‘നിശ്ശബ്ദത പാലിക്കുക’ എന്നൊരു അദൃശ്യനിർദ്ദേശം പാലിച്ചിട്ടെന്നപോലെ വീടും തൊടിയും ഒരു മൗനത്തിലാണ്ടു കിടന്നു. ഗേറ്റു തുറക്കുന്ന കരകരശബ്ദം അതിനെ അലോസരപ്പെടുത്തിയെന്നു തോന്നി. ഓഫീസിൽ നിന്നു മടങ്ങുമ്പോൾ, ഉച്ചമുതൽ നെഞ്ചിലെടുത്തുവച്ച് ഒപ്പം കൊണ്ടുപോന്നൊരു സന്തോഷച്ചിമിഴ് അവിടെയപ്പോൾ വീണുടയുകയും ചെയ്തു. വൈകുന്നേരച്ചൂലും കാത്ത് വിശാലമായ മുറ്റത്തു നിരന്നു കിടക്കുന്ന കരിയിലകളെയും കടന്ന് അകത്തേയ്ക്കു കയറി.
ഡ്രസ് മാറിച്ചെന്ന് ആദ്യം രണ്ടു മധുരമില്ലാച്ചായകൾ ഉണ്ടാക്കണം – ഒന്നു തനിക്കും മറ്റേത് ഹരിയേട്ടനും. ആൾ തന്നെക്കാൾ ഒരു മണിക്കൂർ മുമ്പെയെത്തും. വന്നാലും മിക്കവാറും ഓഫീസ് മുറിയിലായിരിക്കും. ചായ അങ്ങോട്ടെത്തിക്കുകയാണ് പതിവ്. ചായയ്ക്കുശേഷം ജോലികളുടെ മടുപ്പിക്കുന്ന വിരസതയിലേക്ക് കൂപ്പുകുത്തണം. പ്രായം മുമ്പോട്ടല്ലേ, പുറംജോലികൾക്കെങ്കിലും ഒരാളുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ട്. അതൊന്നും അദ്ദേഹത്തിനു സ്വീകാര്യമല്ല. രണ്ടുപേരല്ലേയുള്ളു അതിന്റെയൊന്നും ആവശ്യമില്ല എന്ന നിലപാട് – നാലു പേരായിരുന്നപ്പോഴും സ്ഥിതി മറിച്ചൊന്നുമായിരുന്നില്ലല്ലോ.
നീരജയുടെ കല്യാണനിശ്ചയത്തലേന്ന് വിലാസിനിയപ്പച്ചി പറഞ്ഞ വാക്കുകൾ ഓർത്തു. “നമ്മുടെ കുടുംബത്തിൽ ഏറ്റവും ഭാഗ്യവതി നീയാടീ ലോലിതേ. രണ്ടുപേരും ഗസറ്റഡ് ഉദ്യോഗസ്ഥർ. എല്ലാ സൗകര്യോമുള്ള വല്യവീട്, വണ്ടികൾ. പിള്ളേരാണേലോ? മോൾക്ക് ജോലി കിട്ടിയപുറകെ ഇപ്പം ദേ കല്യാണോമായി. മോൻ രണ്ടു കൊല്ലം കഴിയുമ്പം എഞ്ചിനീയറായിട്ടെറങ്ങും. അന്ന് എട്ടൊമ്പതു വയസ്സു വ്യത്യാസമൊണ്ടെന്നും പറഞ്ഞ് നിന്റമ്മ മനസ്താപപ്പെട്ടു നിന്നപ്പം ഞാൻ നിർബന്ധിച്ചകൊണ്ടല്യോ? “
……
കയ്യോന്നിയും ചെമ്പരത്തിയുമിട്ടു കാച്ചിയ വെളിച്ചെണ്ണ തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിച്ചു കൊടുക്കുകയായിരുന്നു മുത്തശ്ശി. “മതി മുത്തശ്ശീ എണ്ണതേച്ചത്….., ഇനി ഒരു കഥ പറയ്.” കഥകളുടെ അക്ഷയപാത്രമായിരുന്നല്ലോ മുത്തശ്ശി.
“പിന്നേ കഥ! എന്റേലെ കഥയെല്ലാം തീർന്നു. ഓരോ കഥേം ആയിരം തവണേങ്കിലും പറഞ്ഞിട്ട്ണ്ട്. സാധാരണ കുട്ട്യോൾക്ക് വലുതായാ കഥ വേണ്ട. ഇതിപ്പോ പെണ്ണിനു പത്തുപതിനെട്ടു വയസ്സായി. …ന്നിട്ടും കഥ വേണോത്രേ! ഇനി നെന്നെ വൈകാണ്ട് കെട്ടിച്ചു വിടൂലോ? അപ്പ നെന്റെ ചെക്കൻ പറഞ്ഞുതരും കഥ! “
ഓർത്തു നിൽക്കെ ഉള്ളിലൊരു ചിരിപൊട്ടി. കഥ പോലും! കാലം എല്ലാം ഒഴുക്കിനൊത്തു കൊണ്ടുപോയി. കഥകളെയും ഇഷ്ടങ്ങളെയുമെല്ലാം കുഴിച്ചുമൂടി അതിനു മീതെ ഭർത്താവ്, കുട്ടികൾ, ജോലി, വീട് എന്നൊരു പരമ്പരാഗതജീവിതപാത പണിതുവച്ചു. ഭാര്യയെക്കാൾ തനിക്കു ചേരുന്ന പദം ‘അനുസരണയുള്ള കുട്ടി’ എന്നായിരുന്നു. മക്കൾക്ക് കർക്കശക്കാരനായ അച്ഛൻ. പോകെപ്പോകെ ആ ഇഷ്ടങ്ങൾക്കപ്പുറം കടക്കാൻ കഴിയാത്തവിധം വിധേയത്വത്തിന്റെ ഒരാവരണം വന്നു ജീവിതത്തെ പൊതിഞ്ഞു. ആ ആവരണമാണല്ലോ കാലാകാലങ്ങളായി പെണ്ണിന് ‘ഉത്തമകുടുംബിനി’ എന്ന പേരു ചാർത്തിക്കൊടുക്കുന്നത്!
വൈകിയുറക്കങ്ങൾ ഓഫീസു മുറിയെ ഉറക്കറയും കൂടിയാക്കുക പതിവായപ്പോൾ ഒരു ചുവരിന്നപ്പുറത്തേക്കുള്ള ദൂരം നടന്നാലും നടന്നാലും തീരാത്തതായി. നീരജയുടെ വിവാഹം കഴിയുകയും നിരഞ്ജൻ ഹോസ്റ്റലിലാകുകയും ചെയ്തതോടെ വീടിനെ ഒരു വലിയ മൗനം വന്നു പൊതിഞ്ഞു. ഓഫീസ് സമയം ഒഴികെ വീട്ടിലുള്ള സമയങ്ങളിൽ മിക്ക്സി, വാഷിങ് മെഷീൻ, വല്ലപ്പോഴും വളരെ കുറഞ്ഞ ശബ്ദത്തിൽ കുറച്ചു സമയത്തേക്കു മാത്രം പ്രവർത്തിപ്പിക്കുന്ന ടി.വി തുടങ്ങിയ ചില യന്ത്രോപകരണങ്ങളുടെ ശബ്ദമല്ലാതെ മനുഷ്യശബ്ദങ്ങൾ കേൾക്കുക തീരെക്കുറവായിരുന്നു. അവയെപ്പോലെ തന്നെ കൃത്യമായ ദിനചര്യകളിൽ പ്രവർത്തിക്കുന്ന ഒരു യന്ത്രമാണല്ലോ താനും! രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ മക്കളുമായി ഏതാനും മിനുട്ടുകൾ മാത്രം നീളുന്ന ഫോൺ സംഭാഷണങ്ങൾ. അവർക്കും നേരമില്ല. വല്ലപ്പോഴും വീട്ടിൽ വരുമ്പോഴും അവരവരുടെ മുറികൾക്കുള്ളിലടച്ചിരിക്കും.
ഇടയ്ക്കിടെ വീടിനെ ചലനാത്മകമാക്കിയിരുന്ന കൊച്ചു കൊച്ചുവഴക്കുകളും പൊട്ടിത്തെറികളും പോലും വറ്റിപ്പോയപ്പോഴാണ്, അവയൊക്കെയും എത്രമേൽ പ്രിയപ്പെട്ടതായിരുന്നു എന്നു തിരിച്ചറിഞ്ഞത്. ഈ മടുപ്പുകളെല്ലാം വിട്ടെറിഞ്ഞ് ദൂരെയെവിടേക്കെങ്കിലും ഓടിപ്പൊയ്ക്കളയണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അപ്പോഴെല്ലാം അതിൽനിന്നും പിന്തിരിപ്പിച്ച ഘടകം, ഒരു ‘ഭാഗ്യവതി’ യാകാൻ വേണ്ട ചേരുവകളെല്ലാം കൃത്യമായ അളവിൽ ചേർത്തു നിർമ്മിച്ചെടുക്കപ്പെട്ടൊരാൾക്ക് ലോകസമക്ഷം ബോധിപ്പിക്കാൻ വിശ്വാസയോഗ്യമായ ഒരു കാരണമില്ല എന്നതാണോ? അതോ വൈകിയെത്തിയേക്കാവുന്ന ചില തിരിച്ചറിവുകൾ, ഒരിക്കലും തിരിച്ചു കൊണ്ടുവരാനാകാത്ത നഷ്ടങ്ങളുടെ തീരാവേദനകളായാലോ എന്ന ഭയമോ? അറിയില്ല.
…………
സഹപ്രവർത്തക ഷഹന വീട്ടുകാര്യങ്ങൾ പറയുന്ന കൂട്ടത്തിൽ അവളുടെ ഹസ്ബൻഡ് ഇടയ്ക്കിടെ സമ്മാനിക്കാറുള്ള സർപ്രൈസ് ഗിഫ്റ്റുകളെക്കുറിച്ചും പറയാറുണ്ട്. “ചിലപ്പോ പണ്ടെങ്ങാൻ ചോദിച്ച എന്തേലുമായിരിക്കും -അതല്ലെങ്കിൽ ഇപ്പ ഒട്ടും ആവശ്യോല്ലാത്തത്. എന്നാലും അതൊരു സന്തോഷാണ് ചേച്ചീ. എത്ര പിണക്കമാണേലും അതിലങ്ങലിഞ്ഞു പോകും. “
തന്റെ പരാതിപ്പിറുപിറുക്കലുകളിലെങ്ങോ അറിയാതെ കടന്നുവന്ന ഈ വിഷയത്തെ, ”ആരാണ്ട് പറയുന്നതു കേട്ടിട്ട് ” എന്ന ഒറ്റയൊരാക്രോശമങ്ങ് വിഴുങ്ങിക്കളഞ്ഞു.
ഷഹനയാണ് ഫേസ് ബുക്കിൽ ഒരു അക്കൗണ്ട് ഉണ്ടാക്കിത്തന്നത്. ‘ചേച്ചിക്ക് ഇഷ്ടം പോലെ വായിക്കാലോ, വേണേൽ വല്ലതും എഴുതേം ചെയ്യാ ‘ ന്നു പറഞ്ഞ്. നല്ല കഥയിടങ്ങൾ തിരഞ്ഞുതിരഞ്ഞ് ഒടുവിൽ ‘കഥേഷ്ട’ ത്തിലേക്കു വന്നു. കഥയിഷ്ടം, അതോ യഥേഷ്ടം കഥയോ – എന്തായാലും ഒരു കഥാഗ്രൂപ്പിനു പറ്റിയ പേരു തന്നെ. ഇഷ്ടം പോലെ കഥകളുണ്ടാവും; പിന്നെ വായനക്കാരുടെ അഭിപ്രായങ്ങളും വിമർശനങ്ങളും…. സമയം കണ്ടുപിടിച്ച് വായിക്കാൻ തുടങ്ങി. അങ്ങനെയാണ് ഒരു ദിവസം അവരുടെ കഥാമത്സരത്തിന്റെ അറിയിപ്പ് കാണുന്നതും, വേണോ വേണ്ടയോ എന്നു പലതവണ സംശയിച്ച് മനസ്സിൽ നിന്നുള്ള കുത്തിക്കുറിപ്പുകളെ ഒരു കഥാരൂപത്തിലാക്കി അയയ്ക്കുന്നതും. കഴിവു തെളിയിച്ച ധാരാളം എഴുത്തുകാർക്കിടയിൽ, ഒരു കഥാകാരിയൊന്നുമല്ലാത്ത വർഷങ്ങളായി എഴുത്തുകളെ പടിക്കു പുറത്തു നിർത്തിയ ഒരാൾ എന്തു പ്രതീക്ഷ വയ്ക്കാനാണ്? ഒരു കൗതുകത്തിന് അയച്ചു എന്നു മാത്രം.
ഇന്ന് ലഞ്ചിനു ശേഷം വെറുതെ മൊബൈലെടുത്തു നോക്കിയപ്പോഴാണ് കഥാമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചിരിക്കുന്നതു കണ്ടത്.
ഒന്നാം സമ്മാനത്തിനർഹമായ കഥ ലോലിതാവിനയന്റെ ‘ഒരേമൗനം ‘! വിശ്വാസം വരാതെ വീണ്ടും വീണ്ടും നോക്കി. താഴോട്ട് രണ്ടും മൂന്നും സമ്മാനക്കാരുടെ പേരുവിവരങ്ങളും കഥയുടെ പേരും ഉണ്ട്. ”സമ്മാനാർഹർ അഡ്രസ് അയച്ചുതരിക. അവർക്കുള്ള സമ്മാനപുസ്തകങ്ങൾ ഉടനെ അയച്ചുതരുന്നതാണ്.”
മനസ്സിനുള്ളിലെ പുസ്തകത്താളിലെവിടെയോ പതിനെട്ടോ പത്തൊമ്പതോ വയസ്സിൽ എടുത്തു വച്ചൊരു മയിൽപ്പീലി പെറ്റുപെരുകുന്നുണ്ട്. പക്ഷേ അത് ആരോടാണൊന്നു പങ്കുവയ്ക്കുക! ഷഹന ഒരാഴ്ചത്തെ ലീവിലാണ്. കഥ അയച്ചതൊന്നും അവളോടും പറഞ്ഞിട്ടില്ല. ഓഫീസിലെ അഡ്രസാണ് അയച്ചുകൊടുത്തത്. അയച്ചു കഴിഞ്ഞപ്പോഴാണ് വീണ്ടുവിചാരമുണ്ടായത്. എന്തൊരു മണ്ടിയാണ് താൻ! അഡ്രസ്സിനൊപ്പം ഒരു നന്ദിവാക്കുപോലും പറഞ്ഞില്ലല്ലോ! ഇനിയിപ്പോ രാത്രി വീട്ടുജോലികൾക്ക് ശേഷം അയയ്ക്കാം.
ഉച്ചകഴിഞ്ഞ് നല്ല ജോലിത്തിരക്കായിരുന്നെങ്കിലും ചെയ്യാനൊരു പ്രത്യേക ഊർജ്ജം തോന്നി. മനസ്സിൽ അടച്ചുവച്ച സന്തോഷം വൈകിട്ട് വീടിന്റെ ഗേറ്റുവരെ ഒപ്പം പോന്നു.
………………
ഒരു ഫോൺകോൾ വരികയും പരിഭ്രാന്തമായ സംസാരം പെട്ടെന്നവസാനിപ്പിച്ച് തിടുക്കത്തിൽ വേഷം മാറി ആൾ പുറത്തേയ്ക്കു പോകാനൊരുങ്ങിയിറങ്ങുകയും ചെയ്തു.
“ലല്ലീ … ഓഫീസിലെ ഡ്രൈവർ സതീശിന് ചെറിയൊരാക്സിഡന്റ്. കുഴപ്പമില്ലെന്നാ പറഞ്ഞത്. എന്നാലും ഞാനൊന്ന് ഹോസ്പിറ്റൽ വരെ പോയിട്ട് വരാം. ഗേറ്റടച്ചേക്ക് .”
സതീശിനെ അറിയാം. ചെറുപ്പക്കാരനാണ്. കഷ്ടമായല്ലോ എന്നോർത്തു.
