ഭയങ്കരാമുടി, മുടിപ്പേച്ച് എന്നീ നോവൽ സീരീസിലെ മൂന്നാമത്തെ നോവലാണ് ശ്രീ രവിവർമ തമ്പുരാന്റെ ‘ഇരുമുടി’ . സമൂഹത്തെ കീഴടക്കിക്കഴിഞ്ഞ മത തീവ്രവാദം, സ്വസ്ഥമല്ലാത്ത ജനജീവിതം, അർത്ഥശൂന്യമായ സാഹിത്യമെഴുത്തുകൾ, പരസ്പരം കൊന്നൊടുക്കാൻ തയ്യാറെടുത്തു രക്തദാഹവുമായി നിൽക്കുന്ന ഗുണ്ടാക്കൂട്ടങ്ങൾ, ലഹരിക്കടിമപ്പെടൽ, വഞ്ചിക്കുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്ന ആത്മീയ സംവിധാനം, നരബലി, ചതിക്കാൻ വേണ്ടി മാത്രമുള്ള പ്രണയങ്ങൾ, ശിഥിലമാകുന്ന കുടുംബസംവിധാനം, പണത്തിന്റെ മണവും രുചിയും തെരയുന്ന മനുഷ്യർ…… എന്നുവേണ്ട സർവ്വത്ര അരാജകത്വം വിളയാടുന്ന, ഒരു അഗ്നിപർവ്വതം പോലെ പൊട്ടിത്തെറിക്കാൻ വെമ്പി നിൽക്കുന്ന ഒരു സമൂഹത്തിൽ നന്മയുടെ വിത്തുകൾ വിതയ്ക്കുന്ന, മതസാഹോദര്യത്തിനു മാതൃകയായ ഒരു സംഘത്തെ (ചിപ് മൂവ്മെന്റ് ) വിഭാവനം ചെയ്യുന്നു എഴുത്തുകാരൻ. മതജീവിതമുണ്ടാക്കുന്ന സംഘർഷങ്ങൾക്ക് പ്രതിവിധി കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നത് എങ്ങനെ എന്ന് നോവൽ വായനയിൽ വ്യക്തമാകും.
ആരോടും യുദ്ധത്തിന് പോവാതെ, സ്വയം പ്രതിരോധം എന്ന തന്ത്രമാണ് സ്വായത്തമാക്കേണ്ടത്. ഇതിനുള്ള മാർഗം തെരയുകയാണ് ‘ഇരുമുടി’യിൽ. അങ്ങനെ ധർമ്മശാസ്താവായ ശ്രീ അയ്യപ്പനിൽ ആശ്രയം തേടുകയും ധർമ്മ പ്രചരണം അനിവാര്യമാണെന്ന് കണ്ടെത്തുകയും ചെയ്യുന്നു. കേട്ടുപതിഞ്ഞ കഥകളല്ല, മറിച്ച് ഇതുവരെ നിഗൂഢമായിരുന്ന ചില അയ്യപ്പചരിത്രങ്ങളും ‘ഇരുമുടി’ അനാവരണം ചെയ്യുന്നു.
ഈ നോവലിൽ എഴുത്തുകാരന്റെ ക്ഷോഭവും സന്തോഷവും ശുഭാപ്തിവിശ്വാസവും കാണാൻ സാധിക്കും. വളർന്നുവരുന്ന തിന്മയ്ക്ക് അറുതി വരുത്താനുള്ള ഉപായം കാണുക, അധർമ്മത്തിന്റെ ശത്രുക്കളെ നാട്ടിലല്ല, കാട്ടിലായാലും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ ഒരു മൂന്നാം നവോത്ഥാനത്തിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു ഈ നോവൽ.
മുടി ഒന്ന്, മുടി രണ്ട്, കെട്ടുമുറുക്ക് എന്നീ മൂന്ന് ഭാഗങ്ങളായിട്ടാണ് കഥ പുരോഗമിക്കുന്നത്.
ഒന്നാം മുടിയിൽ ശ്രീ അയ്യപ്പനെ അവതരിപ്പിക്കുന്നത്, ആയോധന വിദ്യകളിൽ അഗ്രഗണ്യനായ ഒരു യോദ്ധാവായിട്ടും അത്ഭുത വിദ്യകളുള്ള കുമാരനായിട്ടുമാണ്. കൊടുംകാട്ടിൽ ഗുഹയിൽ ജീവിച്ച അദ്ദേഹവുമായി അടുത്ത് ബന്ധം പുലർത്തിയ പലരുടെയും പുനർജന്മങ്ങളാണ് നോവലിലെ വിവിധ കഥാപാത്രങ്ങൾ.
