ഏതു ദിവസം വേണമെങ്കിലും സണ്ണിക്ക് ജോലി നഷ്ടപ്പെടും. അയാള്‍ക്കും അതറിയാം. അയാളുടെ ജോലി നഷ്ടപ്പെടുന്ന കാര്യത്തില്‍ തീരുമാനം മുകളില്‍ നിന്നാണെങ്കിലും അതിന്റെ സകലമാന പേപ്പര്‍ വര്‍ക്കുകളും നടത്തേണ്ടത് ഞാനാണ്. ഒടുവില്‍ ടിക്കറ്റെടുത്ത് പാസ്പോര്‍ട്ട് കൈമാറേണ്ടുന്ന ഒരു ദിവസം വരും. അതാണ് എന്നെയും നടുക്കുന്നത്.
സണ്ണി വെറുമൊരു സഹപ്രവര്‍ത്തകനല്ല എനിക്ക്. ഒരിക്കലും രക്ഷപ്പെടില്ലെന്നു കരുതിയ വലിയൊരു അപകടത്തില്‍ നിന്നും എന്നെ രക്ഷിച്ചത് അയാളാണ്. വാഹനാപകടമായിരുന്നു. ജബലാലിയില്‍ നിന്നും തിരിച്ച് ദുബൈയിലേക്ക് വരുമ്പോള്‍ ലൈന്‍ തെറ്റിച്ചെത്തിയ കണ്ടെയ്നറിന് അടിയിലേക്കാണ് കാര്‍ ഓടിക്കയറിയത്. വണ്ടിക്കുള്ളില്‍ നിന്നും വലിച്ചെടുത്ത് ആംബുലന്‍സിലേക്ക് മാറ്റിയതേ ഓര്‍മ്മയുള്ളു. തിരിച്ച് ആഴ്ചകള്‍ക്ക് ശേഷം മുറിയിലേക്ക് മാറ്റിയപ്പോഴാണ്, കൂടെയുള്ളവര്‍ പറഞ്ഞത് എന്റെ ശരീരത്തിലോടുന്നത് സണ്ണിയുടെ രക്തമാണെന്ന്! അതില്‍ പിന്നെയാകണം, സണ്ണിയോട് വല്ലാത്തൊരു അടുപ്പം തോന്നിയിരുന്നു. വഴിവിട്ട ഒരു സഹായം ആര്‍ക്കും ചെയ്തു കൊടുക്കാത്തവന് എന്ന ദുഷ്പേര് സണ്ണിയുടെ കാര്യത്തില്‍ എനിക്ക് മാറിക്കിട്ടി. അയാള്‍ പറയുന്നത് എനിക്ക് വേദവാക്യം പോലെ തോന്നിത്തുടങ്ങിയ നാളുകളിലായിരുന്നു കോവിഡ് പടർന്ന് കത്തിയത്.
ബ്രിട്ടീഷ് കമ്പനിയാണ് ഞങ്ങളുടേത്. കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധി വ്യാപകമായതോടെ പല കോണ്‍ട്രാക്ടുകളും കമ്പനിക്ക് നഷ്ടപ്പെട്ടു. ഏതാണ്ട് പന്തീരായിരത്തോളം പേര് പണിയെടുത്തിരുന്ന പല കണ്‍സ്ട്രക്ഷന്‍ സൈറ്റുകളും അടച്ചു പൂട്ടി. ഫിലിപ്പീൻസുകാരും ബംഗ്ലാദേശികളും പാക്കിസ്ഥാന്കാരുമടക്കം ആയിരങ്ങള്‍ തിരികെ പോയി. എല്ലാവരുടേയും യാത്രാരേഖകളില്‍ ഒപ്പിട്ട് തളര്‍ന്ന ദിവസങ്ങളായിരുന്നു അത്. അവരുടെയൊക്കെ ക്യാമ്പ് ഓഫീസുകള്‍ നോക്കി നടത്തിയിരുന്നത് പലരായിരുന്നു. അവരെയും കമ്പനി പറഞ്ഞുവിട്ടു. നാഷണല്‍ പെയ്ന്റ്സിനു സമീപം കമ്പനി കെട്ടിപ്പൊക്കുന്ന നിരവധി നിലകളുള്ള ടവറിന്റെ പണി പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. ഇനിയത് തുടരുമെന്നു തോന്നുന്നില്ല. സ്ട്രക്ചറല്‍ വര്‍ക്ക് മാത്രമാണ് ഉണ്ടായിരുന്നത്. അതിന്റെ പണിക്കായി വന്നിരുന്നവരെയൊക്കെയെും പറഞ്ഞുവിടുന്ന തിരക്കായിരുന്നു കഴിഞ്ഞ ഒരു മാസമായി. ഇപ്പോള്‍ ആ ക്യാമ്പ് ഏതാണ്ട് ശൂന്യമായിരിക്കുന്നു. അവശേഷിക്കുന്നത് സണ്ണിയെപ്പോലെ ഏതാനും പേര്മാത്രം.
രാവിലെ വന്ന ആദ്യത്തെ മെയിൽ തന്നെ ‘വാട്ട് എബൗട്ട് ദി ക്യാമ്പ് ഓഫീസര്‍’ എന്നായിരുന്നു. അതായത്, സണ്ണിയെ പറഞ്ഞുവിട്ടില്ലേ ഇതുവരെ, എന്നാണ് സായ്പിന്റെ ലണ്ടനില്‍ നിന്നുള്ള ചോദ്യം! എങ്ങനെ പറഞ്ഞുവിടും? അയാളുടെ കണ്ണുകളിൽ ദയനീയതയുണ്ട്. അടുത്ത പരിചയക്കാരായതിനു ശേഷമാണ്, അതും ആവര്‍ത്തിച്ചു ചോദിച്ചതിനു ശേഷമാണ് സണ്ണി കാര്യങ്ങള്‍ പറയുന്നത്. ഇഷ്ടപ്പെട്ട പെണ്ണിനെ കെട്ടാന്‍ വീട്ടിലെല്ലാവരെയും ഉപേക്ഷിച്ചാണ് ഇറങ്ങിപ്പോയത്. ആദ്യം കൊച്ചിയിലൊരു കൊറിയര്‍ സര്‍വീസിലായിരുന്നു ജോലി. എങ്ങനെ നോക്കിയാലും വാടകയും വീട്ടുചെലവും തമ്മില്‍ കൂട്ടിമുട്ടുന്നില്ലെന്നു കണ്ടപ്പോഴാണ് അയാള്‍ ഭാര്യ സിമിയെ ട്രാവല്‍ ഏജന്‍സിയില്‍ ജോലിക്ക് വിടുന്നത്. ആയിടയ്ക്ക് അവള് ഗര്‍ഭിണിയായി, അതും ഇരട്ടക്കുട്ടികള്‍. പലപ്പോഴും ആരോഗ്യപ്രശ്നങ്ങള്‍! ബ്ലീഡിങ്ങ് ഉണ്ടായപ്പോള്‍ ബക്കറ്റില്‍ വരെ ചോര പിടിച്ചതടക്കമുള്ള കാര്യങ്ങള്‍ സണ്ണി കണ്ണുനിറഞ്ഞു പറഞ്ഞിട്ടുണ്ട്. കുട്ടികള്‍ രണ്ടും നഷ്ടപ്പെട്ടു. പിന്നെയും അതിജീവനത്തിനു വേണ്ടിയുള്ള ശ്രമം. ആയിടയ്ക്ക് വീണ്ടും സിമി ജോലിക്ക് കയറി, അതും തുടര്‍ന്നില്ല. അതിനു മുന്നേ, അവള് വീണ്ടും ഗര്‍ഭിണിയായി. അതോടെ, അവളുടെ വീട്ടില്‍ നിന്നും അമ്മയും ചേച്ചിയും പതുക്കെ പിണക്കം മാറി കൂട്ടിക്കൊണ്ടു പോകാന്‍ വന്നു. അതായിരുന്നു സണ്ണിയുടെ ജീവിതം മാറ്റിമറിച്ചത്.
കൊച്ചിയിലെ വാടകവീട് വിട്ട അവര്‍ ചെല്ലാനത്തെ, സിമിയുടെ വീട്ടിലേക്ക് താമസം മാറ്റി. വൈകാതെ അവളുടെ അപ്പന് മരിച്ചു. സിമിയുടെ ചേച്ചിയുടെ വിവാഹം കഴിഞ്ഞിരുന്നില്ല. അത് വല്ലാത്തൊരു അവസ്ഥയായിരുന്നുവെന്ന് സണ്ണി എപ്പോഴും പറയും. മറ്റു മാര്ഗ്ഗങ്ങളൊന്നുമില്ലാതെയാണ് അയാള്‍ ദുബായിലേക്ക് വരുന്നത്. ഇവിടെ വന്നതിനു ശേഷം ഒരിക്കല്‍ മാത്രമാണ് അയാള്‍ നാട്ടില്‍ പോയത്. കുട്ടിക്ക് ഇപ്പോള്‍ ഏഴു വയസായിരിക്കുന്നു! ചേച്ചിയുടെ കല്യാണം കഴിഞ്ഞു, അധികം കഴിയും മുമ്പ് അത് ഡൈവോഴ്സുമായി. എല്ലാ പ്രാരാബ്ധവും ഒറ്റയ്ക്ക് തുഴയുന്ന കാര്യം പറയുമ്പോള്‍ സണ്ണി പറയും, ‘ജീവിതത്തിന് നിറങ്ങളുണ്ടാകുമ്പോഴാണ് ബന്ധങ്ങളുണ്ടാവുന്നത്. അതുകൊണ്ട് സാറേ, ബ്ലാക്ക് ആന്‍ഡ് വൈറ്റ് സ്വപ്നങ്ങള്‍ മതി എനിക്ക്!’
സണ്ണിയാണ് ഇപ്പോള്‍ അയാളുടെ കുടുംബവും നോക്കുന്നത്. എങ്ങനെയാണ് കാര്യങ്ങള്‍ നടന്നുപോകുന്നതെന്ന് അയാള്‍ക്ക് തന്നെ അറിയില്ല. രാത്രിയില്‍ സണ്ണി കള്ളടാക്സി ഓടിക്കുന്നുണ്ട്. പുലര്‍ച്ചെ കേറ്ററിങ് ജോലിയുണ്ട്. ക്യാമ്പ് സൈറ്റില്‍ ക്ലീനിങ് കോണ്‍ട്രാക്ട് ആരുമറിയാതെ നടത്തുന്നുണ്ട്. ഒരിക്കല്‍ പോലും അയാള്‍ വെറുതെ ഇരിക്കുന്നത് ആരും കണ്ടിട്ടില്ല, ഉറങ്ങുന്നതും!
ഈ ജോലി ശരിക്കും ഒരു കച്ചിത്തുരുമ്പാണ്, അതു നഷ്ടപ്പെട്ടാല്‍ അയാള്‍ എന്ത് ചെയ്യും? അതുതന്നെയാണ് ഞാന്‍ ആലോചിച്ചത്. എനിക്കും അയാളെപ്പോലെ തന്നെ ജോലി നഷ്ടപ്പെട്ടേക്കും. പക്ഷേ, അതെനിക്ക് വലിയൊരു അനുഗ്രഹമായാണ് തോന്നുന്നത്. ‘നാട്ടിലേക്ക് വരൂ, ആവശ്യത്തില്‍ കൂടുതല്‍ സമ്പാദിച്ചില്ലേ’ എന്നാണ് ഭാര്യയുടെ പറച്ചില്. ശരിയാണ്, മൂന്നാറിലെ പുതിയ റിസോര്‍ട്ടിന്റെ ജോലി കഴിഞ്ഞാലുടന്‍ ഇവിടം വിടണമെന്നു കരുതിയതാണ്. പക്ഷേ സായ്പ് സമ്മതിച്ചില്ല. ഇപ്പോഴിതാ വര്‍ക്കലയിലും ചെറായിലും റിസോര്‍ട്ട് വന്നിരിക്കുന്നു. എന്നിട്ടും ജോലിക്കാരനായി ഇവിടെ തന്നെ തുടരേണ്ടി വരുന്നു. അതൊക്കെയാണ് ജീവിതം. ജോലി ചെയ്യാനായി ജനിച്ചവനാണ് താനെന്നാണ് അമ്മച്ചിയുടെ പക്ഷം. ശരിയാണ്, ഓരോരുത്തര്‍ക്കും ഓരോ ന്യായം.
