പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട്! : 8

08/08/2022

ഉച്ചയോടു കൂടി ലെഗരേ വിട്ടു. അതിന് മുമ്പ് ജയ് കംഫർട്ട്സ് മാനേജർ പുനീതിനെക്കൊണ്ട് മൊബൈലിൽ അഞ്ചാറ് പടവും വീഡിയോയും എടുപ്പിച്ചു. FB-യിൽ പല സുഹൃത്തുക്കളും അത്തരം ചിത്രങ്ങൾക്കായി ആവശ്യപ്പെട്ടിരുന്നു.

ഗൂഗിൾ മദാമ്മ ഇടയ്ക്കൊക്കെ വഴി തെറ്റിക്കും. എന്നിട്ടവർ തന്നെ വീണ്ടും ട്രാക്കിലാക്കിത്തരും. 50 KM ൽ കൂടുതൽ സ്പീഡിൽ പോയതിന് ബാംഗ്ലൂർ പോലീസ് ഇന്നും തടഞ്ഞു നിറുത്തിയെങ്കിലും ഒരുവിധമൊക്കെ പറഞ്ഞ് തടിയൂരി!

ബ്രേക്ക്ഫാസ്റ്റ് ലെഗരെയിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് അവിടുന്ന് തന്നെ കഴിച്ചു. വെജിറ്റേറിയൻ റസ്റ്റോറന്റാണ്. അവിടെ മേശ തുടയ്ക്കാൻ വന്ന ഒരാളിൽ മാത്രം കുറേ ദിവസങ്ങൾക്ക് ശേഷം മര്യാദയുടെ മുഖവും പെരുമാറ്റവും കണ്ടു. ഉച്ചക്ക് ഹൊസൂർ ആനന്ദ ഭവനിൽ നിന്ന് വെജിറ്റേറിയൻ ഊണ് കഴിച്ചു. നല്ലൊരു വെജ് ഊണ്! നമുക്ക് അപരിചിതമായ രുചിയിൽ ഒരു ഊണ് കൂടി പരിചയപ്പെടാൻ കഴിഞ്ഞു. സൈഡായി, പക്കോട, തൈര്, പായസം.

ഹോട്ടലിന് പുറത്ത് പാർക്കിംഗ് നോക്കാനായി നിന്ന പാവം സെക്യൂരിറ്റിക്കാരനും അദ്ദേഹത്തിന്റെ സ്വതസിദ്ധമായ പെരുമാറ്റം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. വെളിയിൽ ബൈക്കിലെ ലോഡ് ഒന്ന് ശ്രദ്ധിക്കണമെന്ന് പറഞ്ഞതേയുള്ളു. ഊണ് കഴിച്ച് തിരികെ വരുമ്പോഴും കക്ഷി വണ്ടിയുടെ അടുത്തുതന്നെ ഉണ്ടായിരുന്നു.

മഴ പിടി വിടുന്നില്ല. റെയിൻ കോട്ട് ഊരാൻ സമയമില്ല. അതുകൊണ്ട് തന്നെ ഫോട്ടോ എടുക്കലും സ്ഥലം കാണലും ഒന്നും വിചാരിച്ചപോലെ നടക്കുന്നില്ല! എനിക്കാകെ സമാധാനം, ഞാനാഗ്രഹിച്ച വിധത്തിൽ ബൈക്കോടിക്കാൻ കഴിയുന്നുണ്ട് എന്നത് മാത്രം. മഴയത്തും വെയിലത്തും കാട്ടിലും കോടയിലും നല്ല വഴികളിലും നല്ല ട്രാഫിക്കിലും പരമാവധി സ്പീഡിലുമെല്ലാം കൊതിതീരെ ബൈക്കോടിക്കാൻ കഴിഞ്ഞു. ചെറിയ ആരോഗ്യപ്രശ്നങ്ങളൊഴിച്ചാൽ മറ്റൊരു പ്രശ്നവും ഇതുവരെയില്ല. അഗസ്റ്റിന് ആഗ്രഹിച്ച പോലെ സ്ഥലങ്ങൾ കാണാൻ കഴിഞ്ഞിട്ടില്ല എന്നറിയാം. 2000 കിലോമീറ്റർ ബൈക്കിന് പിറകിൽ ഒറ്റയിരിപ്പ് ഇരിക്കുക എന്നത് അത്രയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇനിയും എത്രയോ ദൂരം ബാക്കി കിടക്കുന്നു! എങ്കിലും ഒരു പരാതിയും പരിഭവവുമില്ലാതെ ആൾ ഓരോ നിമിഷവും ഉഷാർ!

തമിഴ് നാട് അതിർത്തിയിൽ കടന്നു കഴിഞ്ഞതിൽ പിന്നെ അമിത പ്രാദേശികഭാഷാ ഭ്രാന്ത് കാണാനില്ല. സൈൻ ബോർഡിൽ തമിഴിനൊപ്പം ഇംഗ്ലീഷും ഉണ്ടാവും. ആ മാറ്റം ഞങ്ങൾക്ക് ഉടൻ തന്നെ ഫീൽ ചെയ്യുകയും ചെയ്തു. കർണാടക ഇക്കാര്യത്തിൽ ഏറെ പിറകിലാണ്.

വഴി ചെറിയ പ്രശ്നമുണ്ട്. കുറേ തിരിവുകളും പിരിവുകളും! കണ്ണ് തെറ്റിയാൽ വഴി തെറ്റും. അതിശയിപ്പിക്കുന്ന ബാംഗ്ലൂർ – മൈസൂർ എക്സ്പ്രസ് ഹൈവേയിൽക്കൂടിയും യാത്ര ചെയ്തു. പതിവിന് വിപരീതമായി ഇവിടെ ഇരുചക്ര വാഹനങ്ങൾക്കും ടോൾ കൊടുക്കണം. 58 രൂപ ഞങ്ങളും കൊടുത്തു, ഒരു വിഷമവുമില്ലാതെ! നല്ല റോഡുകൾ ഉണ്ടാക്കിത്തന്നിട്ട് ടോൾ പിരിക്കട്ടെ! അത്ര നല്ലതല്ലാത്ത നമ്മുടെ റോഡുകളിലെ ടോളുപിരിവ് ഇത്തിരി അധികപ്പറ്റല്ലേയെന്ന് തോന്നിപ്പോയെങ്കിൽ കുറ്റം പറയാൻ പറ്റുമോ?

വഴിയിൽ ചിട്ടയോടെ മാർച്ച് ചെയ്തു പോകുന്ന ആട്ടിൻ കൂട്ടങ്ങൾ, ചെമ്മരിയാടിൻ കൂട്ടങ്ങൾ, കാലിക്കൂട്ടങ്ങൾ! ഇവരെയൊക്കെ തെളിച്ചു കൊണ്ട് പോകുന്ന ഇടയൻമാർ! റോഡിനിരുവശവും വിശാലമായ കൃഷിയിടങ്ങൾ!

കാട്ടുവഴികളിൽ സന്ദർശകരെ പ്രതീക്ഷയോടെ കാത്തു നിൽക്കുന്ന കുരങ്ങിൻ കൂട്ടങ്ങൾ! വണ്ടി നിറുത്തി നേരെയൊന്ന് കാണാൻ കഴിഞ്ഞില്ല. എന്തൊപ്പിക്കുമെന്ന് പറയാൻ കഴിയില്ലല്ലോ! ഏകദേശം എല്ലാവരുടെയും മാറിൽ ചേർത്ത് പിടിച്ച ഓരോ കുഞ്ഞുങ്ങളും! വണ്ടി വഴിയിൽ വച്ച്, മാറിയാൽ ഉടൻ അവർ വണ്ടി പരിശോധിക്കും. പറ്റുന്ന പൊല്ലാപ്പുകളുണ്ടാക്കും. ഒന്ന് മൂത്രമൊഴിക്കാൻ തൊട്ടടുത്തേക്ക് ഒന്ന് നീങ്ങിയതേയുള്ളു, പട്ടാളം സൈറൻ മുഴക്കി എത്തിക്കഴിഞ്ഞു. ഞങ്ങൾ പെട്ടെന്ന് തന്നെ സ്ഥലം കാലിയാക്കുകയും ചെയ്തു.

കാവേരി അനിമൽ സാങ്ച്വറിയിൽ പെടുന്ന മൂന്ന് കാടുകൾ താണ്ടി, 165 കിലോമീറ്റർ ഓടി ഹൊഗെനെക്കൽ എത്തി! നിരാശ സമ്മാനിച്ച് കനത്ത വെള്ളപ്പൊക്കം വഴിമുടക്കി! സഞ്ചാരികളെ അങ്ങോട്ട് പ്രവേശിപ്പിക്കുന്നേയില്ലത്രെ! ഹൊഗനെക്കൽ കാഴ്ച ആസ്വദിക്കേണ്ടിയിരുന്ന വഴികളെല്ലാം മല വെള്ളം കീഴടക്കിയിരിക്കുന്നു. ഒന്നര മാസമായി ഇവിടെ ഇതാണവസ്ഥ! മനോഹരമായ ഹൊഗനക്കൽ കാഴ്ചകളൊന്നും അതിന്റെ തനിമയോടെ ആസ്വദിക്കാനാവില്ല. നോക്കെത്താ ദൂരത്ത് മരങ്ങൾക്കിടയിലൂടെ പരന്നൊഴുകുന്ന വെള്ളം മാത്രം! നമ്മുടെ മോഹൻലാലിന്റെ നരൻ ഷൂട്ട് ചെയ്തത് ഇവിടെ വച്ചാണ്.

പിന്നെ 80 കിലോമീറ്ററിൽ കൂടുതൽ താണ്ടി വന്നിട്ട് എങ്ങനെ തിരിച്ച് പോകാൻ? ഹൊഗെനെക്കൽ എത്തി. ടൂറിസ്റ്റുകൾ ഇല്ലാതെ നിരാശരായിരിക്കുന്ന രക്ഷസുകൾക്കിടയിലേക്കാണ് വന്നു ചാടിയത്. പലരും വന്നു കണ്ട് പരിചയപ്പെടുന്നു. നമ്മെ പ്രലോഭിപ്പിക്കുന്ന പല ഓഫറുകളും വയ്ക്കുന്നു. സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്നതായി തോന്നുമെങ്കിലും ഈ വക സാധനങ്ങളെ ഒറ്റയെണ്ണത്തിനെ വിശ്വസിക്കാൻ കൊള്ളില്ല. മൊത്തം ഉഡായിപ്പ് കക്ഷികളാണ്. റൂം റെന്റ് വളരെ കുറവാണ്. നല്ല നോൺ AC ഡബിൾ റൂമിന് വെറും 600 രൂപ മാത്രം! ഒരു ഡബിൾ റൂം എടുത്തു. അഡ്രസ് എഴുതി ഒപ്പിട്ടു കഴിഞ്ഞപ്പോൾ റൂമിന് ക്ലീനിംഗ് ചാർജായി 100 രൂപ കൂടി നൽകണം! യാതൊരു സാമാന്യ മര്യാദയുമില്ലാത്ത ഒരു ലോഡ്ജുടമ!

പച്ച മീൻ അവിടെ വലയെറിഞ്ഞ് വാരിയെടുക്കുന്നു. ചാള പോലത്തെ മീൻ കിലോ 50 രൂപയും അവിടത്തെ പ്രത്യേകതരം വാളക്ക് കിലോ 200 രൂപയും മാത്രം! മാർക്കറ്റിൽ പിടയ്ക്കുന്ന മീൻ സുലഭം! ആന്റണിയെന്ന ഒരു മസാജുകാരനെ പരിചയപ്പെട്ടു. മീൻ വാങ്ങിക്കൊടുത്താൽ കക്ഷിയുടെ വീട്ടിൽ കൊണ്ടുപോയി പാചകം ചെയ്ത കൊണ്ടുവരാമത്രെ! 2 കിലോ ചെറു മീൻ വാങ്ങി ആന്റണിയെ ഏല്പിച്ചു. ഒരു കിലോ വറുക്കുക, ഒരു കിലോ കറി വയ്ക്കുക!

ആന്റണിയോടൊപ്പം ഉണ്ടായിരുന്ന ഒരാൾ വെങ്കിടേഷ് കുട്ടവഞ്ചിയുടെ ആളാണ്. ഇവിടത്തെ വെള്ളച്ചാട്ടത്തിനടുത്തു കൂടിയുള്ള സാഹസികമായ കുട്ട വഞ്ചി യാത്ര, ഒരനുഭവം തന്നെയാണ്. അതിന് സർക്കാർ റേറ്റ് 750 രൂപമാത്രം! കുട്ട വഞ്ചിയിൽ കയറാൻ ആന്റണിയും വെങ്കിടേഷും മറ്റൊരു പയ്യനുമായി ഞങ്ങൾ പോയി. വലിയൊരു കുട്ട തലയിലേന്തി ഒരാളും ഒപ്പം വന്നു. കാര്യത്തിലേക്ക് കടക്കും മുമ്പ് ഞാൻ അതിന്റെ റേറ്റ് ചോദിച്ചു. അത് എന്തെങ്കിലും തന്നാൽ മതിയെന്നൊക്കെ വെങ്കിടേഷ് പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. ലോഡ്ജ്കാരന്റെ 100 രൂപ ക്ലീനിംഗ് ചാർജ് മനസിൽ കിടക്കുന്നു! നിർബ്ബന്ധിച്ച് ചോദിച്ചപ്പോൾ വെറും 3000 മതിയത്രെ! ഒഴുക്കിന്റെ കാഠിന്യം ചൂണ്ടിക്കാട്ടി ഞങ്ങൾ അതിൽ നിന്നും പിന്മാറിയത് വെങ്കിടേഷിന് ദഹിച്ചില്ല. സംസാരം ചെറിയ ഉടക്ക് സ്റ്റൈലിലായി. ചൊറി കൂടി വന്നപ്പോൾ വെങ്കിടേഷിനെ ഞാൻ ബലം പിടിച്ചു തന്നെ ഉന്തിത്തള്ളി മുറിക്ക് പുറത്താക്കി വാതിൽ ലോക്ക് ചെയ്തു. അത് കുറച്ച് സംസാരത്തിന് കാരണമായി. ഒടുവിൽ പോലീസിനെ വിളിച്ചു വരുത്തുമെന്ന് പറയേണ്ടി വന്നു. അവൻ പിൻവാങ്ങി എങ്കിലും അവനും കൊടുത്തു 100! ആ ദാരിദ്ര്യം കുറേ കേട്ടതല്ലേ!

രാത്രി ആന്റണിയും ശിങ്കിടിയും കൂടി മീൻ വറുത്തും കറിവച്ചും കൊണ്ടുവന്നു. ഒപ്പം ചപ്പാത്തിയും. ഇതു മുഴുവൻ ആര് കഴിക്കാൻ? കുറച്ചെടുത്തിട്ട് ബാക്കി മുഴുവൻ അവരെത്തന്നെ തിരിച്ചേല്പിച്ചു.

ആന്റണിയും ശിങ്കിടിയും നല്ല മസാജ് വിദഗ്ദരാണ്. പൗഡറിട്ട ഫുൾ ബോഡിമസാജിന് 500 രൂപയാണ് ചാർജ് ! ഞങ്ങൾ രണ്ടു പേരും അതിന് നിന്നു കൊടുത്തു. അവരത് നന്നായിത്തന്നെ ചെയ്യുകയും ചെയ്തു.

സുഖമായി ഉറങ്ങി!

ഇന്നിനി മൈസൂർ കാഴ്ചകളിലേക്ക് !

എറണാകുളം ജില്ലയിൽ കൂത്താട്ടുകുളം സ്വദേശിയെങ്കിലും ഇപ്പോൾ തിരുവനന്തപുരം പേരൂർക്കട വഴയിലയിൽ താമസിക്കുന്നു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് റാപ്പിഡ് റസ്പോണ്ട്സ് ആന്റ് റസ്ക്യൂ ഫോഴ്സിൽ (RRRF) നിന്നും അസിസ്റ്റന്റ് കമാണ്ടന്റ് (ഡി വൈ എസ് പി) ആയി 2017 ൽ വിരമിച്ചു. 2011- 16 ൽ തിരുവനന്തപുരം ഗവ. സെക്രട്ടറിയേറ്റിന്റെ സെക്യൂരിറ്റി ഇൻസ്പെക്ടർ ആയിരുന്നു. ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച "സാർത്തോവിന്റെ സുവിശേഷം" എന്നൊരു ഓർമ്മക്കുറിപ്പ് എഴുതിയിട്ടുണ്ട്.