പൂച്ചകളുടെ റിപ്പബ്ലിക്

രാത്രി സമയം 11 മണി കഴിഞ്ഞിരുന്നു. വല്ലാത്തൊരു വിരസത അനുഭവപ്പെട്ടപ്പോൾ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി. എട്ട് വില്ലകളുള്ള ഒരു കോംപ്ലക്സ് ആണ് ഞങ്ങളുടേത്. ചൂട് ഇല്ലാതില്ല, എന്നാലും അത് കാര്യമാക്കിയില്ല .ആരും തന്നെ പുറത്തെങ്ങുമില്ല .അതു നന്നായെന്ന് മനസ്സിൽ വിചാരിച്ചു. കുശലം പറയാനുള്ള മൂഡിൽ അല്ലായിരുന്നു. ചിലപ്പൊ അങ്ങനെയാ ആരോടും മിണ്ടാൻ താല്പര്യമുണ്ടാവില്ല. മറ്റു ചിലപ്പോൾ വാചാലയാവും.

കോംപ്ലക്സിന്റെ ഗേറ്റിന് വെളിയിലെ റെസിഡൻസ് റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി. ആ കോംപ്ലക്സിൽ സ്ഥിരമായി കാണാറുള്ള മൂന്ന് പൂച്ചകളിൽ ഒന്ന് അവിടെയുള്ള ചെറിയ പടവിൽ വന്നിരുന്നു. എന്നോട് കൂട്ട് കൂടാനായി വന്നതാ . അവൾക്കും ഒരു പക്ഷെ വിരസത അനുഭവപ്പെട്ടിട്ടുണ്ടാവാം. അതിന് അറിയില്ലല്ലൊ ഒരിക്കലും അവളുടെ കൂട്ടുകാരി ആവാൻ എനിക്ക് കഴിയില്ലെന്ന് .
ഒരുപാട് കാര്യങ്ങൾ ചിന്തിച്ചങ്ങനെ, ആകാശത്തെ പൊൻതാരകങ്ങളെയും നോക്കി ഒറ്റയ്ക്ക് വർത്തമാനവും പറഞ്ഞു നടന്നിരുന്ന എന്റെ ശ്രദ്ധ മുഴുവൻ പിന്നീട് ആ പൂച്ചയിലായി . അതെന്റെ പിന്നാലെ വരുന്നു പോലുമില്ല. ഞാൻ പുറത്തിറങ്ങിയപ്പൊ ഒരു കൂട്ട് കിട്ടിയ സന്തോഷത്തിൽ അവിടെ വന്നിരുന്നെന്നെയുള്ളൂ. പറഞ്ഞിട്ടെന്താ. എന്നിൽ എന്റെ നശിച്ച പൂച്ച ഭയം ആകെമൊത്തം നിറയാൻ തുടങ്ങി . എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. അവളുടെ വർഗ്ഗത്തേക്കാൾ എത്രയോ മടങ്ങ് ശക്തരായ മനുഷ്യ ഗണത്തിൽ പെട്ട എന്നെ അതിന് ഭയമില്ല. എന്നാൽ എനിക്കോ? ഇനിയിപ്പോ ഈ നടത്തം ശരിയാവില്ല . എനിക്ക് അവളോട് ചെറിയ ദേഷ്യം തോന്നി.

ഓ ..ആ കാര്യമൊന്നും പറഞ്ഞില്ലല്ലൊ.ഓർമ വെച്ച നാൾ മുതൽ എനിക്ക് പൂച്ചയെ ഭയമാണ്. ഒരിക്കൽ പോലും അവ എന്നെ ഉപദ്രവിച്ചിട്ടില്ല. പിന്നെ എങ്ങനെ ഈ ഭയം വന്നെന്ന് അറിയില്ല. വീട്ടിൽ വേറെ ആർക്കും പൂച്ചഭയമില്ല.എങ്കിലും പണ്ടൊക്കെ വീട്ടു മുറ്റത്തെങ്ങാനും വിശന്നു വയറൊട്ടിയ പൂച്ചയെ കണ്ടാൽ ഒരു കയ്യിൽ വടിയും പിടിച്ചു ഭക്ഷണം എങ്ങനെയെങ്കിലും വെച്ച് കൊടുത്തിട്ട് ഓടുമായിരുന്നു ഞാൻ.

കുട്ടിക്കാലത്ത് പൂച്ചയുള്ള വീടുകളിൽ പോയാൽ രണ്ടു കാലും കയറ്റി സോഫയിലോ ബെഡിലോ ഒക്കെ കയറിയിരിക്കും .പിന്നെ പോവുമ്പോഴേ കാല് തറയിൽ തൊടുള്ളു. ഉപ്പയും ഉമ്മയും ബന്ധുക്കളുമെല്ലാം ഭയം മാറാൻ പലതും പറഞ്ഞു നോക്കി. ഒരു രക്ഷയും ഇല്ല. അങ്ങനെയിരിക്കെ ഉപ്പയുടെ ഒരു സുഹൃത്തും അവരുടെ ഫാമിലി യും മുംബൈയിൽ നിന്ന് ഞങ്ങളെ കാണാനായി വീട്ടിൽ വന്നു. എല്ലാവരും ഭക്ഷണം കഴിക്കാനിരുന്നപ്പോൾ എന്നെയും കൂടെ ഇരുത്തി.വന്നത് വീശിഷ്ടാതിഥികളായത് കൊണ്ട് മറ്റു കുട്ടി പട്ടാളങ്ങളൊക്കെ നേരത്തെ നിർദ്ദേശം കിട്ടിയതനുസരിച്ച് നല്ല അടക്കത്തിൽ ഇരുന്നു. അതു വരെ ഞങ്ങളുടെ വീടിനകത്തേക്ക് പൂച്ച കയറിയിട്ടില്ല. അന്ന് കൃത്യമായി എന്റെ കസേരയുടെ ചുവട്ടിൽ തന്നെ വന്നിരുന്നു. വരില്ലെന്നുറപ്പുള്ള കൊണ്ട് സമാധാനത്തോടെ ഭക്ഷണം കഴിച്ചിരുന്ന ഞാൻ വെറുതെ താഴോട്ടൊന്ന് നോക്കിയപ്പോ… അമ്മോ ….. ദേ കിടക്കുന്നു ന്റെ ദുഷ്മൻ,കാല് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ . പിന്നോട്ട് ചാടണൊ മുന്നോട്ട് ചാടണൊ മുകളിലേക്ക് പൊങ്ങണോ എന്നറിയാത്ത അവസ്ഥ. എങ്ങോട്ടോ ചാടി. ഭക്ഷണപാത്രങ്ങളെല്ലാം തട്ടി മറിഞ്ഞു. വിശിഷ്ടാതിഥികൾ കാര്യമറിയാതെ അമ്പരന്ന് ചുറ്റും നോക്കി.

എല്ലാവരും പോയ ശേഷം ഉപ്പ എന്നെ അകത്തേക്ക് വിളിച്ചു. ഒരു വാക്ക് പോലും പറഞ്ഞില്ല. പക്ഷെ ഉപ്പയുടെ കണ്ണുകൾ രണ്ട് തീ ഗോളങ്ങൾ പോലെ ഉരുണ്ട് എന്നെ അതിനുള്ളിലേക്ക് കയറ്റും എന്ന മട്ടിലായി.ഒരേ.. ഒരടി..ഠപ്പോന്ന് പൊട്ടിയതോർമ്മയുണ്ട്. എന്തിനാ അധികം. ഉപ്പ അന്നാണ് ആദ്യമായിട്ടും അവസാനമായിട്ടും എന്നെ തല്ലിയത് .അതിന് അടിക്കാനായിട്ട് വികൃതിക്കുട്ടി ഒന്നുമല്ലായിരുന്നു ഞാൻ. ആ അടി പൊട്ടിയതിൽ സംഭവിക്കേണ്ടതൊക്കെയങ്ങ് സംഭവിച്ചു.കണ്ണിൽ ഇരുട്ട് കയറിയ പോലെ. പിന്നെ കണ്ടത് ഉമ്മ തറ നനച്ചു തുടയ്ക്കുന്നതാ.

