ബഹളമയമായിരുന്നു മരണവീട് . ഉച്ചത്തിലും സ്വകാര്യമായും ആളുകൾ കൂട്ടം ചേർന്നും ഒറ്റതിരിഞ്ഞും നടത്തുന്ന ചർച്ചകൾ. കരയാത്ത നിലവിളികൾ… മൊബൈൽ ഫോണുകളുടെ ഔചിത്യമില്ലാത്ത രാഗവിസ്താരങ്ങൾ…
വിദേശത്തുള്ള മകനും കുടുംബവും എത്തുന്നത് വരെ ശീതീകരിച്ച പെട്ടിയിൽ കമലാക്ഷൻ മാഷക്ക് വിശ്രമിക്കാം. ജീവിച്ചിരിക്കുമ്പോൾ വിശ്രമമെന്താണെന്നറിയാത്ത മനുഷ്യനായിരുന്നു കമലാക്ഷൻ മാഷ്. നിറഞ്ഞ കൃഷിക്കാരൻ. ലിറ്റർകണക്കിന് കറവയുള്ള പശുക്കൾ. സാംസ്കാരികരംഗത്തെ നിറസാന്നിദ്ധ്യം.
റേഷൻകാർഡുമായി അരി വാങ്ങാനിറങ്ങിയ കമലാക്ഷൻമാഷ് ഗേറ്റിനടുത്ത് കുഴഞ്ഞ് വീണത് തീരേ പ്രതീക്ഷിക്കാതെയാണ്. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയിൽവെച്ച് തന്നെ മാഷ് മരണത്തിലേക്ക് ……
ഒട്ടും വിശ്വാസം വരാതെ അയൽക്കാരും ബന്ധുക്കളും പകച്ച് നിന്നു. സംസ്കാരച്ചടങ്ങുകൾ നടത്താൻ പലവിധ ഓഫറുകളുമായ് നാട്ടിലെ പേരുകേട്ട സ്ഥാപനങ്ങൾ ഫോണിലും നേരിട്ടെത്തിയും. കാര്യങ്ങൾ വൃത്തിയായി നടത്താമെന്ന വാഗ്ദാനങ്ങൾ..
സംസ്കാരച്ചടങ്ങുകൾ നടത്തുന്നതിന്റെ വിവിധതരം കളർ ഫോട്ടോകൾ തെളിവായ്…. ഇത്തരം സ്ഥാപനങ്ങൾ തമ്മിലും കടുത്ത മത്സരമാണിപ്പോൾ. മരണം കാത്തിരിക്കുന്ന കഴുകുകളെപ്പോലെ ….
മാഷിന്റെ ഭാര്യ തളർന്ന് കിടക്കുന്നതിനാൽ കാര്യങ്ങൾക്ക് അവസാന തീരുമാനമെടുക്കാൻ ഏകമകൻ അനിലൻ എത്തേണ്ടിവരും എന്നതാണ് ഇപ്പഴത്തെ അവസ്ഥ.
നാളെ കാലത്ത് അഞ്ചുമണിക്കുള്ള ഫ്ളൈറ്റിൽ അവൻ കണ്ണൂരിലെത്തും. പിന്നെ ഏറിയാൽ ഒന്നരമണിക്കൂർ ……
കട്ടൻ ചായയും രാഷ്ട്രീയ സാമൂഹ്യ ചർച്ചകളും. രാവിനെ പകലാക്കിക്കൊണ്ട് മരണവീട് ഉറങ്ങാതെ തെയ്യാട്ടമാടി …..
രാത്രിഏറെവൈകിയാണ് തളർന്ന് കിടന്ന കമലാക്ഷൻ മാഷിന്റെ ഭാര്യ ലക്ഷ്മിടീച്ചർ കിടന്നിടത്ത് നിന്ന് ഏഴുന്നേറ്റത്. അവർ കിടപ്പുമുറിയിലെ ഷെൽഫ് തുറന്ന് ഒരു മുദ്രപത്രം പുറത്തെടുത്ത്കൊണ്ടുവന്നു.
അതിൽഎഴുതിയതിങ്ങനെ:
‘എന്റെ മരണശേഷം ഭൗതികശരീരം കുട്ടികൾക്ക് പഠിക്കാനായ് നൽകുമെന്ന് തീരുമാനിക്കുന്നു. എന്റെ തീരുമാനം നടപ്പാക്കാൻ ഭാര്യയേയും മകനേയും ഇതിനാൽ ചുമതലപ്പെടുത്തുന്നു’
തൊടിക്കളത്തിൽ കമലാക്ഷൻ
പേരിനടിയിൽ കമലാക്ഷൻ മാഷിന്റെ മനോഹരമായ കയ്യൊപ്പും.
അധികാരപത്രം വായിച്ച് ബന്ധുക്കളും നാട്ടുകാരും അന്വോന്യം നോക്കി. എന്നാൽ കമലാക്ഷൻ മാഷിന്റെ ഭാര്യ ലക്ഷ്മി ടീച്ചർക്ക് അതിൽ പ്രത്യേകിച്ചൊന്നും തോന്നിയില്ല.
നാളെ മകനും കുടുംബവും വന്ന്കണ്ടതിന് ശേഷം കമലാക്ഷൻ മാഷിന്റെ ഭൗതികശരീരം മെഡിക്കൽ കോളജിലേക്ക്……..
ഇനിയുള്ള കാലം ശീതീകരിച്ച പെട്ടിയിലെ സ്പിരിറ്റിൽ കമലാക്ഷൻ മാഷ് ഒരു ജലമത്സ്യത്തെപ്പോലെ ……
ചടങ്ങുകൾ നടത്താനെത്തിയവർ ഇരയെ നഷ്ടപ്പെട്ട വേട്ടക്കാരനെപ്പോലെ നിരാശരായി വന്നവഴിയേ …..
അപ്പോൾ കുളിച്ചൊരുങ്ങി യാത്ര പുറപ്പെടാനെന്ന പോലെ കമാലാക്ഷൻ മാഷ് ശീതീകരിച്ച ഗ്ലാസ് കവറുള്ള സുതാര്യമായ പെട്ടിക്കകത്ത് നീണ്ട് നിവർന്ന് മകന്റെ വരവും കാത്ത്……!