ബലിച്ചോറ്

ജീവിതത്തിൽ ആദ്യമായി ബലിയിടാൻ പോവുന്നതിന്റെ മൂടിക്കെട്ടലിലാണ് ഉമയുടെ മനസ്സു മുഴുവൻ. ഈ കുടുസ്സു ഫ്ളാറ്റിൽ എങ്ങനെ എങ്ങോട്ട് നോക്കി ബലിയിടും, കറുകയും ചെറൂളയും എവിടെ നിന്ന് പറിയ്ക്കും എന്നൊന്നും ഒരൂഹവുമില്ലാതെ ഉമ അത്താഴത്തിന് ഗോതമ്പുദോശയ്ക്ക് മാവു കലക്കി.

രാത്രി ഡൈനിങ്ങ് ടേബിളിൽ ഇരിക്കുന്ന വരണ്ട ഗോതമ്പുദോശ കണ്ട് പ്രസാദ് അന്തം വിട്ടു നോക്കി. “രാത്രി ചോറു കഴിച്ചില്ലെങ്കിൽ ഉറക്കം വരാത്തയാൾ ആണല്ലോ, ഇന്നെന്തു പറ്റി?” മൂടിക്കെട്ടലൊരു തമാശയിൽ അലിയിക്കാൻ നടത്തിയ ശ്രമം തോറ്റു പോയപ്പോൾ അയാൾ ഉമയോട് ചേർന്നുനിന്നു ചോദിച്ചു,

“അച്ഛനുമമ്മയും ജീവിച്ചിരിപ്പുണ്ടല്ലോ, പിന്നെ ആർക്കു വേണ്ടിയാ ഈ ഒരിയ്ക്കലൂണും ബലിയിടലുമൊക്കെ”

വാടക്കാരൊഴിഞ്ഞ വീടു പോലെ ശൂന്യമായിപ്പോയ അവളുടെ അടിവയറ്റിൽ നിന്നും അപ്പോഴൊരു വേദന കുത്തിക്കുത്തി വന്നു.

വാവിന്റെ അന്ന് അലാറം വയ്ക്കാതെ തന്നെ ഉമ ഉണർന്നു. കുളി കഴിഞ്ഞ് ഈറനോടെ ഒരു തളികയിൽ എള്ളും ചോറും ബാൽക്കണിയിൽ നിന്ന് ഒരു തുളസിക്കതിരും നുള്ളി അവൾ ബാൽക്കണിയിൽ തന്നെ തെക്കോട്ട് തിരിഞ്ഞിരുന്നു.

പ്രമുഖ ആചാര്യൻ ഫേസ്ബുക്ക് ലൈവിൽ മന്ത്രോച്ചാരണത്തോടെ ബലിയിടാനുള്ള നിർദ്ദേശങ്ങൾ നൽകിത്തുടങ്ങി.

“…. ജാത്യന്താ പങ്കവസ്ഥിതാഃ വിരൂപാ ആമഗർഭാശ്ച ജ്ഞാതാജ്ഞാതാ കുലേ മമ…

ആയുസെത്താതെ മരിച്ചവർക്ക് വേണ്ടിയും അമ്മയുടെ ഗർഭപാത്രത്തിലിരിക്കെ തന്നെ മരിച്ചവർക്ക് വേണ്ടിയും….”

മുഴുവൻ കേൾക്കാനാവാതെ ഉമ തളികയിലെ ചോറു നിലത്തു കൊട്ടി അടുക്കളയിലേക്കോടി. ചോറു വച്ച കലത്തിലെ ബാക്കി ചോറു മുഴുവൻ തളികയിലേക്ക് വാരിയിട്ട് അവൾ അത് മോര് കൂട്ടിക്കുഴച്ചു. ബാൽക്കണിയിൽ നിന്നും ഒരു തണ്ട് കഞ്ഞിക്കൂർക്കില ആ ഉരുളയ്ക്കു മീതെ വച്ച് അവളുറക്കെ ചൊല്ലി,

“വരിക കണ്ണാൽ കാണാൻ
വയ്യാത്തൊരെൻ കണ്ണനേ
തരസാ നുകർന്നാലും
തായ തൻ നൈവേദ്യം നീ”

ആയുർവേദ ഡോക്ടർ ആണ്. പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശി. ഓൺലൈൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും എഴുതുന്നു.