പ്രണയഗ്രഹണം

പ്രണയത്തീക്കനലിൽ വീഴും
ചിറകറ്റൊരു പക്ഷിക്കൂട്ടം
മധുരത്തേൻമൊഴിയിൽ തൊട്ട്
പ്രണയത്തിൻ മുൾമുടിയേറ്റ്

ഹൃദയത്തിൽ പകയുടെ താളം
വിരഹത്തിൽ തീയുടെ ചൂട്
ദയ വറ്റിയ മനസ്സിന്നരുവി
നിലതെറ്റിയ ചുഴിയുടെ മന്ത്രം

പ്രണയത്തിന്നക്ഷരലിപിയിൽ
പനിനീർപ്പൂവിതളുകളില്ല
കലമാനിൻ കൊമ്പുകൾ പോലെ
ചുരുളുന്നൊരു വാക്കായ് പ്രണയം

ഹൃദയം കൊണ്ടെഴുതിയ വാക്കേ,
മിഴിനീരാൽ തൊട്ടൊരു പൂവേ!
നറുതേനിൻ മധുരക്കനിയേ,
പ്രണയത്തിൻ ചന്ദ്രനിലാവേ!

കവി പാടിയ പ്രണയപ്പുഴയിൽ
യമുനാനദി ചുറ്റും കാറ്റിൽ
മഴപെയ്തൊരു പുലരിത്തോപ്പിൽ
പ്രണയം പെയ്തൊഴുകിപ്പോകെ;

സിരപൊട്ടിയ രക്തച്ചോപ്പിൽ
മദഗന്ധകഗന്ധം നിറയെ
ഇഴതെറ്റിയ മേഘച്ചുരുളിൽ
ഇടിമിന്നൽത്തീക്കനലേറ്റി

തലകൊയ്യാൻ വാളും കൊണ്ട്
അരികത്തൊരു പ്രേമഭ്രാന്തൻ
ഇലമൂടിയ നാട്ടിൻ വഴിയിൽ
ചതിതൂവും വിഷനാഗങ്ങൾ

വിടചൊല്ലാനാസിഡ് തുള്ളി
വെടിവയ്ക്കാൻ തോക്കിൻ മുനകൾ
മരണത്തിന് റെയിലിൻ പാളം
കയറിൻ്റെ കുരുക്കും പൂട്ടും

വഴിതെറ്റിയ കൂട്ടം പോലെ
ചിതറുന്നൊരു പ്രണയക്കാഴ്ച
കൊഴിയുന്നത് പാതിവിടർന്ന
പുതുപൂവിന്നിതളുകളാണേ

ചിരിയെല്ലാം മായ്ക്കും നോട്ട-
പ്പിശകാണേ പ്രണയം ഇന്ന്
പ്രളയത്തിൻ തിരയേറ്റം പോൽ
കരയേറ്റം പിന്നെയിറക്കം

ഭ്രമവിഭ്രമലഹരിത്തരിയിൽ
ഉലയൂതിയൊരാലയ്ക്കുള്ളിൽ
പനിതുള്ളിവിറയ്ക്കും നേരം
മറയുന്നൊരു സ്ഥിരബോധത്തിൽ

ചിറകെല്ലാം കരിയുന്നേരം
കനവെല്ലാം ചിതയാകുമ്പോൾ
നിഴലിൻ്റെ തണൽക്കൂടൊന്നിൽ
തളരുന്നൊരു ഹൃദയാകൃതിയിൽ

മുറിവിറ്റിയ നീർച്ചോലകളിൽ
കുളിരുന്നൊരു കാറ്റിന്നുള്ളിൽ
മധുരക്കാമ്പിറ്റിക്കുന്ന
ചതിഭൂമിയതുണ്ടെന്നാലും

ഹൃദയം തൊട്ടെഴുതും നേരം
മഴയെല്ലാം മായും നേരം
പ്രണയക്കനിയെല്ലാം വീണ്ടും
പുതുമഴയിൽ തളിർപൊട്ടുന്നു

പകലിൻ്റെ വസന്തക്കാഴ്ച
പദനിസ്വനമരികിൽ തന്നെ
പിടിവിട്ടൊരു മേഘത്തരിയിൽ
മഴവില്ലുകളൊളിമിന്നുന്നു

എഴുതാനായ് ആകാശത്ത്
വിരിയുന്നൊരു സാന്ധ്യവിളക്ക്
മിഴിപൂട്ടിയിരിക്കും നേരം
പ്രണയത്തിൻ ചെമ്പകഗന്ധം

പ്രണയത്തിൻ മാന്ത്രികദണ്ഡിൽ
ഒരു വജ്രത്തരിപാറുന്നു
ഒരു കാന്തവിളക്കിന്നരികിൽ
ശലഭങ്ങൾ വന്നണയുന്നേ

കരിയുന്നത് ചിറകുകളാണേ
പിരിയുന്നത് സങ്കടമാണേ
പ്രണയത്തിൻ മോഹിതഭൂവേ
ഗ്രഹണത്തെ തരളിതമാക്കൂ

വിടപറയും നേരം ഹൃദയം
പനിനീർപ്പൂദലമായ് മാറ്റൂ
വിടപറയും നേരം വീണ്ടും
പ്രണയത്തെ പ്രണയിച്ചോളൂ

നക്ഷത്രങ്ങളുടെ കവിത, സൂര്യകാന്തം, അർദ്ധനാരീശ്വരം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൾ കർണ്ണാടക മലയാളി അസോസിയേഷൻ ബെസ്റ്റ് പൊയട്രി പ്രൈസ്, കവി അയ്യപ്പൻ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ബാംഗ്ലൂർ നിവാസി. പ്രശസ്ത കഥകളിനടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയുടെ മകളാണ്.