്കുന്ന പാർശ്വവത്ക്കരണത്തിന്റെ മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല. ദളിത് ജീവിതങ്ങളിൽ അവയിപ്പോഴും വാർന്ന് കിടക്കുന്നു, മുറിപ്പെട്ടു കൊണ്ടിരിക്കുന്നു, രക്തംനിലയ്ക്കുന്നതേയില്ല. ആൾക്കൂട്ടവിചാരണയുടെ ബലിമൃഗങ്ങളായവർ മാറ്റപ്പെട്ടിരിക്കുന്നു, വിശപ്പിന്റെ പേരിൽ, മോഷണത്തിന്റെ പേരിൽ, തൊട്ടുകൂടായ്മയുടെ പേരിൽ. ആളുകൾ മാറുന്നുണ്ട്, കാലവും മാറുന്നുണ്ട്. പക്ഷെ പുതിയ പേരുകളിൽ, രൂപങ്ങളിൽ, ഭാവങ്ങളിൽ പഴയതിന്റെ തനിയാവർത്തനം മാത്രം!
പൂർണത നേടുന്ന ഒരു സമൂഹജീവിയുമില്ല, ഉലകത്തിൽ. ജീവിതത്തിൽ എഴുത്ത് വിലക്കപ്പെട്ട ബാല്യ- കൗമാര കാലത്തെക്കുറിച്ചോർത്ത് സാറാ തോമസ് പലപ്പോഴായി കുണ്ഠിതപ്പെട്ടിട്ടുണ്ട്, പിൽക്കാലത്ത്. വീട് പുസ്തകങ്ങളാൽ സമൃദ്ധമായിരുന്നു. അതിനാൽ തന്നെ വായന അനുസ്യൂതം നടന്നു പോരുകയും ചെയ്തു. വായനയെ പ്രോത്സാഹിപ്പിച്ചിരുന്ന അപ്പൻ പക്ഷെ എഴുത്തിൽ നിന്നും സാറാ തോമസിനെ നിരുത്സാഹപ്പെടുത്തി.
വളരെക്കാലത്തേക്ക് നിലച്ചു പോയ സാറാ തോമസിന്റെ എഴുത്തുജീവിതം സജീവമാകുന്നത് 1968 ലാണ്, മുപ്പത്തിനാലാമത്തെ വയസ്സിൽ. സഹൃദയനായ ഭർത്താവ് ഡോക്ടർ തോമസ് സക്കറിയ കൂടെ നിന്നു. അങ്ങനെ സാഹിത്യജീവിതത്തിൽ വഴിത്തിരുവുണ്ടാക്കിക്കൊണ്ട് ആദ്യ നോവലായ ‘ജീവിതമെന്ന നദി ‘ പിറന്നു. ഇരുത്തം വന്ന ശക്തയായ എഴുത്തുകാരിയിതാ മലയാളത്തിൽ എന്ന് അവരുടെ പിന്നീടിറങ്ങിയ നോവലുകൾ ലോകത്തോട് വിളിച്ചു പറഞ്ഞു.
പ്രബലമായ ഭാഷ, സൂക്ഷമവും സ്ഥൂലവുമായ പ്രമേയം, ചരിത്രനിദാനമായ ജീവിതസ്ഥലികൾ, നമ്മുടെ ജീവിതത്തിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുന്ന, അല്ലെങ്കിൽ നാം തന്ന പലപ്പോഴായി നിരവധി സ്വത്വത്തിലൂടെ സ്വയം അവതരിക്കപ്പെടേണ്ടി വരുന്ന കഥാപാത്രങ്ങൾ, 1947- കളിൽ ഭാരതം സ്വതന്ത്ര്യമായപ്പൊഴും കാലങ്ങളായി അരാജകത്വത്തിൽ നിന്നും മുക്തിനേടാത്ത ജനവിഭാഗങ്ങളുടെ കാലം, വ്യതിരക്തമായ ജീവിതസംഘർഷങ്ങൾ, മാനസിക സങ്കീർണ്ണതകൾ, അവനവനോടുള്ള നിശബ്ദപോരാട്ടങ്ങൾ… അങ്ങനെ സാറാതോമസിന്റെ നോവലുകളിൽ കഥകളിൽ മിക്കതും ചരിത്രത്തിന്റെകൂടി ഏടായി മാറ്റപ്പെട്ടു.
‘ജീവിതമെന്ന നദി’ക്ക് ശേഷം വിരലിലെണ്ണിയാൽ ഒടുങ്ങാത്ത നോവലുകൾ, കഥകൾ പിറന്നു. ദൈവമക്കൾ ‘(1982), ‘നാര്‍മടിപ്പുടവ'(1978), മുറിപ്പാടുകൾ (1971), ആ മനുഷ്യൻ നീ തന്നെ (1973),പവിഴമുത്ത് (1972),വലക്കാർ (1994), അർച്ചന (1977), തുടങ്ങി നോവലുകളും കഥകളും ശ്രദ്ധേയമായി. 1979ൽ നാർമടിപ്പുടവ’യെത്തേടി കേരള സാഹിത്യ അക്കാദമി അവാർഡ് എത്തിയപ്പോൾ പവിഴമുത്തും മുറിപ്പാടുകളും (മണിമുഴക്കം) അസ്തമയവും ചലച്ചിത്രങ്ങളായി വെള്ളിത്തിരയിൽ ജീവൻ വെച്ചു.
സാറാ തോമസിന്റെ നോവലുകളിലെയും കഥകളിലെയും കഥാപാത്രങ്ങൾ സാറാ തോമസിനെക്കാൾ വളർന്നു. സാധാരണമെന്ന് പറഞ്ഞു നടന്നിരുന്ന അതേ കാലത്ത് അസാധാരണമെന്ന് തോന്നിപ്പിക്കും വിധം അടയാളപ്പെടുത്തുന്ന മാസ്റ്റർപീസുകളാണ് നാർമടിപ്പുടവയും ദൈവമക്കളും. അടിച്ചമർത്തപ്പെട്ട സ്ത്രീകളെയും ദളിതുകളെയും ചേർത്ത് നിർത്തിയ നോവലുകൾ. അവരെല്ലാം വായനക്കാരുടെ ഹൃദയങ്ങളിൽ സ്വസ്ഥവിഹാരം നടത്തി.
സാഹിത്യവുമായി ബന്ധപ്പെട്ട് പുറത്ത് അരങ്ങേറുന്ന വർണ്ണാഭമായ പൊലിമകളെയവർ നിസ്സംഗയായി നോക്കിക്കണ്ടു. അർഹതപ്പെട്ട അംഗീകാരങ്ങൾ തന്നെ തേടി വന്നുകഴിഞ്ഞതാണെന്ന ഉത്തമബോധം തനിക്കുണ്ടെന്നു ഉറച്ച ശബ്ദത്തിൽ പറയുന്ന എഴുത്തുകാരിയായിരുന്നു സാറാ തോമസ്. സാഹിത്യസംബന്ധിയായ ആഘോഷങ്ങൾ നടക്കുമ്പോൾ പരിഗണനകൾക്ക് വേണ്ടി ടൈം ലൈനിൽ സജീവമാകുവാൻ അവർ മെനക്കെട്ടില്ല. ജീവിതത്തെയും എഴുത്തിനെയും അത്രയും ലാളിത്യത്തോടെയവർ നോക്കിക്കണ്ടു, സ്വസ്ഥയായി… ശാന്തയായി.
ഒരിക്കൽക്കൂടി….
നോവലുകളിലെ കഥാപാത്രങ്ങളിലൂടെ ചങ്ങാത്തം കൂടിയ, വ്യക്തിപരമായി പരസ്പരം തമ്മിലറിയാത്ത പ്രിയസ്നേഹിതയ്ക്ക് അന്ത്യപ്രണാമം…!
മനസ്സിൽ കനകാംബാൾ വിടവാങ്ങിയെന്ന് ആരോ ഇരുന്ന് ഉരുവിടും പോലെ…!
Photo & Image courtesy : Mathrubhumi online, The Hindu & DC Books