കാല്പനികതയുടേയും അതിജീവനത്തിൻ്റെയും കലമ്പലുകൾ

ആർ.ശ്രീലതാവർമ്മയുടെ ‘ചൂണ്ടക്കാരൻ’ എന്ന കവിതാസമാഹാരം സമകാലികതയുടെ നിരവധി പ്രക്ഷുബ്ധതകളെ കാവ്യമാക്കുന്നുണ്ട്. സമകാലിക വിഷയങ്ങളെ കവിതയിലേക്ക് ആവാഹിക്കുമ്പോൾ നേരിടുന്ന ഒരു പ്രശ്നം രാഷ്ട്രീയം പുറമെ പ്രത്യക്ഷത്തിൽ കാണാമെന്നാണ്. എന്നാൽ രാഷ്ടീയത്തെ നന്നായി കാവ്യ സൗന്ദര്യത്താൽ പൊതിഞ്ഞ് അവതരിപ്പിക്കുവാൻ ഈ കവിതാ സമാഹാരത്തിന് കഴിഞ്ഞിട്ടുണ്ട്. കവിതയുടെ സൗന്ദര്യത്തിൽ ലയിപ്പിച്ച് വായനക്കാരനെ ഭാവുകത്വപരമായും രാഷ്ടീയപരമായും മുന്നോട്ടു കൊണ്ടു പോകുവാനാണ് ഈ സമാഹാരത്തിലെ കവിതകൾ ശ്രമിക്കുന്നത്.

പ്രകൃതിയും അമ്മയും തമ്മിലുള്ള ബന്ധത്തിൻ്റെ ആവിഷ്ക്കാരമാണ് ‘ജലമേ, നീയും ഞാനും തമ്മിൽ’ എന്ന കവിത. അമ്മയുടെ വാശിയും കാരുണ്യവും ജലത്തോട് ബന്ധിപ്പിക്കുന്ന അപൂർവ്വ ചാരുതയാണ് ഇവിടെ കാണുന്നത്. മരവും കവിതയും തമ്മിലെന്താണ് ബന്ധമെന്ന ചോദ്യമാണ് ‘വിജനതയിൽ ഒരു മരം’ എന്ന കവിത. പ്രകൃതിയെന്നും കവിതയ്ക്ക് വിഷയമാണെന്ന യാഥാർത്ഥ്യം ഈ കവിത കൊണ്ടുവരുന്നു. കാൽപ്പനികത പ്രകൃതിയുടെ വാഴ്ത്തുപാട്ടായിരുന്നെന്ന കാര്യത്തിൻ്റെ തുടർച്ച ഈ കവിതയും പുലർത്തുന്നു. പ്രണയത്തിലെ കാൽപ്പനിക ഭാവങ്ങളുടെ തുടർച്ചയാണ് ‘ആ പെൺകിടാവ്’ എന്ന കവിതയിൽ കാണുന്നത്.

“അവളിപ്പോഴെങ്ങാ –
ണറിയില്ലെങ്കിലും
അവർ പരസ്പരം
പകുത്തിരുന്നൊരാ
പ്രണയവേദന
പറഞ്ഞില്ലെങ്കിലും
അവളെന്നോർമ്മയി-
ലൊരു മധുകണ-
മതു നുകരുമ്പോ-
ളമൃതസന്നിഭം! “
കാല്പനികത അവസാനിക്കുന്നില്ലായെന്ന സത്യത്തെയാണ് ഇവിടെ കാണുന്നത്.

പെൺബുദ്ധൻ എന്ന കവിത ഗൗതമബുദ്ധൻ്റെ ജീവിത അന്വേഷങ്ങളുടെ ഒരു വിമർശനമാണെന്നു പറയാം. സ്ഥിരമായി ധ്യാനിച്ചില്ലെങ്കിലും ഒരു തീമരം അവളെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു എന്നു എഴുതുമ്പോൾ സ്ത്രീയനുഭവങ്ങൾ പുരുഷാനുഭവങ്ങളെക്കാൾ വ്യത്യസ്തമാണെന്ന ചിന്തയാണ് കടന്നു വരുന്നത്. വീട് വിട്ടിറങ്ങുന്നതും ധ്യാനിക്കുന്നതുമെല്ലാം സാമൂഹ്യ ചിന്തകനും പ്രവർത്തകനുമാകാനുള്ള വഴിയാണെന്നത് പുരുഷ നിർമ്മിതിയാണെന്ന് ഈ കവിത പറയുന്നു.

സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമണങ്ങളെയും അപമാനങ്ങളെയും അവതരിപ്പിക്കുന്ന കവിതയാണ് ‘അടിച്ചു കൊല്ലെടാ’. സ്ത്രീകളെ പൂജിക്കണമെന്നും സമത്വം വേണമെന്നുമൊക്കെ പറയുമ്പോഴും എവിടെയും അവർ അപമാനിക്കപ്പെടുന്ന അവസ്ഥയെയാണ് കവിത വിമർശിക്കുന്നത്. ചൂണ്ടക്കാരൻ എന്ന കവിത ഒരു ലൈബ്രേറിയൻ്റെ പരിവർത്തനമാണ്. വായിക്കുമ്പോൾ അതിൽ അഗാധമായി മുഴുകുന്ന, ചൂണ്ടയിടുമ്പോൾ സ്ഥലകാലങ്ങൾ മറക്കുന്ന ഈ അധ്വാനിയുടെ മരണത്തെയാണ് കവിത ആവിഷ്ക്കരിക്കുന്നത്. ഫലമിച്ഛിക്കാതെ തങ്ങളുടെ കർമ്മളിൽ മുഴുകുന്ന അപൂർവ്വ വ്യക്തിത്വങ്ങളിൽ ഒരാളാണ് ഈ കവിതയിലെ ചൂണ്ടക്കാരൻ. എല്ലാ കവിതകളുടേയും ആത്യന്തികമായ കർമ്മം ഇതു തന്നെയാണ്; ഫലം പ്രതീക്ഷിക്കാതിരിക്കുക.

അമൂർത്തമായതിനെ കവിതയാക്കുവാനുള്ള ശ്രമങ്ങളാണ് മതിപ്പ്, സനിഗ്ദ്ധം എന്നീ കവിതകൾ.കവിതകൾ അമൂർത്തയാകുന്നതിനെക്കുറിച്ചുള്ള ചിന്ത ഉഭയം എന്ന കവിതയിൽ കാണാം.

ഒടുക്കം
മതിപ്പിനെ വെട്ടി,
മണ്ണിട്ടു മൂടി.
എന്നിട്ടും
എവിടെ നിന്നോ
അരിച്ചരിച്ചു വരുന്നുണ്ട്
മതി, മതി എന്നൊരു ചിന്തയില്ലാത്ത
വെറും മതിപ്പ്.

വാക്കുകൾക്കും വരികൾക്കും കവിതകൾക്കുമുള്ള ഇടങ്ങളെക്കുറിച്ചുള്ള കവിതയാണ്ഇ ടങ്ങൾ. ഹൃദയത്തിൽ കാണുന്ന ഇടങ്ങളിലേക്ക് കവിത കടക്കുന്നത്. മനസ്സിനെ നോക്കുന്ന കണ്ണാടിയെ കണ്ണാടി എന്ന കവിതയിൽ കാണാം. ഉടയാത്ത അനേകം കണ്ണാടിയിലൂടെ സ്വത്വത്തെ കാണുവാൻ കവി ശീലിക്കപ്പെട്ടിരിക്കുന്നു.

ആർ. ശ്രീലതാവർമ്മയുടെ ചൂണ്ടക്കാരൻ എന്ന കവിതാ സമാഹാരത്തിൽ ആവർത്തിക്കപ്പെടുന്ന ബിംബമായി പുഴ മാറുന്നുണ്ട്. ഓരോ പുഴയും, വിരൽത്തുമ്പിൽ, എങ്കിലും എന്നീ കവിതകൾ നോക്കുക. ജലം, മഴ എന്നിവയും പല കവിതകളിലും ആവർത്തിക്കുന്നു. മരം പല കവിതകളിലും തുടരുന്നതായും കാണാം.

ഇരിപ്പിൻ്റെ നാനാർത്ഥങ്ങളിലേക്ക് സഞ്ചരിക്കുന്ന കവിതയാണ് ഇരിപ്പ്. ഇരിപ്പ് ഒരു രാഷ്ട്രീയ പ്രവർത്തനമാണെന്ന് ഈ കവിത സൂചിപ്പിക്കുന്നു. കവി ആമുഖത്തിൽ പറയുന്നതു പോലെ ജീവിതത്തിൻ്റെ അനാർവചനീയതയാണ് ഈ കവിതകൾ. വ്യാഖ്യനിക്കുവാൻ ഈ കവിത പിടി തരുന്നില്ല. ഒഴിഞ്ഞു മാറലിലൂടെ ഈ കവിത വീണ്ടും വളരുന്നു. കാല്പനികതയുടേയും അതിജീവനത്തിൻ്റെയും കലമ്പലുകൾ ഈ കവിതകളിൽ കാണാം.

എറണാകുളം ജില്ലയിലെ കുറുമശ്ശേരി സ്വദേശി. തൃശൂർ ശ്രീ കേരളവര്‍മ്മ കോളേജിൽ മലയാള വിഭാഗം മലയാള വിഭാഗം പ്രൊഫസര്‍.