മെഹ്ജബീൻ പിതാവിനോടൊപ്പം

അവിടുന്ന് ഒരു ആഴ്ച തികയും മുൻപ് ഉപ്പ എന്നെയും കൊണ്ട് കോഴിക്കോട് നിന്നും വണ്ടി കയറി. ആ യാത്ര തലസ്ഥാനത്തേക്ക് ആയിരുന്നു. ജീവിത കാലം മുഴുവനും പൂച്ചയെ പേടിച്ച് ഉപ്പാടെ മോള് ജീവിക്കേണ്ടി വരുമല്ലോ എന്നോർത്തിട്ടാവാം അങ്ങനെയൊരു യാത്രയ്ക്ക് മുതിർന്നത്.എന്തോ ആവട്ടെ അന്നും ഇന്നും യാത്രകൾ ഇഷ്ടമുള്ള ഞാൻ മറ്റൊന്നും നോക്കിയില്ല. തിരുവനന്തപുരത്തെ അറിയപ്പെടുന്ന Clinical Psychologist Dr Ajith kumar ന്റെ അടുത്തേക്കായിരുന്നു ഏറെ പ്രതീക്ഷയോടെ ഉപ്പയും ഉമ്മയും എന്നെ കൊണ്ട് പോയത്. ഡോക്ടർ അവരോട് കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. പൂച്ച ഉപദ്രവിച്ചോ കുഞ്ഞായിരിക്കുമ്പോ ആരെങ്കിലും പൂച്ചയെയെ കാണിച്ചു ഭയപ്പെടുത്തിയോ എന്നൊക്കെ. ഒന്നും ഉണ്ടായില്ലെന്ന് അവർ മറുപടി നൽകി. പിന്നെ അവരെ പുറത്ത് നിർത്തി എന്നോട് മാത്രമായി ചോദ്യങ്ങളൊക്കെ. ട്രീറ്റ്മെന്റ് ന്റെ രണ്ടാമത്തെ ദിവസം സംഭാഷണത്തിനിടെ ഡോക്ടർ പെട്ടെന്ന് മ്യാവൂ എന്ന് പൂച്ചയുടെ ശബ്ദമുണ്ടാക്കി. പൂച്ചപ്പേടി മാറ്റാൻ വന്നിടത്തും പൂച്ചയോ എന്ന് ഭയന്നു ഞാൻ ഒറ്റ ചാട്ടത്തിനാണ് ഡോക്ടറുടെ മേശപ്പുറത്ത് കയറിയത്. ഫയലുകളെല്ലാം താഴെ വീണു. എന്റെ ചാട്ടത്തിന്റെ വേഗത കൊണ്ട് ഡോക്ടറുടെ ഇരിപ്പിടവും ഒന്ന് തെന്നി ,അദ്ദേഹം താഴെ വീഴാൻ പോയി. ഏത് സാഹചര്യത്തിൽ ആയാലും ഭയന്ന് ഓടുന്നവന് വേഗത കൂടുമല്ലൊ . വിഷമം തോന്നി . പക്ഷെ എന്തു ചെയ്യാം. എനിക്ക് എന്നെ പൂച്ചയിൽ നിന്നും സംരക്ഷിച്ചല്ലേ പറ്റു. പിന്നീടാണ് മനസ്സിലായത് ട്രീറ്റ്മെന്റ് ന്റെ ഭാഗമായി ഡോക്ടർ പൂച്ചയായി ഭാവം മാറിയതായിരുന്നെന്ന്. ശബ്ദം കേട്ട് അകത്തേക്ക് വന്ന ഉപ്പ കാണുന്നത് ഡോക്ടർ കസേര നേരെയാക്കി ഇരിക്കാൻ നോക്കുന്നു . ഞാൻ മേശപ്പുറത്തും . അന്നത്തെ പോലെ ഉപ്പ അടിക്കുമോ എന്ന പേടി ഉണ്ടായിരുന്നു. കുറച്ച് നിമിഷങ്ങൾക്കുള്ളിൽ എല്ലാരും അതാത് സ്ഥാനങ്ങളിൽ ഇരുന്നു.എന്തെങ്കിലും പ്രതീക്ഷയുണ്ടോ എന്നർത്ഥത്തിൽ ഉപ്പ ഡോക്ടറെ നോക്കി. അദ്ദേഹം എന്നോടായി പറഞ്ഞു “തൊട്ടില്ലെങ്കിൽ വേണ്ട.മെല്ലെ അടുത്തൊക്കെ ചെന്ന് നിൽക്കുക,ലോകത്തിന്റെ ഏതു ഭാഗത്ത് പോയാലും പൂച്ച ഇല്ലാതിരിക്കില്ലല്ലോ ” പിന്നെ ഉപ്പയോട് പറഞ്ഞു “പൂച്ചയെ തൊടുവിപ്പിക്കുകയൊന്നും ചെയ്യണ്ട. പൂച്ചയെ കാണിച്ച് ആരെയും ഭയപ്പെടുത്താനും അനുവദിക്കണ്ട. അത് കൂടുതൽ പ്രശ്നമാകും. ഏത് രീതിയിലായിരിക്കും അഫക്റ്റ് ചെയ്യാ എന്ന് പറയാൻ പറ്റില്ല.” വീണ്ടും എന്നോടായി പറഞ്ഞു “സ്വയം മാറ്റി എടുക്കാൻ ശ്രമിക്കണം . കുഞ്ഞു കുട്ടികൾ പോലും അതിനെ തൊടുന്നില്ലെ” ഭയം മാറിക്കോളും എന്ന് പറഞ്ഞു ഒരു പുസ്തകം വായിക്കാനും തന്നു. ഡോക്ടറോട് നന്ദിയും യാത്രയുമൊക്കെ പറഞ്ഞു അവിടുന്നിറങ്ങി.

