അന്ന്…

അന്ന്
ഓണത്തിന്
മണമുണ്ടായിരുന്നു

ഉമ്മറമുറ്റത്തു
വട്ടം വയ്ക്കുന്ന
ചാണകച്ചൂര്

പൂതേടിച്ചെല്ലുന്ന
കരിംപച്ചവഴിയിലെ
മരമണം

നെറുംതലയിലിറ്റുന്ന
മഴമണം

മനമിനിപ്പിയ്ക്കുന്ന
മണ്ണിന്മണം

തുമ്പമുക്കുറ്റി
ശംഖുപുഷ്പക്കൂട്ടിൽ
പൂവിടുന്ന
പേരില്ലാമണം

അരയിലൊതുങ്ങാ-
പ്പാവുമുണ്ടിന്റെ
പുതുമണം

ഓണപ്പതിപ്പിൻ
ഉള്ളേടിനുള്ളിലെ
പുത്തകമണം

അട്ടത്തു
തൂങ്ങുന്ന
പഴമണം

ചായ്പ്പിൽ
പുകയുന്ന
പഴുക്കാമണം

അടുക്കള മെഴുകുന്ന
പല മണം
പായസമണം
രസമണം
അമ്മമണം

അന്ന്
കുഞ്ഞുനെറുകിനും
മണമുണ്ടായിരുന്നിരിയ്ക്കണം

ഉമ്മ വച്ചെന്നെ
നെറുകിൽ
മുകരുന്ന നേരത്ത്
മുത്തച്ഛനുമെന്തോ
മണത്ത പോലായിരുന്നല്ലോ

അന്ന്
കുഞ്ഞുങ്ങൾക്കും
മണമുണ്ടായിരുന്നിരിയ്ക്കണം

അന്ന്
ഓണമുണ്ടായിരുന്നിരിയ്ക്കണം

ആയുർവേദ ഡോക്ടർ ആണ്. പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശി. ഓൺലൈൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും എഴുതുന്നു.