ആരാച്ചാര്‍

പട്ടിണിക്കോലങ്ങളഞ്ചെട്ടുപേരുടെ
പട്ടിണിമാറ്റുവാന്‍മാര്‍ഗ്ഗംതിരയവേ
ഒറ്റയുറുമ്പിനെപ്പോലുമേ കൊല്ലാത്തോൻ
വിസ്മയം ഞാനൊരാരാച്ചാരായല്ലോ!

മൂന്നുപേരെന്‍റെയീതൂക്കുകയറിന്‍റെ
തുമ്പില്‍ കുടുക്കിൽക്കുരുങ്ങി പിടഞ്ഞതും
മൂകമാം രാത്രിയിൽ തേങ്ങിക്കരഞ്ഞതും
കാതിലാരോദനം പെട്ടെന്നു നിന്നതും

തൂക്കുകയറിന്‍റെ തുമ്പില്‍നിന്നാടിയ
മൂന്നുനിഴലുമെന്‍ ചാരെയണഞ്ഞതും
ചോദ്യശരത്തിലെന്നുള്ളം തുളഞ്ഞതും
ചോരപൊടിഞ്ഞു മുറിപ്പെട്ടു പോയതും

“ചെയ്തില്ല കുറ്റങ്ങളൊന്നുമേയെന്നിട്ടും
ചെയ്യാത്ത കുറ്റത്തിനെന്തിനു തൂക്കി നീ?
കൊല്ലുംകൊലകളും ശിക്ഷാര്‍ഹമാണെങ്കി –
ലീവിധം തൂക്കലും കുറ്റമെന്നോര്‍ക്ക നീ?”

“ന്യായം വിധിച്ചതുമന്യായം താനിഹ
ന്യായവിധികളില്‍ ന്യൂനവുമുണ്ടിഹ”
ഒന്നുനടുങ്ങിഞാനെന്നോടുമന്ത്രിച്ചു
‘ഓര്‍ക്കാതെയാരാച്ചാരായതു ദുര്‍വിധി”

തീക്കനല്‍ക്കട്ടകള്‍ക്കോരിനിറച്ചൊരെന്‍
ഹൃത്തടമാകെയുരുകിയൊലിക്കവെ
അന്ധകാരത്തിന്‍റെയാവിക്കുടുക്കയില്‍
ആത്മാവുനീറിപ്പിടഞ്ഞുവെന്തീടുന്നു

വയ്യിനിഭാരംചുമക്കുവാനീവിധം
വയ്യിനിയാരെയും തൂക്കിലിട്ടാട്ടുവാന്‍
ആരുംവരാത്തൊരിപ്പാതിരാവക്കത്തു-
മാസ്വരം പിന്നേയും പിന്തുടര്‍ന്നീടവേ

പാതയോരമരച്ചില്ലമേലെന്നുടെ
പാപഭാരത്തെക്കുരുക്കിട്ടു തൂക്കി ഞാൻ
ആകാശനക്ഷത്രം മാടിവിളിക്കയായ്
ആ നീലപ്പാളിയിലെന്നെയും ചേര്‍ക്കുക.

തൃശ്ശൂര്‍ ജില്ലയില്‍ മാപ്രാണത്ത് മാടായിക്കോണം സ്വദേശി. ജൂഡീഷ്യറി വകുപ്പില്‍ സീനിയര്‍ ക്ളാര്‍ക്കായി സേവനമനുഷ്ഠിക്കുന്നു. വിവിധ ആനുകാലികങ്ങളിലും സമാന്തര പ്രസിദ്ധീകരണങ്ങളിലും നിരവധി കവിതകളും കഥകളും അച്ചടിച്ചു വന്നിട്ടുണ്ട് . 'യാത്രാമൊഴി', 'മഴനൂല്‍ക്കനവുകള്‍', 'സ്വര്‍ണ്ണം പൂശിയ ചെമ്പോലകള്‍', 'ഹൃദയത്തില്‍ തൊടുന്ന വിരലുകള്‍' എന്നീ കവിതാസമാഹാരങ്ങളും 'വളഞ്ഞരേഖകള്‍' എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.