രണ്ടാം മുടിയിൽ പുരുഷനെ പൂർണ്ണനാക്കുന്ന, പൂർണ്ണനെ ദ്വിജനാക്കുന്ന, ദ്വിജനെ അദ്വൈതനാക്കുന്ന അറിവിന്റെ മഹാസാഗരമായിട്ടാണ് അയ്യപ്പനെ നാം കാണുന്നത്. യോഗ വിദ്യയുടെ നിഗൂഢമായ ചില ദുർഗമങ്ങളിലൂടെ കയറിയിറങ്ങി അതിന്റെ സത്തും ചിത്തും ആനന്ദവും മനസ്സിലാക്കിയതോടെ അറിവുകളുടെയും അനുഭവത്തിന്റെയും ആഴങ്ങൾ അലയടിക്കുന്ന കടലിലെ മൈനാകപർവതം പോലെ വളർന്ന അയ്യപ്പനെ.
ഭയങ്കരാമുടി മൂപ്പന്റെ കെട്ടുമുറുക്കാണ് അവസാന ഭാഗം.
അന്നു രാത്രി മൂപ്പൻ ഡയറിയിൽ എഴുതി..
“നമ്മുടെ നാടിന് ഇപ്പോൾ അത്യാവശ്യം സുസ്ഥിരജീവിതം നയിക്കുന്ന ഒരു സമൂഹമാണ്. സ്വാസ്ഥ്യം,സമാധാനം,സ്നേഹം ഐശ്വര്യം എന്നിവ ചേരുന്നതാണ് സുസ്ഥിര ജീവിതം. അതു നടത്തിക്കൊടുക്കാനുള്ള മാർഗദർശികൾ ആയി ചിപ് മൂവ്മെന്റിനെ നിയോഗിക്കാം. ഭയങ്കരാമുടിയിൽ പലയിടത്തായി അവർ ആരംഭിച്ച കുറേ കളരികൾ ഉണ്ട്. ഒരു വർഷം കൊണ്ട് അത് ഇരട്ടിയാക്കണം. പയറ്റും യോഗയും അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തുന്ന, മനസ്സിനും ശരീരത്തിനും ആരോഗ്യമുള്ളവരെ രൂപപ്പെടുത്തുന്ന പാഠശാലകളായിരിക്കണം ഓരോ കളരിയും. ഒരു കളരി തുടങ്ങിയാൽ ഒരു ആശുപത്രി പൂട്ടാം. ചിപ്പ് മൂവ്മെന്റ് ഒരു മതത്തെയും നിഷേധിക്കുന്നില്ല. ഒരു മതത്തെയും സ്വീകരിക്കുന്നുമില്ല. സർവ്വധർമ്മ സമന്വയത്തിൽ ആണ് അതിന്റെ വേര്. മതജീവിതം ഉണ്ടാക്കുന്ന കുഴപ്പങ്ങൾക്കുള്ള ചികിത്സ കൂടിയാണ് ചിപ് മൂവ്മെന്റ്. മനസ്സിൽ സ്വാസ്ഥ്യത്തിന്റെ ചിപ് അണിയുന്ന മനുഷ്യരുടെ സമൂഹമായി മാറണം എന്റെ ഭയങ്കരാമുടി….”
വർത്തമാനകാല കേരളം ഇന്നു നേരിടുന്ന പല സങ്കീർണ പ്രശ്നങ്ങൾക്കും ഉത്തരം അയ്യപ്പ ധർമ്മമാണെന്ന തോന്നലാണ് ഇങ്ങനെ ഒരു നോവലെഴുതാൻ കാരണം എന്ന് പിൻകുറിപ്പിൽ ശ്രീ.രവിവർമ തമ്പുരാൻ പ്രസ്താവിച്ചിട്ടുണ്ട്. കേരളം ഒരു ‘ഭയങ്കരാമുടി’യാകുമോ എന്ന ആശങ്കയിൽ, ‘ഭയങ്കരാമുടി’ എന്ന രൂപകത്തിലൂടെ ഭാവനയും, മിത്തും, ചരിത്രവും ചേർത്ത് കടഞ്ഞെടുത്ത അമൃതകുംഭം തന്നെയാണ് ‘ഇരുമുടി’ എന്നു പറയാതെ വയ്യ. നോവലെഴുത്തിനു വേണ്ടി ‘ശ്രീഭൂതനാഥ സർവ്വസ്വം’, ‘ശ്രീഭൂതനാഥോപാഖ്യാനം’, ‘ശ്രീഭൂതനാഥഗീത’, ‘അയ്യപ്പഭാഗവതം’, തുടങ്ങി നാല്പതോളം പുസ്തകങ്ങൾ മനനം ചെയ്തു. കൂടാതെ ചരിത്ര പുസ്തകങ്ങളും,നോവലും, ശാസ്താം പാട്ടിന്റെ ഭാഗമായ പാണ്ടിസേവം, പന്തളസേവം, പുലിസേവം തുടങ്ങിയ പാട്ടുകളും, ലേഖനങ്ങളും ഒക്കെ എഴുത്തിന് സഹായകമായിട്ടുണ്ടെന്ന് എഴുത്തുകാരൻ രേഖപ്പെടുത്തുന്നു. അയ്യപ്പധർമ്മം അനുഷ്ഠിക്കാൻ നാം ഓരോരുത്തരും തയ്യാറാകുമ്പോഴാണ് ‘തത്വമസി’യുടെ പൊരുൾ വിളംബരം ചെയ്യപ്പെടുന്നത്.
ലോകത്തിലെ എല്ലാ മനുഷ്യരുടെയും ജാതി മനുഷ്യത്വമാണ് എന്നുറക്കെ പ്രഖ്യാപിക്കുന്നതോടൊപ്പം ആരോഗ്യമുള്ള ശരീരവും മതവിദ്വേഷംതീണ്ടാത്ത മനസ്സുമുള്ള മനുഷ്യരുടെ സമൂഹമായി മാറണം തന്റെ നാട് എന്ന് എഴുത്തുകാരൻ വല്ലാതെ ആഗ്രഹിക്കുന്നു. ‘ചിപ്’ എന്നത് സാങ്കൽപ്പികമാണ്. കാണാനോ തൊടാനോ ആവാത്ത ഒരു കുഞ്ഞു ചിപ്. അത് ഉറപ്പിക്കുന്ന ഉപകരണവും കാണാനോ തൊടാനോ ആകാത്തതാണ്- മനസ്സ്. ലക്ഷ്യം തീരുമാനിച്ച് ഒന്നിച്ചുകൂടുന്ന 41 പേർ പരസ്പര ധാരണയോടെ ആ ചിപ് ധരിച്ചാൽ പിന്നെ ലക്ഷ്യം നിറവേറ്റിയിട്ടേ മറ്റെന്തിനെക്കുറിച്ചും ചിന്തിക്കൂ.
വലിയ ആൾക്കൂട്ടത്തിനിടയിലേക്ക് ചാവേറായി ചെന്ന് പൊട്ടിത്തെറിക്കുന്നതും നിരപരാധികളുടെ നേരെ ബോംബെറിയുന്നതും ജനങ്ങൾ ഒന്നിച്ചു നിൽക്കുന്ന ഇടങ്ങളിലേക്ക് വാഹനങ്ങൾ ഓടിച്ചുകയറ്റുന്നതുമൊക്കെ എന്തു മാനസികാവസ്ഥയുള്ളതുകൊണ്ടാണ്? നിറം, ജാതി, രാഷ്ട്രീയം, സാമ്പത്തികം, ലിംഗം തുടങ്ങി ഭിന്നിപ്പിക്കാൻ ഒട്ടേറെ കാര്യങ്ങൾ ഉള്ളപ്പോൾ ഇന്ത്യാവിരുദ്ധ പോരാട്ടത്തിന് പിന്നിലുള്ളവർക്ക് ജോലി എളുപ്പമാവുകയാണ്. ഇങ്ങനെയുള്ളവരെ പ്രതിരോധിക്കുവാൻ ഒരേ മനസ്സുള്ളവരുടെ ഒരു സംഘം നടത്തുന്ന ശ്രമമാണ് നോവലിന്റെ കാതൽ. അരുന്ധതി, ശ്രുതി,പ്രത്യുഷ്, ഉതുപ്പാൻ, ആസിയ, അൻവർ എന്നീ കഥാപാത്രങ്ങൾ മതമൈത്രിയുടെ പ്രതീകങ്ങളാവുമ്പോൾ പുതിയ ഒരു സാംസ്കാരിക നവോത്ഥാനത്തിന്റെ സന്ദേശവും ഈ നോവൽ തരുന്നുണ്ട്.
ഇരുമുടി
മനോരമ ബുക്സ്
വില 280₹