വായിക്കാനാവാത്ത എഴുത്തു രീതി

കൊയ്യാൻ വിരിഞ്ഞു നിന്ന വാക്കിന്റെ
പാടത്തേക്കാണ് പ്രണയത്തിന്റെ മട വീണത്.
പൂക്കാലം മുറ്റിനിന്ന മൗനപരാഗങ്ങളെ
കാറ്റ് ഊതിയെടുത്തു..
പ്രളയത്തിന്റെ കുത്തൊഴുക്കിൽ അടിവേരുകളിളകി
വാക്കുകൾ പാഞ്ഞുപിണഞ്ഞു.
നക്ഷത്രങ്ങൾ തണ്ടറ്റ്
മഴവില്ലിൽ പൂത്തിരിയായ്.
നിന്റെ ചിരിയിലൊളിച്ച സൂര്യനെ
ചാലിച്ച് ചുണ്ടിലെഴുതിയപ്പോൾ
വിടർന്ന വസന്തത്തിന്റെ ഉടലഴകിൽ
പൂമ്പാറ്റകൾ പാറി.
പരസ്പരം കുളിർന്നുലഞ്ഞ
തളിർ മന്ത്രണങ്ങൾ…..
അന്യോന്യം ശ്വസിച്ചു രസിച്ച
സ്വരമൃദുലതകൾ …..

പ്രളയത്തിൽ മദിച്ച്
ഒഴുകിവന്ന ചിത്രപ്പണികൾ, മനോമോഹനങ്ങൾ,
സ്മൃതി സ്മാരകങ്ങൾ,
പെരുമ്പറമേളങ്ങൾ
ഉയിരുലച്ചിലുകൾ,
കഥകളായി …….
കവിതകളായി ……

മൗനം കിനിഞ്ഞുനിന്ന
അക്ഷരം രാകി
രാച്ചോർച്ചകളും പകൽവിടവുകളും
മെഴുകിയടച്ചു , ഞാൻ.
തുറക്കാത്ത പുസ്തകങ്ങളായി
എന്റെ സഹസ്രമൗനങ്ങൾ
നിന്റെ എഴുത്തിടങ്ങളിൽ
തിരണ്ടു നിൽക്കുന്നു.

അതെ നിനക്ക് ഒട്ടും വായനശീലമില്ല ….
ശ്രീസന്ധ്യകളിൽ ഞെരുടിച്ചുവന്നും
വെയിൽവേളകളിൽ തിളച്ചുപതഞ്ഞും
രാമഴകളിൽ വിളഞ്ഞുനിറഞ്ഞും
കവിത തേടുന്ന കാഴ്ചകളാണിന്നു നാം.

അതെ, എനിക്ക് നിന്നെ വായിച്ചെടുക്കാനാവുന്നില്ല.
പുതിയ ലിപികളിൽ തടഞ്ഞു വീഴുന്നു.
പ്രളയം ഞാൻ മറന്നു തുടങ്ങിയിരിക്കുന്നു.

എസ്.പി, ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ, കേരള. പ്രസിദ്ധീകരിച്ച കൃതികൾ : സഖീ ഞാൻ മടങ്ങട്ടെ (കവിതകൾ), നാവു ദഹനം (കവിതകൾ), ഇവിടെയൊരാളുണ്ട് (കവിതകൾ), ജനിക്കാത്തവരുടെ ശ്മശാനം (കഥാസമാഹാരം ), മൈ സ്റ്റോറി - (യു എ ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ആത്മകഥയുടെ മലയാളം പരിഭാഷ).