ഒരു കോൺഫറൻസ് ഹാളിൽ ആണ് നിരഞ്ജനും നിരഞ്ജന്റെ ടീമും. നിരഞ്ജൻ തന്റെ പവർപോയിന്റ് പ്രസന്റേഷൻ പ്രൊജക്ടർ ഉപയോഗിച്ചു സ്ക്രീനിൽ കാണിക്കുന്നു. അതിൽ, “താങ്ക്സ് ഓൾ, ഫ്രം നിരഞ്ജൻ മുകുന്ദൻ, സീനിയർ മാനേജർ” എന്ന് ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നു.
നിരഞ്ജൻ: അങ്ങനെ, നമ്മുടെ സോഫ്റ്റ്വെയർ പ്രോഡക്റ്റ് റിലീസ് ആയിരിക്കുന്നു. അതിനു വേണ്ടി അഹോരാത്രം അധ്വാനിച്ച എല്ലാവരോടും ഞാൻ ഈ അവസരത്തിൽ നന്ദി രേഖപെടുത്തുന്നു. നമ്മുടെ ടീമിൽ ഉള്ള രണ്ടു പേരൊഴികെ എല്ലാവരും ഇവിടെ ഉണ്ട്. അപർണ ഇന്ന് അവളുടെ വിവാഹ വാർഷികമായതിനാൽ ലീവിൽ ആണ്. മോണിക്കയെ ഞാൻ ഒഴിവാക്കിയതല്ല. പക്ഷെ, നമ്മുടെ ഇപ്പോഴത്തെ സമയം, ഉച്ചയ്ക്ക് 3 മണി എന്നു പറയുന്നത്, മോണിക്ക്യ്ക്, അമേരിക്കയിൽ, ഫീനിക്സിൽ പുലർച്ചെ 4:30 ആണെല്ലോ. അതിനാൽ, ഇവിടെ ഇരിക്കുന്ന നിങ്ങൾ എല്ലാവരോടും ഈ എക്സ്പീരിയൻസ് എങ്ങെനെ ഉണ്ടായിരുന്നു എന്ന് ചോദിക്കാം എന്നു കരുതി.
കാർത്തിക്, പറയൂ. നിരഞ്ജൻ, പുഞ്ചിരിച്ചു കൊണ്ട് കാർത്തികിന് നേരെ നോക്കുന്നു. ദീര്ഘവൃത്തമായ മേശയുടെ അങ്ങേ അറ്റത്ത് ഇരുന്ന കാർത്തിക് തിരിച്ചു പുഞ്ചിരിക്കുന്നു. സ്ക്രീനിനു സമീപത്തുള്ള കസേരയിൽ നിരഞ്ജൻ ഇരിക്കുന്നു.
കാർത്തിക്: എന്നെ സംബന്ധിച്ചു നിരഞ്ജന്റെ ടീമിൽ മാനേജർ ആയി ചാർജ് എടുത്തതിനു ശേഷമുള്ള ആദ്യത്തെ റിലീസ് ആണിത്. എന്റെ ടീമിൽ ഇവിടെയുള്ള വിദ്യ, ശ്രേയ, ഉദയ്, പിന്നെ അമേരിക്കയിൽ ഉള്ള മോണിക്ക – ഇവരോടൊക്കെ ചേർന്ന് നല്ല ഒരു പെർഫോമൻസ് കാഴ്ച വെക്കാൻ കഴിഞ്ഞു എന്നാണ് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയുന്നത്.
നിരഞ്ജൻ: ശരി. ഇനി ഉദയ് പറയൂ.
ഉദയ്: കാര്യം പറഞ്ഞാൽ, അപർണ്ണയും മോണിക്കയും ഇവിടെ ഇല്ലാത്തത് നന്നായി. മലയാളത്തിൽ തന്നെ പറയാമല്ലോ.” എല്ലാവരും ചിരിക്കുന്നു.
ഉദയ്: അല്ല, ഞാൻ കാര്യമായി പറഞ്ഞതാണ്. ഇവർക്ക് പുറമേ, ടീമിൽ കഴിഞ്ഞ മാസം വരെ നമ്മുടെ ടീമിൽ ഉണ്ടായിരുന്ന നോർത്ത് ഇന്ത്യൻസ് കരൺ ദുബേ, രൂപ് കൗർ – ഇവരിൽ ആരെങ്കിലും ഉണ്ടെങ്കിലും നമ്മൾ ഇംഗ്ലീഷിൽ തന്നെ സംസാരിക്കണ്ടേ.