അദ്ദേഹം പറഞ്ഞത് തന്നെ ഉപ്പയും ആവർത്തിച്ചു ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും പൂച്ച ഉണ്ടാവില്ലേ എന്ന്. അതപ്പോ നേരിടാം എന്നായി ഞാനും. ഏതായാലും ഇത്രയും ദൂരം യാത്ര ചെയ്തു തിരുവനന്തപുരത്ത് വന്നതല്ലേ. രണ്ട് മൂന്ന് ദിവസം അവിടെ തങ്ങി കോവളത്തും കന്യാകുമാരിയിലും മ്യൂസിയവും കനകക്കുന്ന് കൊട്ടാരവുമൊക്കെ കണ്ടിട്ടാ തിരിച്ചു പോന്നത്.ആ യാത്രയിൽ പൂച്ചഭയമൊന്നും മാറിയില്ലെങ്കിലും കുറെ സ്ഥലങ്ങളൊക്കെ കാണാൻ പറ്റി.

വർഷങ്ങൾക്കിപ്പുറവും എന്റെ അവസ്ഥ അത് പോലെ തുടരുന്നു. വിവാഹത്തിന് മുൻപ് തന്നെ പൂച്ചഭയത്തെ പറ്റി കെട്ട്യോനോടും അവതരിപ്പിച്ചു . പറയാതെ പറ്റില്ലല്ലൊ. അപ്പോഴല്ലേ പ്രശ്നം!! കാര്യത്തിന്റെ ഗൗരവം ശരിക്കും മനസ്സിലാക്കാതെ ആള് പറയ്യാ ഉറങ്ങുമ്പോ തലയിണക്കുള്ളിൽ പൂച്ചയെ പിടിച്ചിടുമെന്ന്. സംഗതി കൈ വിട്ടു പോവുമെന്ന് മനസ്സിലാക്കിയ താൻ വിവരം ഇക്കാടെ ഉമ്മയെ അറിയിച്ചു. ഉമ്മ ശക്തമായി എതിർത്തു കൊണ്ട് ഇക്കയോട് പറഞ്ഞു അങ്ങനെയൊന്നും ഒരിക്കലും ഭയപ്പെടുത്തരുതെന്ന്. അതിൽ പിന്നെ പുള്ളിക്കാരൻ അങ്ങനെയൊരു സാഹസത്തിന് മുതിർന്നിട്ടില്ല. എന്നിട്ടും കുറച്ച് ദിവസങ്ങൾ കിടക്കും മുൻപ് തലയിണക്കുള്ളിൽ വെറുതെ ഒരു പരിശോധന നടത്തുമായിരുന്നു .പാമ്പ് കടിച്ചാൽ അപകടമാണെന്നത് വാസ്തവം. എന്നാൽ എനിക്ക് ആ ജീവിയെ കണ്ടാൽ ഭയമില്ല. പിന്നെന്തിനാ ഇത്രയും ഒരു പാവം ജീവിയെ ഞാൻ ഭയപ്പെടുന്നതെന്നറിയില്ല .

