പെൺസഞ്ചാരങ്ങളിലെ ബൈനോക്കുലറിസം

താഴ് വാരത്തിലെ
ഇഞ്ചിപ്പാടത്ത് നിന്നവൾ
തിരിച്ചു പോകുന്നു.
അവളുടെ മണൽപാതകളിൽ നിറയെ
വണിക്കുകളുടെ
സഞ്ചാരങ്ങളിൽ മുറിഞ്ഞ
കാൽപ്പത്തികളുടെ അനന്തമാർന്ന
ബിംബങ്ങളാണ്.

അവളുടെ സ്വരത്തിന് പഴയനിയമത്തിലെ
വിലാപകാവ്യങ്ങളുടെ താളബോധമില്ല
അവളുടെ കാലുകളെ
കേട്ടുകേൾവിയില്ലാത്ത
പറയപ്പെടാത്ത
അപതാളങ്ങളുടെ സങ്കീർണതയിലേക്ക്
ഉരുളൻ വാക്കുകളിൽ പണിത
ചങ്ങലക്കണ്ണിക്കൊണ്ട് കെട്ടിവലിക്കുന്നു
ആളുകൾ മരണം വരെ ചെവി പൊത്തട്ടെ.

അവൾ മുരടൻമാരായ
ഉരുളൻമലകളെ
പിന്നിൽ വലിച്ചു നടന്നു,
ഹിമശൈലജ.
അടിവാരങ്ങളിൽ
പുറമ്പോക്കുകളിൽ അവളവളെ
നെടുനീളൻ വരകളാൽ പോറിവെച്ചു.
ആഴത്തിൽ കണ്ണുകളെ
കല്ലുകളുടെ ഹൃദയത്തിലേക്ക്
വിവർത്തനം ചെയ്തു
അതിലൊന്നും പൈങ്കിളികളുടെ ദയനീയത
അവൾക്ക് അലങ്കാരമായിരുന്നില്ല.

ഒരു ചെറുചിരിയിൽ
അവൾ മെഴുകുനാളത്തിന്റെ ഇളകിയാട്ടം
ഒറ്റനിൽപ്പിലേക്ക് ക്രമീകരിക്കുന്നു.
വിറങ്ങലിച്ച കാറ്റിനെയും
ഏറ്റിയവൾ പോകുന്നു
മരങ്ങൾ വേരുകളെയും കൂട്ടി
സഞ്ചരിക്കാത്തയിടത്തേക്ക്.

അക്കരെ കുറെനാൾ
തെണ്ടിത്തിരിഞ്ഞു നടക്കും,
‘ഇസ’ങ്ങളിൽ മടുത്ത്
സർവകലാശാല വിട്ടു പോയ ഭിക്ഷുകി.
തെരുവിൽ കിടക്കും
യാചിക്കുന്ന രാജകുമാരിയാകും.
അവസാനവാരത്തിലൊരു ദിനം
ജലാശയത്തിനു കരയിലവൾ
കരിമ്പു കൃഷിയാരംഭിച്ചു തുടങ്ങും.
പൂച്ചകൾ കാണും വിധം
മത്സ്യക്കുഞ്ഞുങ്ങളെ പോറ്റും.
കുറുക്കന്മാരുള്ളിടം കോഴികളെയും
കരിമ്പുലി മേയുന്നിടത്ത് ആടുകളെയും
പശുക്കളെയും വളർത്തും.
സ്രാവുകൾക്കും മുതലകൾക്കും
തിമിoഗലങ്ങൾക്കുമിടയിലൂടെ
കടലാസ് തോണിയൊഴുക്കും.
അതിലൊന്നിലവൾ ആഴ്ചയിലൊരിക്കൽ
നിറയെ ഇഞ്ചിപ്പാടമുള്ള
താഴ് വരയിലെ നാട് കണ്ടു വരും.

വെള്ളപ്പൊക്കത്തിൽ അവയെല്ലാം
ഒഴുകിപ്പോയാലുമവൾ കരയില്ല.
പടയോട്ടത്തിൽ കൊല്ലപ്പെട്ട
സൈന്യാധിപന്റെ ഭാര്യയാണല്ലോ അവൾ
ഏതോ പട്ടാള സിനിമയിലെ
നായികയെപ്പോലെ.

മണ്ണ് അതിന്റെ ഉരവും
വെയിൽ തീക്ഷണതയും
മഴ സംയമനവും അവൾക്ക്
പകർന്നു കാണുo.
അവൾ ഇഞ്ചിപുല്ലുകൾക്കിടയിൽ
വളർന്നവളാണ്.
അവളുടെ നിശ്ചയങ്ങൾ
കല്ലിന്റെ ദൃഢതയിൽ മൂർച്ചയിൽ
ഉരുത്തിരിഞ്ഞു വരുന്നു.
കാരണം
ഭൂമിയിൽ പൊന്നു വിളയിക്കുകയും
അവയെ വരുതിയിൽ നിർത്തുകയും
മണ്ണിനെ പുഷ്പിണിയാക്കുകയും ചെയ്ത
തന്ത്രശാലിയായ ശില്പിയാണവൾ,
കൃഷിക്കാരി.

കരിമ്പു കടിച്ച് ജലാശയത്തിനു
കരയിലിരുന്നവൾ
പണ്ടെങ്ങോ ആവേശിച്ച
ഏകാകിതയെന്നു മനോഹരമായ
പേരുള്ളവൾക്കൊപ്പമുള്ള ധ്യാനം
എളുപ്പം വെടിയുന്നു.
അവൾക്ക് തിരക്കുണ്ട്.
ഇപ്പോഴവൾ കൂടുതൽ സുന്ദരിയും
തിരക്കുള്ളവളും
ധനാഢ്യയും ഉത്സാഹിയുമായ
കരിമ്പു കൃഷിക്കാരിയാണ്.
അവൾ മണ്ണിന്റെ വിസ്താരം
വർദ്ധിപ്പിക്കുന്നു.
അവൾ അവളുടെ രാജ്യത്തെ
ചക്രവർത്തിനിയാണ്,
ഭിക്ഷുകിയും.

മുതിർന്നവളായിരുന്നിട്ട് കൂടി
പടയോട്ടത്തിൽ കൊല്ലപ്പെട്ട
സൈന്യാധിപന്റെ ഭാര്യയായിരുന്നിട്ട് കൂടി
ഒറ്റയ്ക്ക് താമസിക്കുന്നവളായിരുന്നിട്ട് കൂടി
അവൾ മലഞ്ചരുവിൽ ഉടുത്തൊരുങ്ങി
രാത്രികളിൽ മാനുകൾക്കും
കരിമ്പുലികൾക്കും
സിംഹക്കൂട്ടങ്ങൾക്കുമൊപ്പം
പുൽമേടുകൾക്കിടയിലൂടെ
മേഞ്ഞു നടക്കുന്നു.
ഒരു വനത്തെ മുഴുവൻ
അയവിറക്കിക്കൊണ്ട്
തുള്ളിച്ചാടി പലനാടുകൾ താണ്ടുന്നു.

ഇരുട്ടാവുമ്പോൾ
എഡ്ഗാർ റൈസ് ബറോസിന്റെ
പേനക്കുള്ളിലെ ഒരിക്കലും വറ്റാത്ത
സ്രാവുകളും മുതലകളും
തിമിംഗലങ്ങളും വിരാജിക്കുന്ന
മഷിക്കുളത്തിൽ കുളിക്കാൻ പോകുന്നു.
ഞാനവളെ ‘ടാർസൻ’ എന്ന് വിളിക്കും.

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു