എനിക്ക്
വിഷാദമെന്നെഴുതിയ കുറിപ്പുമായി
മരുന്നിൽ വളരുന്നൊരു
പച്ച ഞരമ്പുകളിൽ
ഞാനോടുകയായിരുന്നു….
സെക്കന്റ് ക്ലാസിലെ
തിക്കിനും തിരക്കിനുമിടയിൽ
പാറി വീണ മുടികൾക്ക്
എന്റെ മരുന്നിന്റതേ മണമെന്ന്
കാറ്റോട് പറഞ്ഞപ്പോൾ…
ജൂണിലെ മഴയിൽ പൂത്ത
ചുവന്ന പൂവാണതെന്ന്
തൊണ്ണൂറ്റി ഒമ്പത് വട്ടം പറഞ്ഞിട്ടും
ഞാൻ വിശ്വസിച്ചില്ല
അത്ഭുതത്തോടെ നോക്കുമ്പോഴെല്ലാം
എന്റേതെന്നു വാശിപിടിക്കാറുള്ളതെല്ലാം
അവൾക്കുമുള്ളതായി
തോന്നി…
എന്നിൽ സാമ്യത കാണിച്ചത്
ദൈവമാണെന്ന് പറഞ്ഞു
ഞാൻ കരഞ്ഞു തളർന്നു ..
എന്റെ ഇടങ്ങൾ,
ഇഷ്ട ഗാനങ്ങൾ,
പ്രിയപ്പെട്ട മണങ്ങൾ,
കൊതിയുള്ള നിറങ്ങൾ
എല്ലാം അപഹരിക്കപ്പെട്ടതാണെന്ന്
തെറി വിളിച്ചിട്ടും
അവള് ചേർന്നു നിന്നു …
എന്നിൽ കൊഴിഞ്ഞ
മുടിനാരുകളോർത്തവൾ
വിഷമിച്ചില്ല…
പകരം
മുടിക്കെട്ടഴിച്ചു പാതി വച്ചവൾ
വരണ്ടു പോയ
തലയിലൊരു കാടു പൂക്കുമെന്ന്
മോഹിപ്പിച്ചു കൊണ്ടിരുന്നു
ആളൊഴിഞ്ഞ ഹൃദയത്തിൽ കൈവച്ചു
വെട്ടാൻ മടിക്കുന്ന താടിയിൽ
ചുണ്ടുകളൊളിപ്പിച്ചു
എന്നെ വീണ്ടും വീണ്ടും
ഭ്രാന്ത് പിടിപ്പിച്ചുകൊണ്ടിരുന്നു..
ഏറ്റവും മനോഹരമായ
ഭാഷയിലെന്റെ പേര് വിളിക്കുമ്പോൾ
ഹൃദയം പിളർന്നു
ആദ്യം മരിച്ചു പോകുന്നയാൾ
ഞാനാകുമെന്ന് കരുതും
ഉണങ്ങാൻ തുടങ്ങിയ
വൃഷ്ണങ്ങളിൽ ചായം മുക്കി
അതിഗാഡമായി
കെട്ടിപ്പുണരുമ്പോൾ
രണ്ടു ഹൃദയങ്ങൾ തമ്മിലുള്ള ഇണചേരലാണ്
നിന്റെ നഷ്ടമായ
വിറ്റാമിനുകളെന്ന് കളിയാക്കും
മടുക്കുമ്പോഴെന്തു ചെയ്യുമെന്ന ചോദ്യത്തിന്
യോനി പിളർത്തി
പുതിയ വേരുകൾ മുളപ്പിക്കുമെന്ന്
വാശിപിടിക്കും
നിശബ്ദതയിലൊലിക്കുന്ന
ഗന്ധങ്ങളാഞ്ഞു വലിച്ചു
നിനക്ക് വിഷാദമില്ലെന്ന് തിരുത്തി
കുഴിഞ്ഞ കണ്ണുകൾ ചുംബിച്ചു
പ്രണയമദൃശമായൊരു കലയാണെന്ന്
വീണ്ടും വീണ്ടുമെഴുതിക്കും
ഒടുവിലെല്ലാം വെന്തെന്നാവുമ്പോ..
ഇനി കണ്ണുതുറക്കരുതെന്ന നിബന്ധനയിൽ
വാരിയെല്ലുകൾ കൂട്ടിക്കെട്ടി ഞങ്ങളുറങ്ങും.