ഇങ്ങ് യു.എ.യി ൽ എത്തിയപ്പോഴാവട്ടെ, പൂച്ചക്കളുടെ സംസ്ഥാന സമ്മേളനം നടത്താൻ മാത്രമുള്ളത്രയും ഇവിടെയുണ്ട് .ഞങ്ങളുടെ കുടുംബ സുഹൃത്തായ നവാസ്ക്കയുടെയും നസിയുടെയും വീട്ടിൽ അവരുടെ കുട്ടികൾ അയിശുവും പാത്തുവും പുന്നാരിച്ചു വളർത്തുന്ന ഒരു പൂച്ചയുണ്ട്. അതിന്റെ പേര് ടോഫി.എന്തു ഭംഗിയാ അതിനെ കാണാൻ. അങ്ങോട്ട്‌ പോവാതിരിക്കാനും പറ്റില്ല.ടോഫിയെ അവിടുന്ന് മാറ്റാൻ അവർക്കും പറ്റില്ല, പാത്തൂന് അത്രമേൽ പ്രിയപ്പെട്ടതാണത്. അത് കൊണ്ട് ഒരു വഴി കണ്ടെത്തി. ഞാൻ ആ വീട്ടിൽ പോവുമ്പോൾ അവരെ വിളിച്ചു വരുന്നുണ്ടെന്ന മുന്നറിയിപ്പ് നൽകും . പിന്നെ ടോഫിയെ ഒരു റൂമിൽ പൂട്ടിയിടും.ഇടയ്ക്കൊക്കെ എന്നെ വേറെ മുറിയിൽ ആക്കി ടോഫിയെ പുറത്തിറക്കി ഫുഡ്‌ കൊടുക്കും. വീണ്ടും ടോഫി അകത്തും ഞാൻ പുറത്തും.ഈ സന്ദർശനങ്ങളും ടോം ആന്റ് ജെറി കളിയും തുടർന്നു കൊണ്ടിരുന്നു . ടോഫിക്ക് ഏകദേശം പിടി കിട്ടി ആര് വരുമ്പോഴാ അതിനെ പൂട്ടിയിടുന്നതെന്ന്. അവിടെ കുട്ടികളെ പോലെ വിലസി നടന്നിരുന്ന ടോഫിയിൽ ഇത് ദേഷ്യം ഉണ്ടാക്കി. അങ്ങനെയിരിക്കെ ഒട്ടും പ്രതീക്ഷിക്കാതെ ഒരു ദിവസം അത് എന്റെ നേർക്ക് ചാടി. അന്ന് ഞാൻ ഓടിയ ഓട്ടം പി. ടി.ഉഷ പോലും ഓടിയിട്ടുണ്ടാവില്ല. സ്നേഹത്തോടെ മാത്രം പെരുമാറുന്ന ടോഫിയുടെ ഭാവ മാറ്റം എല്ലാവരിലും അത്ഭുതമുണ്ടാക്കി,എന്താണെന്നറിയില്ല പൂച്ചകൾക്ക് എന്നെ കാണുമ്പോ ഒരു തറപ്പിച്ച നോട്ടവുമാണ്.എന്തിനാണ് പാവങ്ങളായ ഞങ്ങളെ ഒരു കാര്യവും ഇല്ലാതെ ഇവൾ ഇങ്ങനെ വെറുക്കുന്നതെന്നറിയാതെ പൂച്ചകളും അവരോട് ഉള്ളിന്റെയുള്ളിൽ ചെറിയ സ്നേഹമൊക്കെ ഉണ്ടെങ്കിലും ഭയം കാരണം അകറ്റി നിർത്തിയ ഞാനും ഒരിക്കലും ഒന്നിക്കാത്ത രണ്ടു സമാന്തര രേഖകളെ പോലെ ഈ ഭൂമിയിൽ ജീവിക്കുന്നു.ഒരിക്കലും അടുക്കാൻ കഴിയുമെന്ന പ്രതീക്ഷയില്ലാതെ…

റാസൽഖൈമയിൽ അധ്യാപിക. ചുരമിറങ്ങി വരുന്ന ഒാർമകൾ എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവം.