ഭൂമിയുടെ ഗ്രന്ഥപ്പുരകൾ

അമ്മയെ വായിച്ചപ്പോൾ-
ഗർഭപാത്രത്തിൽ കല്ലു-
പെൻസിലോ, സ്ളേറ്റോ,
പള്ളിക്കൂടമോ കണ്ടേയില്ല

ജലത്തിൽ സമാധിയിൽ
ആദിസത്യത്തിൽ നിന്ന്
വളരും നേരം വായിച്ചൊ-
ക്കെയും  മറന്നേ പോയ്

കൺതുറക്കവേ ഭൂമി-
പുസ്തകത്താളൊന്നായി-
മുന്നിലെയെഴുത്തോല-
പ്പുരയിൽ കുടഞ്ഞിട്ടു!

മണലിൽ വിരൽതൊട്ട്
വായിച്ചതെല്ലാം പുത്തൻ
ചിറകും വിരിച്ചൊരു
കിളിക്കൂട്ടമായ് മാറി

തീ തിന്ന ഗ്രീഷ്‌മത്തിന്
മഴച്ചാറേകി, പൂക്കൾ
വിടർത്തി ഋതുക്കളെ
ഒന്നൊന്നായ് കാട്ടിത്തന്നു

അവധിക്കാലങ്ങളിൽ
അമ്മ വായിച്ചു പഴേ-
യിതിഹാസങ്ങൾ, താളി-
യോലകൾ ചിരിച്ചേ പോയ്.

അച്ഛൻ്റെ പണിപ്പുര-
കഥകൾ മുദ്രക്കുള്ളിൽ
പച്ചയിൽ, ചോപ്പിൽ, വർണ്ണ-
പ്പകിട്ടിൽ നിറഞ്ഞേ പോയ്

ഇത്തിരിപ്പൂക്കൾ ചോന്ന-
കൗമാരകാലത്തിലായ്
പുസ്തകത്തോപ്പൊന്നുണ്ടായ്,
ലിപികൾ മാറിപ്പോയി!

നീണ്ട് നീണ്ടൊരു പാത-
കടലും കടന്നേ പോയ്
വായനപ്പുരക്കുള്ളിൽ
ഭാഷകൾ മാറിപ്പോയി

ചാന്തിലും, ചിന്തേരിലും,
ചില്ലുജാലകത്തിൻ്റെ
പാളിയിൽ പോലും അന്യ-
ഭാഷകൾ  തൊട്ടേ പോയി.

അക്ഷരം തിങ്ങിക്കൂടി-
നഗരം ചുരുങ്ങിപ്പോയ്
പുസ്തകത്തോപ്പിൽ പുത്തൻ-
വേരുകൾ പടർന്നേ പോയ്!

ആദ്യത്തെ ഗ്രന്ഥപ്പുര,
പുസ്തകം അമ്മയ്ക്കുള്ളിൽ
ആദിഗോത്രത്തിൻ നേർത്ത
ശബ്ദമായ് മൗനത്തിലായ്

തൊടുമ്പോൽ മുഴങ്ങുന്ന
ശബ്ദമായ്, ലിപികളിൽ
നിറഞ്ഞ് നില്പാണത്
ഹൃദയത്തിനുള്ളിലായ്

വായന തീരാക്കടമായി
മാറുമ്പോൾ, അമ്മ
വായിച്ച് നടന്നേ പോയ്
കാലവും കടന്നേ പോയ്

ഭൂമിയോ എല്ലാം കണ്ട്
പുസ്തകത്തോപ്പിൻ പുതു-
വാഴ്ത്തുകൾ കേൾക്കുന്നുണ്ട്
വായന തേടുന്നുണ്ട്.

നക്ഷത്രങ്ങളുടെ കവിത, സൂര്യകാന്തം, അർദ്ധനാരീശ്വരം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൾ കർണ്ണാടക മലയാളി അസോസിയേഷൻ ബെസ്റ്റ് പൊയട്രി പ്രൈസ്, കവി അയ്യപ്പൻ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ബാംഗ്ലൂർ നിവാസി. പ്രശസ്ത കഥകളിനടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയുടെ മകളാണ്.