സത്യാസത്യങ്ങളെ തിരഞ്ഞിറങ്ങിയതാണ് ഗുരുശിഷ്യന്മാർ.
ആദ്യമെത്തിയയാളെ ചൂണ്ടി ഗുരു പറഞ്ഞു –
“ദാ…നോക്ക്, ആ വരുന്നതാണ് സത്യം”
“അല്ല ഗുരോ… അത് നുണയാണ് ” ശിഷ്യൻ ശാന്തസ്വരത്തിൽ പറഞ്ഞു. ഗുരു ക്ഷോഭിച്ചു.
“നിരീക്ഷണ പാടവമില്ലാത്ത വിഡ്ഡീ… ആ കാലുകളിൽ നോക്ക്, ചെരുപ്പുണ്ട്. സത്യം ചെരുപ്പിടാൻ പോകുമ്പോൾ നുണ ലോകം ചുറ്റിവരുമെന്നല്ലേ പ്രമാണം!! “
ശിഷ്യൻ നിശബ്ദനായി.
“നാം വരാൻ വൈകി, അസത്യം വളരെ നേരത്തെ ഇവിടം കടന്നുപോയിട്ടുണ്ടാകും”
എന്ന തീർപ്പോടെ ഗുരു ആഗതനരികിലേയ്ക്ക് നടന്നു.
ശിഷ്യനായിരുന്നു ശരി, വന്നത് അസത്യമായിരുന്നു.
“അല്ലയോ ശിഷ്യ, നീയെങ്ങനെയാണ് ഒറ്റക്കാഴ്ചയിൽ സത്യാസത്യങ്ങളെ തിരിച്ചറിയുന്നത് ” മ്ലാനവദനനായി ഗുരു ചോദിച്ചു.
“സത്യം നൈസർഗ്ഗികമാണ്. അതിൻ്റെ പാദങ്ങൾ നഗ്നമായിരിക്കും “
ശിഷ്യൻ വിനയത്തോടെ പ്രതിവചിച്ചു.
ഗുരുവിൻ്റെ തലകുനിഞ്ഞു.
അപ്പോൾ തൻ്റെ തോൽച്ചെരുപ്പിനരികിൽ ശിഷ്യൻ്റെ നഗ്നപാദങ്ങളയാൾ കണ്ടു