പുഴ പോലെ

അവർ…
ആത്മാവുകളാൽ
പരസ്പരം
പൊതിഞ്ഞു പിടിച്ചിട്ടും
ഒരു വട്ടം പോലും
തമ്മിൽ
പുണരാത്തവർ.

അവൾ
ഒരു തവണ പോലും
അവനാൽ
ആലിംഗനം ചെയ്യപ്പെടും മുൻപ്
മഴ നനഞ്ഞും
പുഴ കടന്നും
മറുകരയിലെ
ഇരുളിൽ
നിഴൽ പോലെ
മറഞ്ഞു പോയവൾ.

മഞ്ഞുതുള്ളികൾ
മാടി വിളിച്ചിട്ടും
പൊള്ളുന്ന വെയിൽ
വാരിപ്പുതച്ച്
പകൽച്ചൂടിലേക്കു
പടിവാതിൽ
തുറന്നിട്ടവൾ.

അവൻ
ബന്ധിതനായിരുന്നിട്ടും
അവൾക്കായി
ഹൃദയം തുറന്നു
വെച്ചവൻ.

ഏഴഴകുള്ള സ്വപ്നങ്ങളെ
പെയ്യാതെ പോകുന്ന
ശലഭമഴയിൽ
മറച്ചു വെച്ചവൻ.

കാണാമറയിലിരുന്നു
അവളുടെ
മുറിവുകളിൽ
ലേപനമാകുന്നവൻ.

എന്നിട്ടും
അവരിരുവരും
തല ചായ്‌ക്കാൻ
ഇടമില്ലാത്ത
ദേശങ്ങളിലൂടെ .
മറ്റാരുമറിയാതെ
ഓളങ്ങളാൽ തൊട്ട്
തീരങ്ങളെ മുകർന്നു
പുഴ പോലെ
കടൽ തേടിയൊഴുകി.

ആഴങ്ങളിലെ
ഓരോ ചിപ്പിക്കുള്ളിലും
കടൽ
പുഴ പോലെ
ഒഴുകിയ
അവരുടെ പ്രണയത്തെ
മുത്തുകളായി
ഒളിപ്പിച്ചു വെച്ചിരുന്നു

കോട്ടയം ജില്ലയിലെ മേവെള്ളുർ സ്വദേശിനി. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്. 'സംശയങ്ങളിൽ ആഞ്ചല മേരി ഇങ്ങനെ' എന്ന ചെറുകഥയ്ക്കു 2014 ലെ വനിത ചെറുകഥ അവാർഡ്, 2017 ലെ കേരള കലാകേന്ദ്രം കമല സുരയ്യ പുരസ്കാരം, 2018.ലെ ദേവകി വാര്യർ സ്മാരക പുരസ്കാരം ഇവ ലഭിച്ചു. വിവിധ പ്രസാധകർക്കായ് പരിഭാഷകൾ ചെയ്യുന്നു.