നിലാച്ചന്തങ്ങൾ…..

കനവു നിറയുമോരോ കാഴ്ചയായന്നു
കാലം
വനജവിടപിതോറും കാത്തു നിന്നൂ വസന്തം.
മൃദുലമതകതാരിൽ സന്ധ്യയായ് ചോന്നു വേഗം
മധുതരമൊരുകാവ്യം ജീവനിൽ പൂത്തു സത്യം.

കരുതലിനല കോർത്തിട്ടായിരം മാല ചാർത്തും
മരതക ഹരിതങ്ങൾ പൂവിടും ഭംഗിയായ് നാം
മിഴികളലഴകേകും മിന്നലിൻ രാസസൂത്രം
കരളിലനുദിനം നാം കാത്തു സൂക്ഷിച്ച മന്ത്രം.

ഇരുവരുമൊരു വാക്കിൻ തുമ്പിലൂടെത്ര കാലം
സുരസമപനിനീരിൻ ശുദ്ധിയായ് നീന്തി നിത്യം.
സുഖകരമൊരു രാവിൻ രാസകേളീ ഗൃഹത്തിൽ
മുഖപടഞൊറിവിങ്കൽ കത്തി നാം നിന്നതോർക്കൂ.

കനവുമുകരുവാൻ നീ, ഭൂമിയായ് വാനമോ ഞാൻ
വനനുരപതയുന്ന പ്രേമമായ് പ്രാകൃതർ നാം.
പരിഭവകുസുമങ്ങൾ കാന്തി ചിന്നും നിലാവിൽ
സിരകളിലൊരു ലാസ്യം വഹ്നിയായ്ത്തീർന്നു നമ്മിൽ.

വിരലുകളതിവേഗം രുദ്രവീണാരവങ്ങൾ
തരളിത തനുതോറും, തേടുമെന്നാത്മ ദാഹം.
ഉടലടിമുടി പൂത്തി,ട്ടായിരം സൂര്യഗീതം
കുടമണിയുലയുമ്പോലുത്സവം താളമേളം.

പകരുക കനിവോടാ, സൂര്യ ഗീതത്തെയെന്നും
സ്മൃതികളിലുണരുമ്പോൾ തീർത്ഥമാകുന്ന പുണ്യം
പകലുകളണയുമ്പോൾ ഭ്രാന്തനാകുന്നു ഞാനും,
മുകരുക മമ ജീവൻ, വൈകിടാതെത്തുമോ നീ?

വൃത്തം: മാലിനി.

എസ്.പി, ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ, കേരള. പ്രസിദ്ധീകരിച്ച കൃതികൾ : സഖീ ഞാൻ മടങ്ങട്ടെ (കവിതകൾ), നാവു ദഹനം (കവിതകൾ), ഇവിടെയൊരാളുണ്ട് (കവിതകൾ), ജനിക്കാത്തവരുടെ ശ്മശാനം (കഥാസമാഹാരം ), മൈ സ്റ്റോറി - (യു എ ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ആത്മകഥയുടെ മലയാളം പരിഭാഷ).