ഫോണില്‍ വിളിച്ച് സായ്പ് പറഞ്ഞു, ‘പ്രൊജക്ട് അബാന്‍ഡഡ് ആണ്, കംപ്ലീറ്റ് സ്റ്റാഫിനെയും ഡിസ്പോസ് ചെയ്യണം.’ ഞാനടക്കം പതിനൊന്നു പേരെ മാത്രമേ നിര്‍ത്തുന്നുള്ളു. ദുബായ് ഓഫീസ് കമ്പനി വൈന്‍ഡപ്പ് ചെയ്യുന്നില്ല. ഞാന്‍ എങ്ങനെ സണ്ണിക്ക് ടെർമിനേഷൻ ലെറ്റര്‍ കൊടുക്കും? അയാളെ എനിക്ക് അങ്ങനെ ഒഴിവാക്കാനാകുമോ? എന്റെ ഏതെങ്കിലും റിസോര്‍ട്ടില്‍ ജോലിക്ക് കയറാന്‍ അയാളോടു പറഞ്ഞാലോ എന്നു ചിന്തിച്ചെങ്കിലും എനിക്ക് അയാളുടെ മനസ്സ് അറിയാമായിരുന്നു. അയാള്‍ക്ക് ഒരിക്കലും എന്റെ കീഴില്‍ ജോലി് ചെയ്യാനാവില്ല. എനിക്കും അതിനു കഴിയില്ല. സണ്ണിയെ ഒഴിവാക്കാന്‍ മുകളില്‍ നിന്നു പ്രഷര്‍ ഉണ്ടെന്നും വൈകുന്നേരത്തോടെ തീരുമാനം വരുമെന്നും പറയാന്‍ ഞാന്‍ സഹപ്രവര്‍ത്തകനെ പറഞ്ഞേല്‍പ്പിച്ചു. എനിക്കത് സണ്ണിയോട് പറയാന്‍ കഴിയുമായിരുന്നില്ല.
അയാളാണ് പറഞ്ഞത്, നമ്മള് വിചാരിക്കുന്നതു പോലെയല്ല, സണ്ണിക്ക് വലിയ കടങ്ങളുണ്ടെന്ന്. ക്രഡിറ്റ് കാര്‍ഡ് ലോണ്‍ ഭീകരമാണ്, അയാള്‍ക്ക് ഇവിടെ നിന്നു കയറിപ്പോകാനാവില്ല. നമുക്ക് സഹായിക്കാന്‍ പറ്റുമോ എന്നു ഞാന്‍ അന്വേഷിച്ചു. അയാള്‍ ആത്മാഭിമാനിയാണെന്നാണെന്നാണ് കൂടെ ജോലി ചെയ്ത ഫിനാന്‍ഷ്യല്‍ മാനേജര്‍ പറഞ്ഞത്. എന്തായാലും സണ്ണിക്ക് നല്ലൊരു തുക കൊടുക്കാന്‍ ഞാന്‍ ശുപാര്‍ശ ചെയ്തു. അത് സണ്ണി പ്രതീക്ഷിക്കുന്നുണ്ടാവില്ലെന്ന് എനിക്ക് അറിയാം. കാരണം, ഞങ്ങളുടെ കമ്പനിയില്‍ അങ്ങനെയൊരു പതിവില്ലായിരുന്നു. തന്നെയുമല്ല, സണ്ണി അത്തരമൊരു കാറ്റഗറിയില്‍ ജോലി ചെയ്യുന്നയാളുമായിരുന്നില്ലല്ലോ.
ഞാനൊന്നുകൂടി ചിന്തിച്ചു. അയാളുടെ ക്രെഡിറ്റ്കാര്‍ഡ് ലോണുകള്‍ മുഴുവന്‍ ഞാനടച്ചു തീര്‍ക്കും. നല്ലൊരു തുക കമ്പനിയില്‍ നിന്നും ശരിയാക്കി കൊടുക്കാം. നാട്ടില്‍ എന്റെ റിസോര്‍ട്ടിന്റെ മാര്‍ക്കറ്റിങ് പൂര്‍ണ്ണമായും സണ്ണിയെ ഏല്‍പ്പിക്കാം. ജീവിതമല്ലേ, എന്തും സംഭവിക്കാം. ഒരുപക്ഷേ, നാളെ ഞാന്‍ സണ്ണിയുടെ കീഴില്‍ ജോലി ചെയ്യേണ്ടവനായിരിക്കാം. എന്നാലും സാരമില്ല, എന്റെ ശരീരത്തിൽ ഓടുന്നത് അയാളുടെ രക്തമല്ലേ? ഒരുതരത്തിൽ, അത് ഞാന്‍ തന്നെയല്ലേ! അതെല്ലാം മുകളിലൊരാളുണ്ട്, അവന് തീരുമാനിക്കട്ടെ.
കാര്യം പറയാന്‍ വിളിച്ചിട്ട് സണ്ണി ഫോണ്‍ എടുക്കുന്നില്ല. എന്തായാലും സണ്ണിയുടെ പേയ്മെന്റുകള്‍ എല്ലാം ഞാന്‍ റിലീസ് ചെയ്യിപ്പിച്ചു. സണ്ണി കോണ്‍ട്രാക്ട് വര്‍ക്കുകള്‍ തീര്‍ക്കുന്ന തിരക്കിലായിരിക്കും എന്നാണ് കരുതിയത്. രാത്രി വൈകിയും അയാള്‍ ഫോണ്‍ എടുത്തില്ല, പിറ്റേന്നും. വില്ലയിലെ ഏ.സി. മുറിയില്‍ തണുപ്പ് കൂട്ടിയിട്ട്, കണ്ണടച്ച് കിടക്കാന്‍ നോക്കിയിട്ടും ഒരുപോള ഉറക്കം വന്നില്ല. സണ്ണി പോകാറുള്ളിടത്തൊക്കെ വിളിച്ചു നോക്കി. അയാളെ കാണുന്നില്ല. അയാള്‍ എവിടെ പോയിരിക്കും. രാവിലെ നേരം വെളുത്തപ്പോള്‍ തന്നെ ഞാന്‍ കാറുമെടുത്ത് ക്യാമ്പ് സൈറ്റിലേക്ക് ചെന്നു. അയാള്‍ അവിടെയെവിടെയെങ്കിലും കാണുമായിരിക്കുമെന്ന് മനസ് പറഞ്ഞിരുന്നു.
അവിടമൊരു ഉപേക്ഷിക്കപ്പെട്ട നഗരം പോലെ തോന്നിച്ചു. മെഷിനറുകളുടെ ഇടയിലൂടെ ഞാന്‍ ക്യാമ്പ് സൈറ്റിനുള്ളിലേക്ക് കയറി. അവിടെ നിരവധി മനുഷ്യരുടെ മണം കട്ടപിടിച്ചു നിന്നിരുന്നു. പരിമിതമായ സൗകര്യങ്ങളില്‍ ജീവിച്ചിരുന്ന ആയിരങ്ങളുടെ ശ്വാസം അവിടെ ഒരുമിച്ച് പ്രതിധ്വനിക്കുന്നത് ഞാനറിഞ്ഞു. അതിലൊരു ഷെഡിന്റെ മൂലയില്‍ ശ്വാസം നഷ്ടപ്പെട്ട് സണ്ണി കിടപ്പുണ്ടായിരുന്നു, തണുത്തുറഞ്ഞ ശരീരത്തില്‍ ഉറുമ്പുകള്‍ ചുറ്റിനടക്കുന്നുണ്ടായിരുന്നു… എന്റെ രക്തം വാര്‍ന്നു പോകുന്നതും, കാലിനടിയില്‍ വലിയൊരു ഉറുമ്പുകൂട് രൂപപ്പെടുന്നതും ഞാനറിഞ്ഞു!