നിരഞ്ജൻ: ഉദയ്, അവർക്കു പകരം എടുത്തിരിക്കുന്നവരും മലയാളികളല്ല. പിന്നെ, ഇവിടെ എല്ലാവരും മലയാളികളായതിനാൽ മലയാളം പറയുന്നു എന്ന് മാത്രം. മലയാളം അറിയാത്ത ഒരാളുടെ മുന്നിൽ വെച്ച് നമ്മൾ മലയാളം പറയുന്നത് നമ്മുടെ സംസ്കാരത്തിന് ചേർന്നതല്ല എന്ന് മാത്രമല്ല, അവർ നമ്മൾ പറയുന്നത് തെറ്റിദ്ധരിക്കാൻ സാധ്യതയും ഉണ്ട്. പിന്നെ, ഇവിടെ നമ്മുക്ക് ഈ പ്രോഡക്റ്റ് റിലീസിന്റെ കാര്യങ്ങൾ മാത്രം സംസാരിക്കാം.
ഉദയ്: ഓക്കേ, നിരഞ്ജൻ. ഈ റിലീസിന്റെ സമയത്ത്, കുറെ പുതിയ കാര്യങ്ങൾ പഠിക്കാൻ പറ്റി എന്നതാണ് എനിക്കുണ്ടായ നേട്ടം.
നിരഞ്ജൻ: ശരി. വിദ്യക്ക് എന്താണ് പറയാൻ ഉള്ളത്?
വിദ്യ: മോണിക്ക ഉൾപ്പടെ ടീമിൽ ഉള്ള എല്ലാവരുമായി നല്ല റാപ്പോ ഉണ്ടാക്കാൻ പറ്റി എന്നത് ഒരു നേട്ടമായി കരുതുന്നു.
നിരഞ്ജൻ: ഓക്കേ. ഇനി ശ്രേയ സംസാരിക്കൂ.
ശ്രേയ: വിദ്യ പറഞ്ഞ പോലെ, റാപ്പോ ബിൽഡ് ചെയ്യാൻ കഴിഞ്ഞു എന്നത് ഒരു നേട്ടമാണ്. കാർത്തിക്കിന്റെ കൂടെ മുൻപും ജോലി ചെയ്തിട്ടുണ്ട്. പക്ഷെ, കാർത്തിക് മാനേജർ ആയി എങ്ങെനെയാണ് പെരുമാറുക എന്നൊക്കെ ഒരു ചിന്ത എനിക്കുണ്ടായിരുന്നു. തികച്ചും പ്രൊഫഷണൽ ആയാണ് എല്ലാം നടന്നത്.
നിരഞ്ജൻ: ഓക്കേ, വെൽ ഡൺ, കാർത്തിക് ആൻഡ് ടീം. ഇനി നമുക്ക് ടീമിലെ സീനിയർസ് ആയ രാജീവിനോടും, ബോബിയോടും ചോദിക്കാം. ആദ്യം രാജീവ്.
രാജീവ്: കാര്യം പറഞ്ഞാൽ, ഞാനും ബോബിയും വർക്ക് ചെയ്ത കമ്പനി, ഈ കമ്പനി ടേക്ക് ഓവർ ചെയ്തപ്പോൾ എന്താകുമെന്ന് ഒരു പിടിയും ഇല്ലായിരുന്നു. നിരഞ്ജന്റെ ലീഡർഷിപ്, മറ്റുള്ള ടീം മെമ്പേഴ്സിന്റെ ഹെല്പ്. ഇപ്പോൾ ഞാൻ ഹാപ്പിയാണ്.
നിരഞ്ജൻ: നൈസ്. ഇനി, ബോബി.
ബോബി: രാജീവിന്റെ അഭിപ്രായം തന്നെയാണ് എനിക്കും. കാര്യം പറഞ്ഞാൽ കുറെ എക്സ്പീരിയൻസ് ഉണ്ട്. പക്ഷെ, പുതിയ ടീം, മാനേജർ, ഇവരോടൊക്കെ കോപ് ചെയ്തു പോകാൻ പറ്റുമോ എന്ന ടെൻഷൻ ഒക്കെ ഉണ്ടായിരുന്നു. താങ്ക്സ് ടു യു ഓൾ, എവെരിതിങ്ങ് വെന്റ്റ് വെൽ.
നിരഞ്ജൻ: ഗ്രേറ്റ്. ഇനി ടീമിലെ ഓൾ റൗണ്ടർ, അനൂപ് എന്തു പറയുന്നു?
അനൂപ് (ചിരിച്ചു കൊണ്ട്): എന്നെ സംബന്ധിച്ചു, മുൻപ് പഠിച്ച പല പാഠങ്ങളും ഉപയോഗിക്കാനുള്ള അവസരമായിരുന്നു. നമ്മൾക്കൊക്കെ അറിയാം, ഈയ്യിടെയായി പുതിയ ടെക്നോളജികളുടെ ആയുസ്സ് രണ്ടു വർഷങ്ങൾ മാത്രമാണ്. പക്ഷെ കോൺസെപ്റ്റുകൾ ക്ലിയർ ആയ വ്യക്തികൾക്ക് വേഗം പഠിച്ചെടുക്കാവുന്നതാണ്. കാര്യങ്ങൾ നല്ല രീതിയിലാണ് പോയത്.
നിരഞ്ജൻ: കറക്റ്റ്, അനൂപ്. ലാസ്റ്റ് ബട്ട് നോട്ട് ദി ലീസ്റ്റ്, ശ്വേത എന്തു പറയുന്നു?
ശ്വേത (പുഞ്ചിരിച്ചു കൊണ്ട്): മാറി കൊണ്ടിരിക്കുന്ന ക്ലയന്റ് റിക്വയർ മെൻറ്സ്, മാറി കൊണ്ടിരിക്കുന്ന ടെക്നോളജി, മാറി കൊണ്ടിരിക്കുന്ന ടീം – ഈ റിലീസ് വളരെ ചാലഞ്ചിങ്ങ് ആയിരുന്നു. കഠിനാധ്വാനത്തിന്റെ വിജയമാണ്, കറക്റ്റ് ടൈമിൽ ഉള്ള ഈ റിലീസ്. എന്റെ റിക്വസ്റ്റ്, ഇനി നമ്മൾ ഇത് ഒന്നാഘോഷിക്കണം എന്നാണ്.
നിരഞ്ജൻ ഒഴികെ, എല്ലാവരും കൈയടിക്കുന്നു.
നിരഞ്ജൻ: അതിനെന്താ, നമുക്ക് നാളെ തന്നെ ഒരു ലഞ്ച് അല്ലെങ്കിൽ ഡിന്നറിനു പുറത്തു പോകാം.
ശ്വേത: അല്ലാ, നിരഞ്ജൻ. നമുക്ക് ഒരു റിസോർട്ടിൽ ഓവർ നൈറ്റ് സ്റ്റേയ്ക്കു പോകണം.
നിരഞ്ജൻ എന്തോ ചിന്തിക്കുന്നു. എന്നിട്ട് എല്ലാവരെയും നോക്കുന്നു.
നിരഞ്ജൻ: നിങ്ങൾ ഈ കാര്യം ആദ്യമേ ചർച്ച ചെയ്തിരിക്കുന്നു എന്ന് തോന്നുന്നു. ശരി, നിങ്ങൾക്ക് ഈ വെള്ളിയാഴ്ച പോകാം.
ശ്വേത: നിരഞ്ജനും വരണം.
നിരഞ്ജൻ: അയ്യോ, ഞാൻ എന്തിനാണ്? നിങ്ങൾ പോയി വരൂ.
വിദ്യ: നിരഞ്ജനും വരണം. നമ്മൾ ഒരു ടീം ആയി ഇതു വരെ എവിടെയും പോയില്ലല്ലോ. പിന്നെ, കാര്യം പറഞ്ഞാൽ, ഉദയ് പറഞ്ഞത് ഒരു സത്യമാണ്. ഈ ട്രിപ്പിൽ നമ്മൾ മലയാളികൾ മാത്രമേ ഉള്ളൂ. അത് പോലൊരു അവസരം, ഇനി ഉണ്ടായെന്നു വരില്ല.
നിരഞ്ജൻ: അപർണ വരുന്നില്ലേ?
വിദ്യ: ഇല്ല. നമ്മൾ ചോദിച്ചപ്പോൾ, ചെറിയ മകനെ നോക്കാൻ ആരുമില്ല. അതിനാൽ ഓവർ നൈറ്റ് സ്റ്റേ പറ്റില്ല എന്നാണ് പറഞ്ഞത്.
നിരഞ്ജൻ: എങ്കിലും അവൾ മാത്രമില്ലാതെ എങ്ങനെ? ഓവർ നൈറ്റ് സ്റ്റേ ഇല്ലാതെ, രാവിലെ പോയി വൈകുംന്നേരം വരുന്ന ട്രിപ്പ് ആക്കിയാൽ പോരെ?
ശ്രേയ: അവള്ക്ക് കുഴപ്പമില്ല, നിരഞ്ജൻ. നമ്മൾ അവളെ മനഃപൂർവം ഒഴിവാക്കിയതല്ല. ശ്വേത ഈ റിസോർട്ടിൽ മുൻപും പോയിട്ടുണ്ട്. കാര്യം പറഞ്ഞാൽ രണ്ടു ദിവസം ചെയ്യേണ്ട അത്ര ആക്ടിവിറ്റീസ് അവിടെ ഉണ്ട് എന്നാണ് അവൾ പറയുന്നത്.
നിരഞ്ജൻ: പക്ഷേ, അപർണ ഇല്ലാതെ നിങ്ങൾ എല്ലാവരുടെയും കൂടെ ഓവർ നൈറ്റ് സ്റ്റേയ്ക്കു ഞാൻ വന്നാൽ അതു ശരിയാകില്ല. വെള്ളിയാഴ്ച ഒരു വർക്കിംഗ് ഡേയും ആണല്ലോ. അപ്പോൾ, നമ്മൾ എല്ലാവരും പോകുമ്പോൾ അവൾ മാത്രം വർക്ക് ചെയ്യണം.
ശ്രേയ: നിരഞ്ജനെ നമ്മൾ ആശയക്കുഴപ്പത്തിൽ ആക്കുകയാണെന്നു കരുതരുത്. യാത്ര, റിസോർട്ടിലെ ഓവർ നൈറ്റ് സ്റ്റേ, ഈ അനുഭവങ്ങൾ എല്ലാം നമ്മുടെ ജീവിതത്തിൽ പോസിറ്റീവ് ആയ ചില മാറ്റങ്ങൾ കൊണ്ടു വരും. എന്റെ കഴിഞ്ഞ യാത്ര ലഡാക്കിലേക്കായിരുന്നു. അവിടെ, ഇന്ത്യയിലെ ഹൈയെസ്റ്റ് മോട്ടോറബിൾ റോഡിലേക്ക്, കേരളത്തിൽ നിന്നും ബൈക്ക് ഓടിച്ചു വരുന്ന പല ആൺകുട്ടികളെയും പെൺകുട്ടികളെയും കണ്ടു. അവരെ വെച്ചു നോക്കുമ്പോൾ, ഒന്നുമല്ല എങ്കിലും, വണ്ടി പിടിച്ചു റിസോർട്ടിലേക്കെങ്കിലും നമ്മൾ പോകണം.
നിരഞ്ജൻ: ശ്രേയ പറയുന്നതിനോട് വിയോജിപ്പുണ്ടായിട്ടല്ല. യാത്രകൾ നല്ലതാണ്. എങ്കിലും…
ശ്വേത: നമ്മൾ, മൂന്ന് പെൺകുട്ടികളും നിരഞ്ജന്റെ ക്യാബിനിൽ ഇപ്പോൾ വരാം. എന്നിട്ടു ഇതിനെ പറ്റി കുറച്ചു കൂടി സംസാരിക്കാം. ടൂർ പ്ലാനിംഗ്, ബുക്കിംഗ്, മുതലായ എല്ലാ കാര്യങ്ങളും ഞാൻ ശരിയാക്കാം. നിരഞ്ജൻ ഒന്ന് സമ്മതിക്കുകയും നമ്മുടെ കൂടെ വരികയും ചെയ്താൽ മതി.
നിരഞ്ജൻ: ഓക്കെ. പക്ഷെ, ഇവിടെ വെച്ചു സംസാരിച്ചാൽ പോരെ. എല്ലാവരും ഇവിടെ അല്ലേ ഉള്ളത്?
ശ്വേത: നമ്മൾ ഈ കാര്യങ്ങൾ നിരഞ്ജൻ ഒഴികെ, എല്ലാവരോടും പറഞ്ഞതാണ്. ഈ റൂം ബുക്ക് ചെയ്ത അടുത്ത കൂട്ടർ ഇപ്പോൾ ഇവിടെ വരും. നമ്മൾ മൂന്ന് പേരും നിരഞ്ജന്റെ ക്യാബിനിൽ വരാം. അവിടെ വെച്ച് സമയത്തോടെ കാര്യങ്ങൾ പറയാം.
നിരഞ്ജൻ: ശരി. അങ്ങനെ ആയിക്കോട്ടെ
( തുടരും .. )