പക്ഷിയുടെ വിടർന്ന ഒറ്റച്ചിറകിനുമറവിലെ താറുമാറായ വെളിച്ചത്തിന്റെ പൂക്കളം

പുറത്തിരുന്ന്
ഒരു തവിട്ടൻ പക്ഷി
എന്റെ ചിമ്മിനി വിളക്ക്
വീശിക്കെടുത്തിക്കൊണ്ട്
വാതുക്കലേക്ക് പഴുത്ത് ചീഞ്ഞ
ഇരുട്ടിനെ കൊത്തിവലിച്ചിട്ടു.
അരുതുശാസനകൾ രചിക്കപ്പെട്ട
നരവീണ കറുത്ത തൂവാല,
പോയ കാലത്തെ മണ്ണുതിന്ന്
തേഞ്ഞു നരവീണ തുകൽ വാറ്.

അടുക്കളവാതിൽ തുറന്നു കൊണ്ട്
ഗ്രഹണം ബാധിച്ച കറുത്ത നട്ടുച്ച
ചോറ് വാർക്കുന്ന
അമ്മമ്മയുടെ തോർത്തുമുണ്ടിൽ
കരി പുരട്ടുന്നു.
അമ്മമ്മയുടെ കഴുത്തിൽ
നെറ്റിയിൽ
ഇടുപ്പിൽ
ഗ്രഹണത്തിന്റെ കറുത്ത മഷിത്തുള്ളി
കുടഞ്ഞിടുന്ന നട്ടുച്ച.

തവിട്ടൻ പക്ഷി
രാത്രിയായോ എന്നോർത്ത്
കൂട്ടിലേക്കുള്ള പടിഞ്ഞാറേ ദിശ തെറ്റി
കാലുകൾ വേച്ച് നടക്കുന്നു.
ശിഥിലമായ കരിക്കട്ട കൊണ്ട്
ആളുകൾ നേരം പോക്കിൽ
ചുവരിലാരുടെയൊ
അവിഹിതമെഴുതിയതുപോലെ
പക്ഷിയുടെ നിഴൽ.
എനിക്കത് മായ്ച്ചുകളയണമായിരുന്നു.
ഞാൻ അമ്മമ്മയുടെ
തോർത്തുമുണ്ടുമായി
ഒളിച്ചു കടക്കുന്നു.

പുറത്തേക്കിറങ്ങാൻ നോക്കിയ അമ്മമ്മ
അകത്തെന്തോ കരിഞ്ഞ മണമെന്ന
തോന്നലിൽ തിരിച്ചു കയറി
ഒറ്റ നിൽപ്പ് തുടരുമ്പോൾ
ഇലകൾക്കും കിളികൾക്കുമിടയിൽ
പകലിലൊരു രാത്രിയങ്ങനെയിഴഞ്ഞ്
അടുപ്പിൽ ചുരണ്ടു കിടന്നു.
നിലത്ത് നിലാവിന്റെ കീറകഷ്ണപ്പാതി
കാലിൽചുറ്റിയ രാത്രിയുടെ ഉപ്പിളി
തവിട്ടൻപക്ഷി കൊത്തിവലിക്കുന്നു.
വീടിനെ പാതിമറച്ച പുക
അമ്മമ്മയെ വിലക്കുകളുടെ
ഗ്രഹണകാലത്തേക്ക്
വിവർത്തനം ചെയ്യുന്നു.

മുൻപ് ഈ വഴി പോയിട്ടില്ലാത്ത
എന്നെപ്പോലൊരുത്തി
ഇനി ഞാൻ കയറാനിടയില്ലാത്ത
ബസിൽ കയറി
എന്നെപ്പോലെ പോകാനിടയില്ലാത്ത
സ്റ്റോപ്പിലേക്കിറങ്ങുന്നു
പിരിയൻവഴികളിലെ
പകലിലെ വെയിലിനിടെ
ഇത്രയും നേരത്തേ ഇരുട്ടിയതെന്താണ്?
മങ്ങിയ പകൽ കടന്ന്
ഓർമകളുടെ അരികുകത്തിയ ചൂട്ട്
ഉണങ്ങിയ ഓർക്കാപ്പുറത്തേക്ക്
ചാരി വയ്ക്കുന്നു
തീപിടിക്കുന്നു.
ഇപ്പോൾ എവിടെയാണ് ഗ്രഹണം
വിഴുങ്ങുന്നത്?

തിരിച്ചു വരുമ്പോൾ
തണുത്തുവാടിയ തമിഴൻജമന്തിപ്പൂക്കൾ
ചൂടുള്ളതും അത്ര ഭംഗിയില്ലാത്തതുമായ
കുറുകിയ ഇരുണ്ട പിൻകഴുത്തിലാണ്
ചുറ്റിപ്പിടിക്കുന്നത്.
എന്റെ പിൻ സീറ്റിലിരുന്നൊരാൾ
തവിട്ടൻ പക്ഷിയെപ്പോലെ
പൂക്കൾക്കിടയിലൂടെ ഒളിഞ്ഞ് നോക്കുന്നു.
എനിക്കപ്പോൾ ഗ്രഹണകാലത്തെ
ചന്ദ്രനെ ഓർമ വരുന്നു.

എന്റെ പൊയ്പ്പോയ ആഹ്ളാദത്തെപ്പറ്റി
ഓടുന്ന ബസ്സിലെ കാറ്റിൽ
മുടിപ്പൂക്കൾ പുതിയൊരു
നൃത്തരൂപം തീർക്കുമ്പോൾ
കഴുത്ത് അയഞ്ഞു വീഴുന്ന
ഗ്രഹണം ബാധിച്ച ഇരുണ്ട
വനാന്തരങ്ങളിലേക്ക് ഒളിപാർക്കുന്നു.
അതിലെ വിയർത്ത നദിയുടെ
കുത്തൊഴുക്ക്
കപാലിയെ പുണർന്ന
ഗംഗയെപ്പോലെ കുതിച്ചു.

പെട്ടന്ന്
എന്റെ പിന്നിലെ തവിട്ടൻ പക്ഷി
അശരീരിയുടെ
മുഴക്കവുമായി എന്റെ ആഹ്ളാദത്തിന്റെ
ചുവട് സ്തംഭിപ്പിക്കുന്നു
ഞാൻ നൃത്തമുപേക്ഷിച്ച നർത്തകി
അടുക്കളപ്പുറങ്ങളിൽ പാത്രങ്ങളെ
നൃത്തം പഠിപ്പിക്കുന്നു.
താള- ലയ വിന്യാസങ്ങളിൽ കൊട്ടുന്നു.
പുറത്തേക്കിറങ്ങാൻ നോക്കിയ ഞാൻ
അകത്തേക്ക് കയറി ഒറ്റ നിൽപ്പ്
തുടരുന്നത് പോലെ
ഇറങ്ങേണ്ട സ്റ്റോപ്പ് മാറി
തവിട്ടൻ പക്ഷിയുടെ
ഗ്രഹണം ബാധിച്ച
കവലയിലേക്കിറങ്ങുന്നു.
എന്റെ നരച്ച സാരിയിൽ
കറുത്ത ഗ്രീസ് പറ്റിപ്പിടിച്ചിരിക്കുന്നു.

വിറച്ചുകൊണ്ട്
ഒരു നാടൻ പാട്ടിന്റെ വരികൾ
ചിമ്മിനിവിളക്കിലേക്ക്
വിറ പകരുന്നു.
“എവിടെ പോകുന്നു നീ
അകത്ത് കയറെന്ന” ഉഗ്രശാസന പോലെ
വരികൾ ഉയിര് പൊള്ളിക്കുന്നു.
വാതുക്കൽ കൊത്തിവലിച്ചിട്ട
പഴുത്ത് ചീഞ്ഞ
ഇരുട്ടിനെ ചവിട്ടി ഞാൻ
തവിട്ടൻ പക്ഷിയുടെ നിഴലിൽ
തെന്നി വീഴുമ്പോൾ
എന്റെ കവിതയിൽ കൂരിരുട്ടുമായി
കയറി ചിമ്മിനി വിളക്ക് കത്തിക്കുന്നു.
എന്നിട്ടും എന്റെ കിടക്കയിൽ
ജനലിലൂടെ ഒരു കുടം
കരിവെള്ളം മറിഞ്ഞിരിക്കുന്നു.
വെളിച്ചത്തിനെന്തൊരു പാതി കറുപ്പാണ്!

ഞാൻ എവിടെയാണുള്ളത്?
ഓ! ഇറങ്ങിപ്പോയ വീടിന്റെ
ഈ നരക വാതുക്കൽ തന്നെ.
ഇവിടെയും
ഒരു തവിട്ടൻ പക്ഷി
എന്റെ ചിമ്മിനി വിളക്ക്
വീശിക്കെടുത്തിക്കൊണ്ട്
വാതുക്കലേക്ക് പഴുത്ത് ചീഞ്ഞ ഇരുട്ടിനെ
കൊത്തിവലിച്ചിടുന്നു.
കഴിഞ്ഞ ദിവസത്തെ
നട്ടുച്ചരാത്രിയുടെ ഉപ്പിളി
എന്റെ നെഞ്ചിലാണ് ചുറ്റിയിരിക്കുന്നത്.

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു