ഒടുങ്ങിയിട്ടും ഒടുങ്ങാത്ത പേറ്റുനോവ്

ആകാശക്കൊമ്പിലേക്ക്
പെട്ടെന്നൊരു ദിവസം
ചേക്കേറേണ്ടി വന്ന
അമ്മനക്ഷത്രങ്ങളെപ്പറ്റി
കേട്ടിട്ടുണ്ടോ…

ഒക്കത്തിരിക്കുന്ന
കുഞ്ഞിനെ നിലത്തു വച്ച്,
ദൈവക്കയ്യും പിടിച്ച്
ഏണിയേറിപ്പോവേണ്ടി വന്ന
അമ്മനക്ഷത്രങ്ങളെപ്പറ്റി…

‘അമ്മാ…’യെന്നൊരു
പിൻവിളിയിൽ മനസ്സുടക്കി
ദൈവക്കയ്യ്‌ വിടുവിക്കാൻ
നോക്കിയിട്ടും പറ്റാതെ
ആകാശം പറ്റേണ്ടി വന്ന
അമ്മനക്ഷത്രങ്ങളെപ്പറ്റി…

‘അവനിനി ആരുണ്ടെ’ന്ന
തോന്നലിൽത്തട്ടി വീഴാൻ പോയിട്ടും,
ഗുരുത്വമില്ലാതെ
ആകാശത്തേക്ക്
പറന്നു പോവേണ്ടി വന്ന
അമ്മനക്ഷത്രങ്ങളെപ്പറ്റി…

ആ നക്ഷത്രങ്ങൾക്ക്
വെളിച്ചം ഇത്തിരി
കൂടുതലുണ്ടാവും

നനവ് വിറങ്ങലിച്ച
കവിളോരത്ത് തട്ടി
കുറച്ചധികം വെളിച്ചം കാട്ടും

ആ കൺകളിൽ
ഒരു കുഞ്ഞിന്റെ ചിത്രം
പ്രതിഫലിയ്ക്കും

പകലുദിയ്ക്കുമ്പോൾ
ദൈവക്കനിവിൽ
ആകാശക്കൊമ്പിൽ
നിന്നൊരു ഏണി
താഴേക്ക് നീളും

അമ്മനക്ഷത്രങ്ങൾ
അമ്മയില്ലാക്കുഞ്ഞിനടുത്തെത്തും

കാണാത്ത കൈ കൊണ്ട്
അവനെ തൊടും
അമ്മയുമ്മനഷ്ടത്താൽ
വിളർത്ത കവിളിൽ
ചുണ്ടു ചേർക്കും

അവനു ചുറ്റുമുള്ളവരിലേക്ക്
അമ്മത്തം ഒഴുക്കും
അവന്റെ അമ്മത്തിരച്ചിലിലേക്ക്
അവരെ നീക്കിനിർത്തും

അവരവനെ
എണീപ്പിച്ച്
കുളിപ്പിച്ച്
കളിപ്പിച്ച്
ചോറു കൊടുത്ത്
ഉറക്കുന്നതുവരെ
അമ്മ(വാൽ)നക്ഷത്രം
തന്റെ കുഞ്ഞുസൂര്യനു
ചുറ്റും കറങ്ങും

സൂര്യൻ മയങ്ങിയെന്ന
അറിയിപ്പു കിട്ടുമ്പോൾ
ദൈവം വീണ്ടും ഏണി നീട്ടും

അമ്മനക്ഷത്രങ്ങൾ
അവധി തീർന്ന് തിരികെപ്പോവും

ആകാശക്കൊമ്പിലിരുന്ന്
താഴേക്കൊരു
നോട്ടമയക്കുമ്പോൾ,
അവന്റെ
കുഞ്ഞിക്കണ്ണിൽ നിന്നൊരു
തുള്ളിയിറ്റുന്ന കണ്ട്
പെറ്റ വയറ് പിടയും

അമ്മയില്ലായെന്ന
അവന്റെ ഒതുങ്ങാനോവിനൊപ്പം
അമ്മനക്ഷത്രത്തിന്
പിന്നെയും പേറ്റുനോവിളകും

ആയുർവേദ ഡോക്ടർ ആണ്. പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശി. ഓൺലൈൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും എഴുതുന്നു.