സേവ് ദി ഡേറ്റ്

പതിനെട്ടായതും
അണിയറയിൽ
വട്ടം കൂട്ടൽ
പുറത്താക്കാനൊരു
ഗൂഢാലോചന
ഒരറിയിപ്പ് കൊടുത്തു
ആളുകൾ വരിവരിയായി
വീട്ടിലേക്ക് നീണ്ടു

”അവരെത്തി”
”അണിഞ്ഞൊരുങ്ങിയില്ലേ”

”വേണ്ടമ്മേ
വേണ്ടച്ഛാ”

ശാസനകൾ
ഭീഷണികൾ
സ്വതന്ത്രയല്ലല്ലോ…!

വഴങ്ങി
പൗഡറിട്ടു
കണ്ണെഴുതി
കമ്മലിട്ടു
പൊട്ടുകുത്തി
സാരി ചുറ്റി

ചായഗ്ളാസുകൾ വിറച്ചു
പലഹാര പാത്രങ്ങൾ കാലിയായി

വിലപേശലുകൾ
ഡിമാൻ്റുകൾ
ഒടുവിൽ
ഉറച്ചു
കച്ചവടം

പുതുമയുണ്ടാകണം
വ്യത്യസ്തമാകണം
ചടങ്ങുകൾ അനവധി
എൻഗേജ്മെൻ്റ് പൊടിപൊടിച്ചു

കടലിൻ നടുവിൽ
കപ്പലിലായിരുന്നു
സേവ് ദ ഡേറ്റ്

ഹാൽദിയിൽ
പക്കമേളവും
പാട്ടുകച്ചേരിയും

കല്യാണത്തിന്
നാൽപതിനായിരം പേർ
നാനൂറ് വിഭവങ്ങൾ

റിസപ്ഷന്
പേരറിയാ വിഭവങ്ങൾ
കാവടിയാട്ടം
കരകാട്ടം

പോസ്റ്റ് വെഡ്ഡിങ്ങ് ഷൂട്ട്
പറക്കും തളികയിൽ.

എല്ലാം കേമം
ഒരാഴ്ച കഴിഞ്ഞതും
അതിലും കേമം
ഡിവോഴ്സ്.

തൃശൂർ മാടായിക്കോണം സ്വദേശിനി. നവമാധ്യമങ്ങളിൽ കവിതകൾ എഴുതാറുണ്ട്