മണ്ണ് കുഴച്ച് തിരകളുണ്ടാക്കി കളിത്തോക്ക് നിറയ്ക്കുന്ന കുട്ടികൾ

പണ്ടുപണ്ട് ഞങ്ങൾ
ഭൂമിയെ കുളിപ്പിച്ച്
ഈറനാറ്റി
കുമിളകളുടെ വലുപ്പത്തിൽ
ചെറുനനവോടെ
ഉരുട്ടിയെടുക്കുമായിരുന്നു.

വേനലിൽ
മഴയുടെയും നദികളുടെയും
വിയർപ്പിറങ്ങിയതിന്റെ
ഈർപ്പമൊ പാടുകളോ
ഞങ്ങളുടെ മണ്ണിലുണ്ടായിരുന്നില്ല.
ഞങ്ങൾ,
അയലത്തെ കിണറിനു ചുറ്റും
ദാഹിച്ച തൊണ്ടയിൽ
സുഷിരങ്ങൾ വീണ കുടവുമായി
ട്രൗസറിട്ട്
പെറ്റിക്കോട്ടിട്ട്
യുദ്ധം ചെയ്യുന്ന
പീരങ്കിക്കണ്ണുകളുള്ള
ചെറുയോദ്ധാക്കളായിരുന്നു,
ഞങ്ങളുടെ തലമുറകളും.

ഞങ്ങൾക്ക് ചുട്ടവേനലിന്റെയും
മുഷിഞ്ഞ വരൾച്ചയുടെയും
അവിഹിതം പേറുന്ന,
വരണ്ട കൃഷിഭൂമി സ്വന്തമായുള്ള,
മണ്ണിന്റെയും എലികളുടെയും
ഭാഷയറിയുന്ന കർഷകരെ
പരിചയമായിരുന്നു.
അവർ ഞങ്ങൾക്ക്
അരിയും ഗോതമ്പും ചോളവും തന്നു.
അവരുടെ ഭാര്യമാരായ
മുത്തശ്ശിമാരുടെ
കണ്ണിൽ നിന്ന് വെള്ളവും
കടലിന്റെ ചൂരുള്ള ഉപ്പ് പരലുകളും
കോരിക്കൊണ്ട് വന്ന്
മണ്ണിൽ കൂട്ടിക്കുഴച്ചു
ചിരട്ടയിൽ
പുട്ടുo മണ്ണപ്പവും ഉണ്ടാക്കി.
എവിടെയോ യുദ്ധം മുറുകുമ്പോൾ
ഞങ്ങൾ പിന്നെയും യാത്ര പോയി.

യുദ്ധസ്ഥലികളിൽ നിന്നും
നഗരപാന്ഥങ്ങളിൽ നിന്നും
‘കളിത്തോക്കു’കൾ
തുച്ഛവിലയിൽ വാങ്ങുമായിരുന്നു.
വിശപ്പ് മൂത്ത
പന്തയക്കോഴികളുമായി
ഞങ്ങൾ പോരടിച്ചു
കളിത്തോക്കു കൊണ്ട്
വെടിവെച്ചിട്ടു.
ഞങ്ങളുടെ തലമുറകളും
അങ്ങനെതന്നെയായിരുന്നു.

യുദ്ധം വരും മുൻപേ
ഞങ്ങൾ
ഭൂമിയെ കുളിപ്പിച്ച് ഈറനാറ്റി
കുമിളകളുടെ വലുപ്പത്തിൽ
ചെറുനനവോടെ
ഉരുട്ടിയെടുക്കുകയായിരുന്നു,
ഞങ്ങൾക്ക് വീടുകളികളിൽ
ഏർപ്പെടുവാൻ യുദ്ധമില്ലാത്ത
ഭൂമി വേണമായിരുന്നു.

തെച്ചിപ്പൂകളുടെ അച്ചാർ,
പൂവാoകുരിന്നില ഉപ്പേരി,
കാട്ടുതേനിന്റെ കള്ള്,
ചരലുകളുടെ പുന്നെല്ലിൻ ചോറ്,
മന്ദാരത്തിന്റെ തൂശനിലയിൽ വിളമ്പി
ഉണ്ണാനിരിക്കുമ്പോൾ ഞങ്ങൾ
ഒന്നുമറിഞ്ഞിരുന്നില്ല.
ഞങ്ങളന്ന് കുട്ടികളായിരുന്നു.

പൊടുന്നനെ
യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ
ചിരട്ടകൾ തൃക്കണ്ണു തുറന്നു
വേവാത്ത ചോറ് അടുപ്പിൽ തൂവി
പുട്ട് പൊടിഞ്ഞു
അപ്പം കരിഞ്ഞു
ഓലക്കണ്ണികളിലെ
ഈർക്കിൽ ‘വിറകു’കളിലെ
ഇല്ലാത്ത തീ കെട്ടു.
ഞങ്ങൾ വീടുകളികളിൽ
കാണാത്ത തീ
കായാത്ത തീ
പടർന്നു പിടിച്ചു, പന്തലിട്ടു.
ഞങ്ങളുടെ
ഗോട്ടി വലിപ്പമുള്ള
സ്വർഗ്ഗത്തിന്റെ സുഖമുള്ള
ചെറുകുമിളകൾ കറുത്തു
അമാവാസിയായി.

ഞങ്ങൾ,
അനുഭവിക്കാത്ത പൊള്ളലിനെ നീറി
മണക്കാത്ത മണങ്ങൾ മണത്തു
അറിയാത്ത രുചിയെ രുചിച്ചു
നാടായ നാടുകൾ താണ്ടി
കളികൾ എത്ര സാങ്കൽപ്പികമാണ്!
ഞങ്ങളുടെ കൈകളിൽ
പഴയ പീരങ്കിക്കണ്ണുകൾ
വശമുണ്ടായിരുന്നു.
തുരുമ്പെടുത്തവ
പഴുത്ത് ചീഞ്ഞ പുണ്ണായി
ചലമൊഴുകി ദ്രവിച്ച്
പത്രക്കെട്ടുകളിലും
ചരിത്രമ്യൂസിയത്തിലെ
ബഞ്ചിന്റെ അറ്റത്തും മിഴിച്ചിരുന്നു.

അതിർത്തികളിലൂടെയുള്ള
ചരിത്രാന്വേഷികളുടെ
ദേശാന്തരഗമനങ്ങളിൽ
വഴി നിറയെ
അധിനിവേശ രാജ്യങ്ങൾ
ലക്ഷ്മണരേഖ വരയ്ക്കുന്നത്
അവർ കണ്ടിരിക്കണം.
കുഴിബോംബ്
ഒളിപ്പിച്ചു വെച്ച ഭീതിയുo
ആഴവും മുഴക്കവുo പേറി
വരണ്ടു ചുളുങ്ങിയ ആൾമറയുള്ള
പൊട്ടക്കിണറുകളായ കണ്ണുമായി
മക്കളെ തിരയുന്ന
മുത്തശ്ശിമാരുടെ പ്രതിമകൾ
രാജ്യങ്ങളെക്കാൾ വലുതായി.

യുദ്ധത്തിന്റെ പിറ്റേന്ന്
കുനിയനുറുമ്പുകൾ ചിരട്ടപ്പുട്ടിനും
അപ്പത്തിനും മണ്ണ് കടം തന്നില്ല
കടല് അടിവയറ്റിൽ
ഉപ്പ് പരലുകൾ ഒളിച്ചു വെച്ചു
സ്വർണവിലയിട്ടു.
ഞങ്ങൾ വിശന്നു കൊണ്ട്
കളിത്തോക്കുമായി നടന്നു
എന്നിട്ടും ആരും മണ്ണ് കിളച്ചില്ല.
എലികളെയും
കർഷകരെയും കൊന്ന്
കൃഷിഭൂമിയിൽ പുതിയ നിയമവും
ഭരണകൂടവും വന്നു.
ഒരു നഗരവും അനേകം കെട്ടിടങ്ങളും
സന്ദർശിച്ചു മടങ്ങിയതിന്റെ പാടുകൾ
ചോരയുടെയും മാംസത്തിന്റെയും
ഈർപ്പത്തിൽ പതിഞ്ഞു കിടന്നു.

വീണ്ടും ഞങ്ങൾ
സ്വന്തമല്ലാത്ത
ഭൂമിയെ മോഷ്ടിച്ച് പന്തൽ കെട്ടി,
ഇത്തവണ കളിവീടല്ല.
മണ്ണിനെ കുളിപ്പിക്കുകയും
ചെറു കുമിളകളുടെ വലുപ്പത്തിൽ
ഉരുട്ടിയെടുക്കുകയും
കളിത്തോക്കുകളിൽ
തിരകൾ നിറയ്ക്കുകയും
ഞങ്ങൾ ഞങ്ങൾക്ക്
പിണ്ഡമൂട്ടുകയും ചെയ്തു.
ഓരോ ഉരുളൻ ഭൂമിയിലും
ഞങ്ങൾ അനായാസമായി
മരിക്കുമെന്നുറപ്പിൽ
പരന്ന് കിടന്നുറങ്ങി.
ഭൂമിയും ആകാശവും
നമ്മുടെ സ്വന്തമായി
യുദ്ധം നമ്മൾ തമ്മിലായി
നമ്മൾ ഭൂമിയുടെ ബന്ധനത്തിലായി.

എന്തൊരു ആഴവും പരപ്പുo
രുചിയുമാണ്
പുട്ടിന്റെയും അപ്പത്തിന്റെയും
അരിമണികളുടെയും വലുപ്പത്തിൽ
തിരകൾ ഒളിഞ്ഞിരിക്കുന്ന
ഭൂമിയുടെ രൂപമുള്ള
ചെറുകുമിളകളുടെ പിണ്ഡത്തിന്!

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു