സമയബിന്ദുവിൽ അവരും നമ്മളും

അവർ

‘തീരുമാനിച്ചാൽ
മറ്റെന്തിനേക്കാളും എളുപ്പം’
എന്ന് പറഞ്ഞ്
മുന്നേ പോയവർ
ആവിഷ്ക്കരിക്കുന്നത്
ജന്മത്തെയോ മൃത്യുവിനെയോ
സന്ദേഹങ്ങളിൽ ഉഴറാതെ
അനന്ത നിശ്ചലതിയിലേക്ക്
ശൂന്യനോട്ടങ്ങൾ
സ്വപ്നത്തിലേക്കെന്നപോലെ
കൈകൾ നീട്ടി
വിദ്യുത് തരംഗമായി
തണുത്ത വിരലുകൾ

നമ്മൾ

വല്ലപ്പോഴും
ചിലപ്പോൾ
നിരന്തരം
വിചാരങ്ങൾ
ഓർമ്മകൾ
വേട്ടയാടി
ഒറ്റക്കാവുമ്പോൾ
മുന്നോട്ടായുന്ന  മനസ്സ്
പൊടുന്നെനെ
വേദനകളെ കെട്ടിപിടിച്ച്
ഇനിയൊരിക്കലാവാമെന്ന്
കരുതി എത്ര വട്ടം അത് മാറ്റിവെച്ചവർ

അവരും നമ്മളും

അവർ
നമ്മുടെ കിനാവീടുകളിലെ
ഓർമ്മപാർപ്പുകാർ

നമ്മൾ

നാളെ
ചിലപ്പോൾ
മറ്റാരുടെയോ

കൊച്ചി സർവ്വകലാശാലയിൽ സീനിയർ സ്കെയിൽ അസിസ്റ്റന്റ് ലൈബ്രേറിയൻ. രണ്ട് കവിതസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു.