സ്വപ്നങ്ങളുടെ പ്രത്യയശാസ്ത്രം

*നിങ്ങൾ സ്വപ്നങ്ങളിൽ വിശ്വസിക്കുന്നുവോ?

കുറച്ചുദിവസങ്ങളായി ഞാൻ ചില ചലിക്കുന്ന ചിത്രങ്ങൾ ആവർത്തിച്ചുകാണുന്നു. രാത്രിയിൽ ഉറക്കത്തിൽ കാണുന്നതിനാൽ അതിനെ ഞാൻ സ്വപ്നമെന്നു വിളിക്കുന്നു. നിങ്ങൾക്കറിയാമോ ചെറുപ്പംമുതലേ സ്വപ്നങ്ങൾ കാണുന്നത് എനിക്കു വലിയ ഇഷ്ടമായിരുന്നു. സ്വപ്നം കാണുമ്പോൾ എന്റെ മനസ്സൊരു തളിരിലപോലെ ലോലമാകാറുണ്ട്. നക്ഷത്രങ്ങൾ മാത്രമുള്ള  ആകാശത്തു ചെന്നുപെട്ടതുപോലെ, കടലിന്റെ നീലിച്ച അനന്തതയിൽ ഒരു ചെറുവള്ളത്തിൽ തനിച്ചാക്കപ്പെടുന്നതുപോലെ! സ്വപ്നങ്ങളിൽനിന്നു ഞാൻ ആനന്ദവും ദുഃഖവും കണ്ടെത്തി.

ആദ്യമായി ഞാനൊരു സ്വപ്നം കാണുന്നത് എന്റെ അമ്മയുടെ ഗർഭപാത്രത്തിൽവെച്ചാണ്. അത്ഭുതം തോന്നുന്നുണ്ടല്ലേ? അങ്ങനെ അതിശയപ്പെടേണ്ട കാര്യമൊന്നും ഇതിലില്ല. നിങ്ങളും നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും ആദ്യത്തെ സ്വപ്നം കണ്ടത് അമ്മയുടെ ഉദരത്തിൽ വെച്ചുതന്നെയാണ്. പക്ഷേ നിങ്ങളത് ഓർക്കുന്നില്ല എന്നുമാത്രം. എന്നെപോലെ സ്വപ്നങ്ങളെ പ്രണയിച്ചിരുന്നുവെങ്കിൽ നിങ്ങളിപ്പോൾ ആ സ്വപ്നത്തെക്കുറിച്ച് എന്നോടു വാചാലനായേനെ. തീർച്ചയായും ഒരു തൂവൽപോലെ മനോഹരമായിരുന്നു ആ സ്വപ്നം. സ്വപ്നങ്ങൾ ചിലപ്പോൾ യാഥാർഥ്യങ്ങളാകാറുണ്ട്. യാഥാർഥ്യങ്ങൾ സ്വപ്നങ്ങളും. ഉദാഹരണത്തിന് എന്റെ ചെറുപ്പകാലത്തു ഞാനൊരു രസകരമായ സ്വപ്നം ആവർത്തിച്ചുകാണുമായിരുന്നു.

സ്വപ്നത്തിൽ  എനിക്കു കലശലായ മൂത്രശങ്കയുണ്ടായി. സ്കൂൾയൂണിഫോമണിഞ്ഞ  ഞാനപ്പോൾ ഒരു കണക്കുക്ലാസ്സിലായിരുന്നു.  ക്ലാസ്സിനുമുൻപിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട കണക്കുടീച്ചർ വൽസമ്മടീച്ചർ വൃത്തത്തിന്റെ വ്യാസത്തെക്കുറിച്ചു  ക്ലാസ്സെടുക്കുന്നു. ബ്ലാക്ക്ബോർഡിൽ വരച്ചിട്ട വലിയവൃത്തത്തിൽ നോക്കുന്തോറും എന്നിൽ മൂത്രശങ്ക വർദ്ധിച്ചുവന്നു. ഞാൻ അക്ഷമനായി വാച്ചിൽനോക്കി. പിരീഡു തീരാൻ ഇനിയും പത്തുമിനിറ്റു കഴിയണം. ജനലഴിക്കപ്പുറം മഴക്കോളുകൾ നിറഞ്ഞയാകാശം  ബ്ലാക്ക്ബോർഡുപോലെ മൂടിക്കെട്ടിക്കിടന്നു. തുരുമ്പുപിടിച്ച ടാപ്പിന്റെയരികിൽ മുഖംമിനുക്കുന്ന ഒരു കാക്കയെനോക്കി മനസ്സിൽനിന്നു മൂത്രശങ്കയകറ്റാൻ  വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു. വയറ്റിലെ വീർപ്പുമുട്ടൽ ക്രമേണ വർദ്ധിച്ചുവരുന്നതറിഞ്ഞ ഞാൻ പെട്ടെന്നു തലേദിവസംകണ്ട വിജയ് സിനിമയിലെ ഒരു ഗാനരംഗം ഓർത്തെടുത്തു. അതിലെ നായകനായി സ്വയംമാറി.

“ആടുങ്കഡാ എന്നെപ്പറ്റി… നാൻ അയ്യനാര് വെട്ടുക്കത്തി..”

എന്റെ മുഖമുള്ള വിജയ് യേശുദാസിന്റെ ശബ്ദത്തിൽ ഉറക്കെ പാടി. അതിനു യേശുദാസാണോ ഈ പാട്ടു പാടിയത്? അതിന്റെ ഇടയ്ക്കു ബുദ്ധിക്കു സംശയം. മിണ്ടാതിരിയെടാ പുല്ലേ. മനസ്സു ബുദ്ധിയെ തെറിവിളിച്ചു. ലോങ്ബെൽ മുഴങ്ങുന്ന ശബ്ദം. യേശുദാസിനെ ക്ലാസ്സ്മുറിയിലുപേക്ഷിച്ച ഞാൻ മൂത്രപ്പുരയിലേക്കോടി. തിരക്കുനിറഞ്ഞ അവിടമൊഴിവാക്കി മൂത്രപ്പുരയുടെ തൊട്ടുപുറകിലുള്ള പൊന്തക്കാട്ടിൽ അഭയംതേടി. റബ്ബർമരങ്ങളുടെ ചില്ലകൾക്കിടയിൽ കൂടുകൂട്ടിയ ഒരു ചെമ്പോത്ത് എന്നെനോക്കി  കളിയാക്കിചിലച്ചു. എനിക്കു പിന്നെയും ദേഷ്യംവന്നു. വൃത്തത്തിന്റെ വ്യാസമെത്രയാണ്? പറയൂ.. വത്സമ്മടീച്ചർ ഉർവ്വശിയുടെ ശബ്ദത്തിൽ ചോദിക്കുന്നു. ഒപ്പം ഞാനാ വൃത്തികെട്ട സ്വപ്നത്തിൽനിന്നു ഞെട്ടിയുണർന്നു. എന്തൊരു വിചിത്രമായ സ്വപ്നമെന്നോർത്തു ചിരിച്ചു. എന്നാൽ അടുത്തനിമിഷം ബെഡ്ഷീറ്റിലെ നനവുകണ്ടു ഞെട്ടി തലയ്ക്കടിച്ചു.

കോപ്പ് അപ്പോ ഇതു സ്വപ്നമല്ലായിരുന്നോ. നാണത്തോടെ ഞാൻ ബാത്റൂമിലേക്കുനടന്നു.

ഈയൊരു സ്വപ്നത്തിൽനിന്ന് ഉണർന്നുകഴിഞ്ഞിട്ടും എന്റെ ഓർമ്മയിൽ വൽസമ്മടീച്ചർ നിർത്താതെ ക്ലാസ്സെടുത്തുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. മുഖംമിനുക്കിയ കാക്കയേയും, വൃത്തത്തിന്റെ വ്യാസവും എനിക്കു കൃത്യമായി ഓർത്തെടുക്കാൻ കഴിഞ്ഞു. പക്ഷേ എത്ര ശ്രമിച്ചിട്ടും.. എത്ര ശ്രമിച്ചിട്ടും എന്റെ മുഖമുള്ള വിജയ് പാടിയ പാട്ടേതാണെന്ന് എനിക്ക് ഓർമ്മ കിട്ടിയില്ല. അതിനു ശ്രമിക്കുന്തോറും പൊന്തക്കാട്ടിലെ പച്ചപ്പിലേക്കുപടരുന്ന മൂടൽമഞ്ഞു പോലെ ഓർമ്മ അവ്യക്തമായിത്തീർന്നു. തലച്ചോറിനെയൊട്ടും വർക്കുചെയ്യിപ്പിക്കുവാൻ താല്പര്യമില്ലാത്ത മടിയനായ ഞാൻ പുതപ്പു തലവഴിമൂടി ഉറക്കം കാത്തു ബെഡ്ഷീറ്റിന്റെ ഓരംപറ്റിയങ്ങനെ കിടന്നു. ഒരല്പംകൂടി ശ്രമിച്ചിരുന്നുവെങ്കിൽ എനിക്കാ മൂത്രസ്വപ്നത്തിന്റെ പൊട്ടും പൊടിയും വീണ്ടെടുക്കാൻ കഴിഞ്ഞേനെ അല്ലേ? ഒപ്പം വിജയിയുടെ ആ പാട്ടും. ഞാനിതു നിങ്ങളോടു ചോദിക്കാൻ കാരണം നിങ്ങളും ചെറുപ്പത്തിൽ ഇത്തരമൊരു സ്വപ്നം കണ്ടിട്ടുണ്ടെന്ന് എനിക്കു നന്നായി അറിയാം. ഇത്തരം സ്വപ്നങ്ങളുടെ വീണ്ടെടുപ്പു ബാലരമയിൽ മുയലിനു വഴികാട്ടുന്നതുപോലെ ലളിതമാണ്.

എന്തായാലും കുറച്ചുദിവസങ്ങളായി ഞാനിപ്പോൾ മറ്റൊരു സ്വപ്നത്തിന്റെ തിരക്കിലാണ്.

അതൊരു ബേക്കറിയായിരുന്നു. ബേക്കറിയുടെ ഏറ്റവും പുറകിലെ ആളൊഴിഞ്ഞ ടേബിളിനരികിൽ ഒരു ചുവന്നപ്ലാസ്റ്റിക് കസേരയിൽ ഞാനിരിക്കുന്നു. ഗ്ലാസ്‌ഭിത്തിക്കുമപ്പുറം നേർത്തുപൊടിയുന്ന മഴ.
‘സർ എന്താണു വേണ്ടത്?’
അടുത്തുവന്നു വെയിറ്റർ ചോദിച്ചു.
‘ഒരു സ്‌ട്രോങ് കാപ്പിയും പിന്നെ കഴിക്കാനെന്താണുള്ളത്?’
എന്റെ കണ്ണുകൾ ചില്ലലമാരയിലേക്കു നീണ്ടു.
‘ഒരു ഉള്ളിവടയെടുത്തോ.’
അയാൾ പോയി. പുറത്തു പെയ്യുന്ന മഴ. മഴയിൽ നനയുന്ന കെട്ടിടങ്ങൾ, റോഡിലൂടെ ലൈറ്റിട്ടുപായുന്ന വാഹനങ്ങളുടെ ഇരമ്പലുകൾ. കാപ്പി വന്നു. ഉള്ളിവടയും. ചൂടുകാപ്പി ഊതിയൂതി കുടിക്കുന്നതിനിടയിൽ ഞാൻ യൂട്യൂബു തുറന്ന് ‘ഒരു ചിരിയോ ബംബർ ചിരിയോ’ എന്ന പ്രോഗ്രാമിന്റെ ലേറ്റസ്റ്റ് വീഡിയോ കാണുവാൻ തുടങ്ങി. കനത്തുവരുന്ന മഴയുടെ ഇരമ്പൽകാരണം ശബ്ദം വ്യക്തമാകുന്നില്ല. നിരാശയോടെ ഫോൺ പാന്റിന്റെ പോക്കറ്റിലേക്കു താഴ്ത്തി. അപ്പോഴാണാ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്. ഞാൻ പാന്റ്സിട്ടിട്ടില്ല. എങ്കിലും എനിക്കിപ്പോളതിൽ വലിയ ആശ്ചര്യമൊന്നും തോന്നുന്നില്ല. ചില സ്വപ്നങ്ങൾ അങ്ങനെയാണ്. വസ്ത്രങ്ങളണിയാതെയും നടന്നിട്ടും നടന്നിട്ടും നീങ്ങാനാവാതെയും അവ നമ്മളെ വട്ടുപിടിപ്പിക്കും.

എനിക്കുമുന്നിൽ രണ്ടുടേബിളുകൾക്കപ്പുറം ഒരു ഫാമിലിയിരുന്നു ഭക്ഷണം കഴിക്കുന്നുണ്ട്. ഒരു എലുമ്പനും അയാളുടെ തടിച്ചിയായ ഭാര്യയും. ഭാര്യയുടെയടുത്തു തിളക്കമുള്ള ഫ്രോക്കണിഞ്ഞ  പെൺകുട്ടി നിൽക്കുന്നു. അവളുടെ നോട്ടം എന്നിൽ പതിക്കുന്നുവോ? എനിക്കു പെട്ടെന്നു നാണംവന്നു. ഞാൻ കാലുകൾ അടുപ്പിച്ചുവെച്ചിരുന്നു. ഇതൊരു രസകരമായ സിറ്റുവേഷനാണ്. കൂട്ടിനായി പുറത്തു തിമിർത്തുപെയ്യുന്ന മഴയും. ഞാൻ ഉള്ളിവടയിൽനിന്നൊരു കഷ്ണം പകുത്തു വായിലേക്കിട്ടു. അതാ എലുമ്പനും ഭാര്യയും, പെൺകുട്ടിയും ക്യാഷ്കൗണ്ടറിൽനിന്ന് ആ മഴയിലേക്കിറങ്ങുന്നു. അവളെന്നെ ഒരിക്കൽകൂടി തിരിഞ്ഞുനോക്കി. എന്റെ ചുണ്ടിലൊരു ചിരിവിരിഞ്ഞു. മഴനനഞ്ഞു റോഡിലൂടെയൊരു ഒറ്റക്കണ്ണു  നീന്തിവന്നു. എലുമ്പൻ റോഡിലേക്കിറങ്ങിനിന്ന് ഓട്ടോറിഷയ്ക്കു കൈകാണിച്ചു. റോഡിന്റെ എതിർഭാഗത്തുനിന്നും ഒന്നിലധികം വണ്ടികൾ തങ്ങളുടെ തിളക്കമുള്ള രാക്ഷസക്കണ്ണുകൾ തെളിയിച്ചു പാഞ്ഞുവന്നുകൊണ്ടിരുന്നു. അതിലൊരു രാക്ഷസൻ  ഇൻഡിക്കേറ്ററിടാതെ തന്റെ വണ്ടിയുടെ ഹാൻഡിൽ വലത്തേക്കൊടിച്ചു. തൊട്ടുപുറകേവന്ന നീലനിറമുള്ള കാറും അയാളെ രക്ഷിക്കുവാനായി വലത്തേക്കുതന്നെ വെട്ടിച്ചു.  നിയന്ത്രണംവിട്ട കാറിപ്പോൾ ഓട്ടോറിഷയ്ക്കുനേരെയാണു കുതിച്ചുവരുന്നത്. എലുമ്പനെയും തടിച്ചിയെയുംകൊണ്ടു കിതച്ചുനീങ്ങാൻ തുടങ്ങിയ ഓട്ടോ നിന്നനിൽപ്പിൽ ഒരു കളിപ്പാട്ടംപോലെ അന്തരീക്ഷത്തിലേക്കുയർന്നു. തകിടുകൾ പൊട്ടുന്ന ശബ്ദം. ബേക്കറിയുടെ ചില്ലുതുളച്ചു കടന്നുവന്ന പ്രകാശത്തിന്റെയൊരു കണ്ണ് എന്നെ ദയനീയമായിനോക്കി. മഴ കണ്ണുനീരുപോലെ പൊടിഞ്ഞുകൊണ്ടിരുന്നു.

എന്താണീ സ്വപ്നത്തിന്റെയർത്ഥം? ആലോചിക്കുമ്പോൾ തലയിൽ പെരുപ്പുകയറുന്നു. പിന്നീടുള്ള ദിവസങ്ങളിൽ മറക്കാൻ ശ്രമിക്കുന്തോറും പൂർവാധികം ശക്തിയോടെ വൃത്തികെട്ട സ്വപ്നം എന്നെയും തേടിയെത്തി. ഉറക്കമില്ലാത്തരാത്രികൾ അതെനിക്കു തുന്നിത്തന്നു. കണ്ണടച്ചാൽ മഴ പെയ്യാൻ തുടങ്ങും. ഇടവപ്പാതിപോലെ ഇടമുറിയാത്ത മഴ. മഴനനഞ്ഞ ഒന്നിലധികം രാക്ഷസക്കണ്ണുകൾ എന്നെ തുറിച്ചുനോക്കി. എലുമ്പനും തടിച്ചിയും ഫ്രോക്കണിഞ്ഞ പെൺകുട്ടിയും വീണ്ടും വീണ്ടും ഓട്ടോയിലേക്കു കയറിക്കൊണ്ടിരുന്നു. ഓരോ രാത്രികൾക്കുശേഷവും കാരണമറിയാത്തയൊരു വിഷാദമെന്നിൽ കൂടുകൂട്ടാൻ തുടങ്ങി.

എന്താണിങ്ങനെ? ഞാനാലോചിച്ചു. അപ്പോഴെനിക്കൊരു കാര്യം തോന്നിത്തുടങ്ങി. ഈ സ്വപ്നത്തിൽ എന്തോ ഒന്നു മിസ്സിംഗാണ്. ഉണർന്നു കഴിയുമ്പോൾ മറന്നുപോകുന്ന  വിജയിയുടെ പാട്ടുപോലെ എന്തോ ഒന്ന്, വളരെ ദുഃഖം ജനിപ്പിക്കുന്ന ഏതോ ഒരു ഏട് ഈ സ്വപ്നത്തിൽനിന്നു ഞാൻ മറന്നിരിക്കുന്നു. എന്തായിരിക്കുമത്?

കുറച്ചുനാളുകൾക്കുശേഷം.  ജോലിസംബന്ധമായ ആവശ്യത്തിനായി എനിക്കൊരു ദൂരയാത്ര പോകേണ്ടതായിവന്നു. നല്ല തണുപ്പുള്ള കാറ്റ്. കറുത്ത രാത്രിസ്വപ്നങ്ങൾപോൽ ആകാശത്തിരുണ്ടുകൂടുന്ന കാർമേഘങ്ങൾ. മഴ, കാറ്റ്, ജോൺസൺ മാഷിന്റെ സംഗീതം… ഒരു കടുംകാപ്പിക്കായി ഉള്ളംതുടിച്ചു.  ദൂരെയൊരു വെളിച്ചം മഴയിൽ നനയുന്നു. അതൊരു ബേക്കറിയാണ്. ബേക്കറിയിൽനിന്ന് ഒരു എലുമ്പനും അയാളുടെ തടിച്ചിയായ ഭാര്യയും കൂടെയൊരു പെൺകുട്ടിയും മഴയിലേക്കിറങ്ങി. അവരെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നു തോന്നി. എനിക്കുമുന്നിൽ നീങ്ങിയിരുന്ന ഒരു മഞ്ഞവെളിച്ചം പെട്ടെന്നു വലത്തേക്കു തിരിയുന്നതുകണ്ടു. ഞാനുമൊരു ഞെട്ടലിന്റെ അകമ്പടിയിൽ സ്റ്റിയറിങ് വലത്തേക്കൊടിച്ചു. ചലിച്ചുതുടങ്ങിയ ഓട്ടോയ്ക്കുനേരെ പാഞ്ഞുചെല്ലുന്നതിനിടയിൽ എനിക്കാ പഴയ സ്വപ്നത്തിലെ മിസ്സിംഗ്പാർട്ടെന്താണെന്നു കൃത്യമായി ഓർമ്മവന്നു. എന്റെ കാറിന്റെ നിറം… എന്റെ കാറിന്റെ നിറവും നീലയാണ്. എതോ പേടിസ്വപ്നത്തിൽനിന്നുമടർന്നുവീണ ചുരുളുകൾപോൽ മഴ പെയ്തുകൊണ്ടിരുന്നു.