പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട്! -7

രാവിലെ 6 ഇറങ്ങണമെന്ന് കരുതി കിടന്നുവെങ്കിലും രാവിലെ അതിഭീകര മഴ, യാത്ര തടസ്സപ്പെടുത്തി!

മഴ കുറഞ്ഞ് മാർട്ടിനോടും മകനോടും യാത്ര പറഞ്ഞിറങ്ങിയപ്പോൾ സമയം 8 ആയി. ബാംഗ്ളൂർ ആണ് ലക്ഷ്യം! മറ്റൊരു പരിപാടിയുമില്ല. ഇനി എഴുനൂറോളം കിലോമീറ്ററുണ്ട് ബാംഗ്ളൂരിന്.

കാടിനുള്ളിൽ കൊക്കകൾ നിറഞ്ഞ വഴിയിലൂടെ കനത്ത മഴയിൽ വീണ്ടുമൊരു ഭ്രമിപ്പിക്കുന്ന യാത്ര! സഞ്ചാരികളിൽ നിന്നും വല്ലതും കഴിക്കാൻ കിട്ടുമെന്ന് പ്രതീക്ഷിച്ച് കുരങ്ങിൻ കൂട്ടങ്ങൾ കുഞ്ഞുങ്ങളുമായി റോഡരികിൽ കുട്ടം കൂടിയിരിക്കുന്നു. റോഡരികിലെ ഇരുമ്പ് വേലികൾ അപ്പാടെ പൊളിച്ച് വാഹനങ്ങൾ താഴെപ്പോയ അടയാളങ്ങൾ ഭീതിയുണർത്തി. എങ്കിലും മനം മയക്കുന്ന കാനന ഭംഗി ആസ്വദിച്ച് കോടയിറങ്ങിക്കളിക്കുന്ന ആ റൈഡിന്റെ സുഖം അനുഭവിച്ചാൽ മാത്രമേ മനസിലാകൂ! അതേ ഫീലിൽ പറഞ്ഞറിയിക്കുക അസാദ്ധ്യം! രാവിലെ പത്ത് മണി കഴിഞ്ഞെങ്കിലും, ദൃഷ്ടികൾ മറയ്ക്കുന്ന കോടമഞ്ഞ് റോഡും കാഴ്ചകളും മറച്ച് ഇടയിലൂടെ നൂഴുന്ന് കയറിപ്പോകുന്ന അനുഭവം, അവർണനീയം! ഒപ്പം മഴയും ഭീതിതമായ അന്തരീക്ഷവും!

വരുന്ന റോഡുകളിൽ ചിലയിടങ്ങളിൽ കേരളത്തിലെ റോഡുകളെ വെല്ലുന്ന അഗാധ ഗർത്തങ്ങൾ! വലിയ വാഹനങ്ങൾ ഏറെ പ്രയാസപ്പെട്ട് ലോഡുകളുമായി കുഴികളൊഴിഞ്ഞും അതിലിറങ്ങിയും പോകുന്നത് കാഴ്ചയായി.

ആൾത്താമസം പോലുമില്ലാതെ നീണ്ടുനീണ്ടുകിടക്കുന്ന വിജനമായ വഴിത്താരകൾ വേറിട്ടൊരനുഭവം സമ്മാനിക്കുന്നു. കേരളത്തിന്റെ സ്ഥല ദൗർലഭ്യവും ജനബാഹുല്യവും ഒക്കെ മനസിലുടെ കടന്നുപോയി. ഒരു ചെറിയ വികസനത്തിന് പോലും സ്ഥലം ഏറ്റെടുക്കാൻ പ്രയാസപ്പെടുന്ന അവസ്ഥയും മനസിലാവും. പക്ഷെ സ്വജനപക്ഷപാതവും അഴിമതിയും അരാജകത്വവും മൂലം കാര്യങ്ങൾ ഒന്നും തന്നെ നേരായ വഴിക്ക് നടക്കുന്നില്ല എന്നത് നിഷ്പക്ഷരായ ജനങ്ങൾ മനസിലാക്കുന്നുണ്ട്. പക്ഷെ പ്രതികരണശേഷി ഇല്ലാത്ത ജനങ്ങളും ഒരു പരിധി വരെ ഈ മൂല്യച്ചുതിക്ക് കാരണക്കാരാണെന്ന് ഓർക്കേണ്ടതുണ്ട്.

വഴിയിൽ കിലോമീറ്റർ കണക്കിൽ പച്ചപ്പിൽ കുളിച്ചു നിൽക്കുന്ന കരിമ്പ്, ചോളം തോട്ടങ്ങൾ! മഴ അവയ്ക്കൊക്കെ നല്ല ഉണർവ്വ് നൽകിയിരിക്കുന്നു.

നമ്മുടെ രാജ്യത്തിലെ എല്ലാ പൗരന്മാർക്കും പരസ്പരം ആശയ വിനിമയം നടത്താൻ പൊതുവായ ഒരു ഭാഷയില്ല എന്നത് ഇന്ത്യയുടെ ഒരു ശാപമായി തോന്നി. കർണാടകയിലെ റോഡിന് കുറുകെയുള്ള വലിയ ബോർഡുകളിൽ ഇംഗ്ലീഷിലും ഹിന്ദിയിലും കർണാടകയിലും സ്ഥലങ്ങൾ എഴുതി പ്രദർശിപ്പിക്കുന്നുണ്ടെങ്കിലും ബാക്കിയെല്ലായിടത്തും അട്ട ചുരുണ്ടു കിടക്കുന്നതു പോലെയുള്ള കർണാടക എഴുത്തു മാത്രം! എവിടെ എത്തി എന്നറിയാൻ ഏറെ പാടുപെടും. ആരോടെങ്കിലും ചോദിക്കാമെന്ന് വച്ചാൽ ഗ്രാമീണരെ മാത്രമേ വഴിയിൽ കാണാനുള്ളു. അവരുടെ ഭാഷ പിടിച്ചെടുക്കാൻ പ്രയാസപ്പെടും. ഹോട്ടലിൽ സോപ്പ് എന്തെന്ന് തിരിച്ചറിയാത്ത ജീവനക്കാരനെ കണ്ടു. സാബൂൻ എന്ന് പറഞ്ഞാലേ കക്ഷിക്ക് മനസിലാവൂ! അമിതമായ പ്രാദേശികവാദവും രാജ്യത്തെ മറ്റു ഭാഷകളോടുള്ള പുച്ഛവും പൊതുവായ വികസനത്തിനെതിരായുളള പുറംതിരിഞ്ഞ് നിൽക്കലാണ്. മലയാളം മാത്രമറിയുന്ന, കേരളത്തിൽ ജീവിക്കാൻ ഒരു വഴിയുമില്ലാത്ത തലമുറ സംസ്ഥാനത്തിന് പുറത്ത് പോയി ജീവിക്കേണ്ടി വരുമ്പോൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ഒരു പരിധി വരെയെങ്കിലും ഞാനും അനുഭവിച്ചിട്ടുണ്ട്. ഇന്ത്യയിൽ കൂടുതൽ പേരും സംസാരിക്കുന്ന ഹിന്ദി, താഴ്ന്ന ക്ലാസുകൾ മുതൽ തന്നെ രാജ്യമൊട്ടാകെ ഗൗരവമായും നിർബന്ധമായും പഠിപ്പിക്കേണ്ടതാണ്. പത്ത് വരെ ഹിന്ദി പഠിച്ച എനിക്ക് ഒരു വാചകം പോലും ഹിന്ദിയിൽ സംസാരിക്കാൻ ധൈര്യമില്ല അല്ലെങ്കിൽ അറിയില്ല എന്നത് ലജ്ജാകരമാണ്.

നിങ്ങളുമായി ഷെയർ ചെയ്യണമെന്ന് തോന്നിയ ഒരു കാര്യം കൂടി. ഇവിടേക്ക് വരുന്നതിന് മുമ്പ് എന്റെയൊരു സുഹൃത്ത് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ ഞാനത് കാര്യമായി എടുത്തിരുന്നില്ല. നേരിട്ട് ബോദ്ധ്യപ്പെട്ടപ്പോൾ വിശ്വസിക്കാതിരിക്കാൻ കഴിയുന്നുമില്ല. ഈ ഭാഗത്തുള്ളവർക്ക് ചിരിക്കാനറിയില്ല എന്നായിരുന്നു കക്ഷി പറഞ്ഞത്. ഒരിടത്തും ഒന്ന് ചിരിച്ച് മര്യാദക്ക് പെരുമാറുന്ന ഒരു കടക്കാരനെയോ ജീവനക്കാരനായോ കണ്ടില്ല. നിനക്ക് വേണമെങ്കിൽ പൈസ തന്ന് ഈ സൗകര്യങ്ങൾ ഉപയോഗിക്കു എന്ന ഭാവം!

600 കിലോമീറ്റർ ബൈക്കോടിച്ച് നടുവ് തളർന്നപ്പോൾ ബാംഗ്ളൂരിന് മുമ്പായി ഒരു ലോഡ്ജ് തപ്പിപ്പിടിച്ചിവിടെക്കൂടിയിരിക്കുന്നു.

ഇനി അടുത്ത തട്ടകം ബാംഗ്ളൂർ !

07/08/2022

ബാംഗ്ളൂരേക്ക് ഇനി 85 കി.മീ. മാത്രം!

വിശാലമായ 6 വരിപ്പാത നെടുനെടാ നീണ്ടുനിവർന്നങ്ങനെ കിടക്കുന്നു. 120 കി.മീ. കൂടുതൽ സ്പീഡിൽ പോകുന്ന ധാരാളം കാറുകൾ ഞങ്ങളെ മറികടന്ന് പായുന്നുണ്ട്. കേരളം കടന്നതിനു ശേഷം കൂടുതലും ആറുവരിപ്പാതകളിലൂടെ തന്നെയായിരുന്നു യാത്ര!

ഇന്നലെ ഓയോ റൂമിനായി ഗൂഗിളിട്ട് കുറേ കറങ്ങി, ഒടുവിൽ ഒട്ടും സൗകര്യമില്ലാത്ത ഒരു AC റൂം കിട്ടി. (ബാംഗ്ലൂരേക്ക് ചെന്നാൽ റൂമിന് ചിലവ് വല്ലാതെ ഉയരുമെന്നാണ് പറഞ്ഞു കേട്ടത്.) പക്ഷെ അത് ഓയോയുമായി യാതൊരു ബന്ധവുമില്ല എന്നാണ് അവർ പറഞ്ഞത്. ഓയോയുടെ പ്രസക്തി മങ്ങിപ്പോയാ? ഇത് ലെഗരേ എന്ന സ്ഥലത്തെ ജയ് കംഫർട്ട്സ് എന്ന ലോഡ്ജാണ്. ഫുഡ്ഡോ ബിവറേജസോ എന്തു വേണമെങ്കിലും റൂമിലെത്തിക്കാം എന്നവർ വാഗ്ദാനം ചെയ്തു. ഇടുങ്ങിയ, ജനാലകളോ ഫാനോ ടോയ്ലറ്റിൽ ക്ലോസറ്റിനൊരു സീറ്റോ ഇല്ലാത്ത മുറി! മൂന്നടി സ്ക്വയറിൽ നാല് പേർക്ക് മാത്രം കയറാവുന്ന ലിഫ്റ്റിൽ മൂന്നാം നിലയിൽ എത്തണം. ബൈക്ക് പാർക്കിംഗിന് പോലും സൗകര്യമില്ല.

ഞായറാഴ്ചയായിട്ടും ബാംഗ്ലൂരിലെ ട്രാഫിക്ക് ഭീകരം! എനിക്കേറ്റം സഹിക്കാൻ വയ്യാത്ത കാര്യം! പിന്നെ എന്തെങ്കിലും സ്ഥലങ്ങളൊക്കെ കാണേണ്ടെ എന്ന് കരുതി 32 കി.മീ. അകലെയുള്ള ലാൽബാഗിലേക്ക് ഒച്ച് ട്രാഫിക്കിനിടയിലൂടെ ഒരു പരാക്രമം!

അതിന് മുമ്പ് തിരക്ക് കുറഞ്ഞ വഴിയിൽ 60 കി.മീ. സ്പീഡിൽ പോയ ഞങ്ങളെ ബാംഗ്ലൂർ പോലീസ് തടഞ്ഞു നിറുത്തി. അവിടെ സ്പീഡ് ലിമിറ്റ് 50 ആണത്രെ! അപ്പോഴും പരിധി ലംഘിച്ച വാഹനങ്ങൾ അതിലെ ചീറിപ്പായുന്നുണ്ടായിരുന്നു. സ്പീഡ് ലിമിറ്റ് അറിയില്ലായിരുന്നു എന്ന് പറഞ്ഞ് തത്ക്കാലം തടിയൂരി. ട്രാഫിക്കിന്റെ പാരമ്യത്തിൽ ഒടുവിൽ ലാൽബാഗിലെത്തി. വാഹനങ്ങളും ജനങ്ങളും റോഡ് നിറഞ്ഞൊഴുകുന്നു. ലാൽബാഗിന്റെ പ്രവേശന കവാടം കണ്ടുപിടിക്കാൻ പാടുപെട്ടു. ബൈക്ക് നിറുത്തി വഴിയിൽ കണ്ട പോലീസുകാരനോട് പാർക്കിങ്ങ് സൗകര്യം എവിടെയെന്ന് ചോദിച്ചതിന് ഒട്ടും മര്യാദയില്ലാത്ത മറുപടി തിരുവനന്തപുരം ശൈലിയിൽ “അടുത്ത തെങ്ങിൻ പണയിൽ” എന്നായിരുന്നു. പോലീസുകാരും പെരുമാറ്റത്തിൽ വ്യത്യസ്തരല്ല എന്ന് വ്യക്തമായി. ഇത് വച്ച് കേരളത്തിലെ പോലീസുകാർ എത്ര നല്ല പെരുമാറ്റം എന്നും ഓർത്തു പോയി.

ലാൽബാഗിൽ ഒരു പുഷ്പമേള നടക്കുകയാണ്. അവിടെ പുഷ്പമേളയേക്കാൾ പ്രാധാന്യം കൊടുക്കുന്നതായി കണ്ടത്, അന്തരിച്ച കനഡയിലെ മിന്നും താരങ്ങളായിരുന്ന രാജ്കുമാറിനും മകൻ പുനീത് രാജ്കുമാറിനുമായിരുന്നു. അവരാണ് അവിടത്തെ താരങ്ങൾ! എന്തിലും ഏതിലും അവരുടെ സാന്നിദ്ധ്യം കാണാം! ദൈവങ്ങളേക്കാൾ ഉപരിയായി ജനം അവരെ ആരാധിക്കുന്നു. സർവ്വം രാജ്മയം! സ്ക്രീനുകളിൽ അവരുടെ ചിത്രങ്ങൾ, പാട്ടുകൾ എല്ലാം മിന്നിമറയുന്നു. മഴ പെയ്ത് ചെളിക്കുണ്ടായ ലാൽബാഗിൽ ചെരുപ്പും ഊരിപ്പിടിച്ച് പാദം മറയുന്ന ചെളിയിലൂടെ നടക്കുന്ന ആയിരങ്ങളെ കണ്ടു. അതൊന്നും അവർക്കൊരു വിഷയമേയല്ല. ഒന്നു പറയാം, പുഷ്പമേള സൂപ്പർ തന്നെ. പൂക്കൾക്ക് അത്രയേറെ ഭംഗിയുണ്ട് എന്ന് ഈ മേള യഥാർത്ഥത്തിൽ മനസിലാക്കിത്തന്നു. ശരിക്കും എന്റെ മനസിലുണ്ടായിരുന്ന സ്വർഗ്ഗം ഇതുതന്നെയായിരുന്നു! അത്ര ഭംഗിയും വൈവിദ്ധ്യവും! തിരക്കിൽ അവശനായി ഞാൻ പിൻവാങ്ങി. അഗസ്റ്റിൻ ആ തിരക്കിൽ അലിയുന്നത് നടുവ് വേദനക്കിടയിൽ ഞാൻ നോക്കിയിരുന്നു.

ബാംഗ്ലൂർ നഗരത്തിന്റെ നടുവിൽ ഏക്കർ കണക്കിന് വരുന്ന ഒരു വനം തന്നെ അത്. തിരുവനന്തപുരത്ത് എല്ലാക്കൊല്ലവും നടക്കുന്ന ഒരു പുഷ്പമേളയും കാണാത്ത ഞാനിതാ രാജ്കുമാർ പുഷ്പമേളയിൽ! പേരൂർക്കടയിലെ ഇലക്ഷൻ കലാശക്കൊട്ടിന്റെ അതേ ഗൗരവത്തിൽ വിവിധ പോയിന്റുകളിൽ മോഡേൺ വസ്ത്രധാരികളായ ജനം, ആൺ പെൺ വ്യത്യാസമില്ലാതെ ആടിത്തിമിർക്കുന്നു.

ഇടയ്ക്ക്, എന്റെ ആരാധ്യനായ മുൻ DGP ശ്രീ. PR ചന്ദ്രൻ സാറിനെ ഓർത്തു. അദ്ദേഹം ബാംഗ്ലൂരുണ്ട്. ഒന്നു വിളിച്ചു നോക്കി. പ്രായാധിക്യം അദ്ദേഹത്തെ തളർത്തിയിരിക്കുന്നു. എങ്കിലും ഏറെ നേരം സംസാരിച്ചു. എന്റെ ആത്മകഥ വായിച്ചു തീർക്കാൻ ക്ഷീണം അദ്ദേഹത്തെ അനുവദിക്കുന്നില്ല എന്ന് ക്ഷമാപണം നടത്തി. ഞങ്ങളുടെ മുൻ SP ലംബോധരൻ നായർ സാർ കൃത്യമായി വിളിച്ച് ക്ഷേമം അന്വേഷിക്കാറുണ്ട് എന്നും വളരെ സന്തോഷത്തോടെ പറഞ്ഞു. ഞങ്ങളുടെ യാത്രയ്ക്ക് അഭിനന്ദനങ്ങൾ നൽകി എല്ലാ ആശംസകളും നേരുകയും ചെയ്തു.

നടുവേദന അസഹ്യമാകുന്നു. എന്റെ സുഹൃത്ത് ശ്രീ. മൂർത്തിയുടെ മകൻ, പേരൂർക്കട സർക്കാർ ആശുപത്രിയിലെ Dr. വിഷ്ണുവിനെ വിളിച്ച് ചികിത്സ തേടി. ഇനിയത്തെ പരിപാടികൾ എങ്ങനെയാവുമോ എന്തോ?

എന്തായാലും പ്ലാൻ A യും Bയും പൂർത്തിയായി. ഇനി പ്ലാൻ C യും D യും E യും മനസിലുണ്ട്. അതെത്രകണ്ട് നടക്കും എന്ന് വരും ദിവസങ്ങളിലേ അറിയാൻ കഴിയൂ!

നമുക്ക് കാത്തിരുന്നു കാണാം !

എറണാകുളം ജില്ലയിൽ കൂത്താട്ടുകുളം സ്വദേശിയെങ്കിലും ഇപ്പോൾ തിരുവനന്തപുരം പേരൂർക്കട വഴയിലയിൽ താമസിക്കുന്നു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് റാപ്പിഡ് റസ്പോണ്ട്സ് ആന്റ് റസ്ക്യൂ ഫോഴ്സിൽ (RRRF) നിന്നും അസിസ്റ്റന്റ് കമാണ്ടന്റ് (ഡി വൈ എസ് പി) ആയി 2017 ൽ വിരമിച്ചു. 2011- 16 ൽ തിരുവനന്തപുരം ഗവ. സെക്രട്ടറിയേറ്റിന്റെ സെക്യൂരിറ്റി ഇൻസ്പെക്ടർ ആയിരുന്നു. ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച "സാർത്തോവിന്റെ സുവിശേഷം" എന്നൊരു ഓർമ്മക്കുറിപ്പ് എഴുതിയിട്ടുണ്ട്.