‘ലല്ലീ ‘ എന്നുതന്നെയാണോ വിളിച്ചത്? അതോ തനിക്കു തോന്നിയതോ? വീട്ടിലെ വിളിപ്പേരായിരുന്നു. കല്യാണം കഴിഞ്ഞ നാളുകളിലെങ്ങോ വിളിച്ചിരുന്നു എന്നാണോർമ്മ. എന്തായാലും കുട്ടികളായശേഷം അങ്ങനെ വിളിച്ചു കേട്ടിട്ടില്ല. ‘എടോ’, ‘താൻ ‘ അതുമല്ലെങ്കിൽ ‘ലോലിത ‘ എന്ന അടുപ്പം തോന്നാത്ത വിളികളുള്ളപ്പോൾ ആ ചെല്ലപ്പേരിനെവിടെ സ്ഥാനം!
ഗേറ്റടച്ചു, മുൻവാതിലും. അത്താഴപ്പണികൾ ഇനിയും ബാക്കിയുണ്ട്. ദോശയോ ഇഡ്ഡലിയോ ആണു പതിവ്. ഭക്ഷണം ചൂടോടെ വേണം. പഴയതൊന്നും ചൂടാക്കിയെടുക്കുന്നത് ഇഷ്ടമല്ല. ഓരോ ദിവസവും സാമ്പാറോ ചട്നിയോ മാറിമാറി ഉണ്ടാക്കണം. എന്തുതന്നെയായാലും അതിന്റെയൊപ്പം ഒരു ഓംലറ്റുകൂടി വേണമെന്ന് നിർബന്ധമായിരുന്നു. ചേതമില്ലാത്ത ഒരു കുഞ്ഞുവാശിയോ പ്രതികാരമോ പോലെ അടുത്ത കാലത്തായി അതുണ്ടാക്കിക്കൊടുക്കാറില്ല. ആദ്യമാദ്യം മുഖം കറുപ്പിച്ചിരുന്നെങ്കിലും പോകെപ്പോകെ അതില്ലാതായി. പരാതികളില്ലാതിരുന്നു കഴിക്കുന്നതു കാണുമ്പോൾ ‘നീയൊരിക്കലും നന്നാവില്ലെ’ന്ന് ഉള്ളിലിരുന്നാരോ പറയുന്നതിനൊപ്പം തന്നെ ഒരു കുറ്റബോധവും തോന്നാറുണ്ട്. അല്ലെങ്കിലും ശക്തമായ പ്രതിരോധമില്ലാത്തിടത്ത് ഏതു വാശിയുടെയും മുനയൊടിഞ്ഞു പോകുമല്ലോ!
അടുക്കളയിലേക്കു തിരിയുമ്പോഴാണ് ഓഫീസ് മുറിയുടെ വാതിൽ ചേർത്തടയ്ക്കാഞ്ഞതും ഉള്ളിൽ ലൈറ്റിട്ടിരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടത്. സാധാരണ എവിടെപ്പോയാലും ആ മുറി പൂട്ടിയിടാറാണ് പതിവ്. കുട്ടികൾ കളിച്ചു നടക്കുന്ന പ്രായത്തിൽ തുടങ്ങിയ പതിവാണ്. അങ്ങോട്ടാർക്കും പ്രവേശനമില്ല. അതിനകം വൃത്തിയാക്കുന്നതും അദ്ദേഹം തന്നെയാണ്. തിടുക്കപ്പെട്ട് പോയപ്പോൾ ലൈറ്റ് ഓഫാക്കാനും വാതിലടയ്ക്കാനും മറന്നിട്ടുണ്ടാവും.
എന്തായാലും ലൈറ്റണച്ചേക്കാമെന്നു കരുതി ചാരിയ വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറി. സ്വിച്ച് ബോർഡിലേക്കു തിരിയുമ്പോഴാണ് മേശപ്പുറത്തേക്ക് നോട്ടം പോയത്. ലാപ്ടോപ്പ് തുറന്നിരിക്കുന്നു. സ്ക്രീൻ ഓഫാണ്. അതിനടുത്ത് ബ്രൗൺ നിറത്തിൽ ഭംഗിയായി പൊതിഞ്ഞ ഏതാനും പാക്കറ്റുകൾ. ആകാംക്ഷ കൊണ്ട് അടുത്തുചെന്ന് നോക്കി. ‘ലോലിതാ വിനയൻ’ എന്ന പേരും തന്റെ ഓഫീസ് അഡ്രസും പ്രിൻറു ചെയ്ത് ഭംഗിയായി ഒട്ടിച്ചിരിക്കുന്നു. അവിശ്വാസത്തോടെ അടുത്ത രണ്ടു പാക്കറ്റുകളും എടുത്തു നോക്കി. അതേ, രണ്ടും മൂന്നും സ്ഥാനക്കാരുടെ പേരും അഡ്രസ്സും!
ഒരു ഞെട്ടൽ ശ്വാസഗതിക്കു കുറുകെ വന്നുവീണതുപോലെ! കരയണമോ ചിരിക്കണമോ എന്നറിയാത്ത ഒരു മൗഢ്യം വന്നുപൊതിഞ്ഞു. വാതിൽ അതേപോലെ തന്നെ ചാരിവച്ച് പതിവിടമായ കിച്ചൻ സ്ലാബിൽച്ചെന്ന് ചാരിനിൽക്കവേ, എന്തിനെന്നറിയാതെ കവിൾദൂരവും പിന്നിട്ട് കണ്ണുനീർ മാറിലേക്കൊഴുകിയിറങ്ങി. ഇരുപത്തെട്ട് വർഷങ്ങളായി കാലിൽ കൊരുത്തു കിടന്ന കല്ലിന്റെ ഭാരത്തിൽ നിന്നും സ്വതന്ത്രയായ ഒരു തുമ്പി കുഞ്ഞിച്ചിറകുകൾ വീശി ആകാശത്തേക്കപ്പോൾ പറന്നു പോയിരുന്നു.
അദ്ദേഹം വരുമ്പോൾ ചെറുതല്ലാത്ത ഒരു വഴക്കുണ്ടാക്കണമെന്ന് അപ്പോൾ ചിന്തിച്ചു. ഒന്നു രണ്ടു ബട്ടണുകൾ പൊട്ടിയടർന്നുവീഴും വിധം ഷർട്ടിന്റെ കോളറുകൾ പിടിച്ചുലച്ച് ഒച്ചയുയർത്തി ദേഷ്യമത്രയും പുറത്തേക്കു കുടഞ്ഞിട്ട്, അവസാനം നീണ്ട ഒരു പൊട്ടിക്കരച്ചിലിൽ പര്യവസാനിക്കുന്ന വഴക്ക്…. അതോ ഓർക്കാപ്പുറത്ത് ചെന്ന് പിന്നിൽ നിന്നും ഒന്നു കെട്ടിപ്പിടിക്കണമോ? തൊട്ടടുത്ത നിമിഷം താനെത്ര ബാലിശമായാണ് ചിന്തിക്കുന്നതെന്ന ഓർമ്മ ചുണ്ടിലൊരു നാണച്ചിരി വരുത്തി.
അരുത്, ഒന്നുമരുത്.
ചുറ്റും നിറഞ്ഞിരുന്ന പ്രിയതരമായ മൗനത്തെ ഒരു തേങ്ങൽ കൊണ്ടോ ഒരു നേർത്ത പാദപതനം കൊണ്ടോ പോലും മുറിപ്പെടുത്തരുതെന്ന് ആഗ്രഹിക്കുമ്പോൾത്തന്നെ, ഇതേ മൗനം തന്നെയായിരുന്നല്ലോ ഭീതിദവും അരോചകവുമായി ഇത്രനാളും ഇവിടെ ഉണ്ടായിരുന്നതെന്ന ഓർമ്മ അതിശയിപ്പിക്കുകയും ചെയ്തു.
ഫ്രിഡ്ജിന്റെ മുകളിൽ വച്ചിരുന്ന മൊബൈലെടുത്ത് സമ്മാന വിളംബരത്തിന് ഒരു മറുപടി അയച്ചു…., ”ഉപഹാരങ്ങൾ എപ്പോഴും ഊർജ്ജദായകമാണ്; പ്രത്യേകിച്ചും അവ അവിശ്വസനീയമാംവിധം അപ്രതീക്ഷിതമാകുമ്പോൾ.”
അനന്തരം ഫ്രിഡ്ജുതുറന്ന് ദോശമാവും രണ്ടു മുട്ടകളും പുറത്തെടുത്തു വച്ചു. അത്താഴത്തിന് ദോശയോടൊപ്പം സാമ്പാറിനു പുറമെ ഓംലറ്റുകൂടി ഉണ്ടാക്കണം!