മടക്കം

മടക്കയാത്രകളെക്കുറിച്ചോർക്കുമ്പോൾ അയാളുടെ നിദ്ര ഇടയ്ക്കു വെച്ചു മുറിയുമായിരുന്നു. ഒറ്റമുറിയുടെ അസ്വാതന്ത്ര്യത്തിലേയ്ക്ക് വീണ്ടുമൊരു മടക്കം ഉണ്ടാകരുതേ എന്നു മോഹിച്ചിട്ടാണയാൾ ഓരോ ലീവിനു അപേക്ഷിക്കുന്നതു തന്നെ. മൂട്ട കുടിച്ചു തീർത്ത രക്തം ശേഖരിച്ചിരുന്നെങ്കിൽ ഒരാളിന്റെ ശരീരത്തിൽ നിറയ്ക്കാനുള്ള അഞ്ചു ലിറ്റർ കാണുമായിരുന്നിരിക്കണം. പുറത്തു മഴ തിമിർത്തു പെയ്യുന്നു, വെള്ളിച്ചില്ലു പോലെ ചിതറി തെറിക്കുന്ന ജലകണങ്ങളിൽ നോക്കി അയാൾ ദൂരെ പൊടിമണലിൽ നട്ട സ്വപ്നങ്ങളെക്കുറിച്ചോർത്തു .

നിങ്ങളിതെന്നാ നിന്നു പകൽകിനാവ് കാണുന്നത് പോകാൻ സമയമായി ! നിറഞ്ഞ ഹാൻഡ്ബാഗിന്റെ നീണ്ട കൈവരിയും ഉരുട്ടി വന്നവൾ ഒരു കിനാവിൽ നിന്നെന്നപോലെഅയാളെ വലിച്ചു താഴേയ്‌ക്കെറിഞ്ഞു.  കാറിന്റെ ജനാലച്ചില്ലു താഴ്ത്തി യാത്രപറയാൻ ആഞ്ഞതും അവൾ കാതിൽ ഒരു സ്വകാര്യം പറഞ്ഞു . പാസ്പോർട്ട് ബാഗിന്റെ നീല സിപ്പിനുള്ളിൽ ഒളിപ്പിച്ച മോഹമണ്ഡലങ്ങളെയൊന്നും അടുത്ത യാത്രയിൽ മറക്കരുതെന്ന് പ്രത്യേകം ഓർമ്മപെടുത്തിയിരിക്കുന്നു. മിഞ്ചി, മൂക്കുത്തി, മേൽകാതിൽ ഇടാനുള്ള കമ്മലുകൾ പട്ടിക മുഴുവിപ്പിക്കാൻ നിൽക്കാതെ കടലാസു മടക്കി അയാൾ ബാഗിനുള്ളിൽ തന്നെ തിരുകി .

മഴ നേർത്തു നേർത്തൊരു നൂലിന്റെ വലിപ്പത്തിലേയ്ക്കു ശോഷിച്ചിരിക്കുന്നു. കവല കടന്നു മെയിൻ റോഡിൽ  എത്തിയതും ഡ്രൈവർ സുകുവേട്ടൻ കുശലം പോലെ ചോദിച്ചു ….
“ഇനിയെന്നാ മടക്കം ?”
മടക്കത്തിലേയ്ക്കുള്ള കൗണ്ട് ഡൗണുമായാണ് താൻ യാത്ര തുടങ്ങിയതെന്നു പറയാതെ അയാൾ  വെറുതെ ചിരിച്ചു. അയാളുടെ പോക്കറ്റിലിരുന്ന മൊബൈൽ ഈണത്തിൽ പാടി മാമലകൾക്കപ്പുറത്തു മരതകപ്പട്ടുടുത്തു മലയാളമെന്നൊരു നാടുണ്ട് ,കൊച്ചു മലയാളം എന്നൊരു നാടുണ്ട് ….. എത്തിയാലുടൻ വിളിക്കണമെന്ന ആവലാതി വീണ്ടുമോർമ്മിപ്പിച്ചു കൊണ്ടാ കാൾ പാതി വഴിയിൽ നിലച്ചു 

ആലപ്പുഴ ജില്ലയിലെ കറുകയിൽ സ്വദേശി . കഴിഞ്ഞ ഇരുപതു വർഷമായി ഷാർജയിൽ പ്രവാസ ജീവിതം നയിക്കുന്നു. 2017 ലെ അക്ഷരതൂലികാ പുരസ്കാരം നേടിയിട്ടുണ്ട് .