ഒടുവിൽ നീ എത്തുമ്പോൾ

അന്നാകുമ്പോൾ  നിനക്ക്
ആരെയും ഭയക്കാതെ
എന്നെ കാണാൻ വരാല്ലോ!

പറയാതെ പോയതിന്
പരിഭവമുണ്ടെങ്കിലും
ദൂരെമാറി
അപരിചിതനെ പോലെ നിൽക്കരുത്

അടുത്തേക്ക് വരണം
പുസ്തകത്താളിലെ മയിൽപീലിമണം
അപ്പോഴുമെനിക്ക് തിരിച്ചറിയാനാവും

ഉമ്മവച്ചു ചുവപ്പിച്ച പ്രണയം
കരിനീലിച്ചു തുടങ്ങിയിട്ടുണ്ടാവും.
നിന്നെ കാണുമ്പോൾ
അവസാന തിളക്കത്തിന്
കൊതിക്കാതിരിക്കില്ല.

ഓർത്തുവയ്ക്കാനും
ഓമനിക്കാനും
നീ തന്ന മധുരങ്ങളിൽ
ഉറുമ്പരിച്ചു തുടങ്ങിയിട്ടുണ്ടാവും.

സ്വന്തമാണെന്ന ഉൾക്കുളിരോടെ
അവസാനശ്വാസത്തിലും
അവയെ ഇറുകെപ്പുണർന്നുള്ള
എന്റെ കിടപ്പിൽ
നിന്റെ നിലതെറ്റരുത്.

ആ നെഞ്ചിൽ പിടയ്ക്കുന്ന
പറഞ്ഞുതീരാത്ത കഥകൾക്ക്
അപ്പോഴും ഞാൻ കാതോർക്കുന്നുണ്ടാവും.
ചേർത്തണച്ചുപകർന്ന
അവസാനപിടപ്പിൽ
അലിഞ്ഞൊന്നായിപ്പോയ വരികൾ
അപ്പോൾ നീ ഓർക്കാൻ ശ്രമിക്കരുത്

പൂവിടാൻ വിളിക്കുമ്പോൾ
കൈകൾ വിറയ്ക്കും
സാരമില്ല
നമ്മിൽ പൂത്തിറങ്ങിയ വസന്തം
മറ്റാർക്കുമറിയില്ലല്ലോ

കണ്ണു നിറഞ്ഞു പോയെന്നു കരുതി
ഭയപ്പെടേണ്ട
മരണമായതുകൊണ്ട്
ആരും വിചാരണ ചെയ്യില്ല

അത്രയെങ്കിലും മാർദ്ദവം
മരണത്തിലല്ലാതെ
മറ്റെവിടെയാണ്
പ്രതീക്ഷിക്കാനാവുക?

നൂറനാട് പടനിലം സ്വദേശിനി. തകഴി DBHSS ഹയർ സെക്കണ്ടറി അധ്യാപികയാണ്. ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു