കളിയാട്ടക്കാവ്

അവളുടെ
മഞ്ഞിച്ച ത്രിസന്ധ്യകൾ
പടിയിറക്കത്തിൽ
സൂര്യൻ മുറുക്കിത്തുപ്പിയ
അലരിപൂത്ത കാവ് പോലെ.

അവൾ ആരും തീണ്ടാത്ത അലരിക്കാവ്.

പച്ചിളം തളിരുകളിൽ പ്രണയത്തിന്റെ
പരാഗരേണു വിതറിയ പൂമ്പാറ്റച്ചിറകിൽ
സിന്ദൂരം തൂകിയ അന്തിചോപ്പ്.

അവൾ പൂമ്പാറ്റയുടെ പിറകെ പോകുന്നു.

അവൾ കാവ് തീണ്ടിയ ചന്ദ്രനെ
തിരിച്ചു വിളിക്കാൻ
രാക്കിളിയെ പറത്തി വിട്ടു.
വിയർത്ത് വിറച്ച
മുറിഞ്ഞ വിരല് കൊണ്ട്
ചന്ദ്രനെ തൊട്ടു.
വിളറിയ ഭസ്മക്കുറി മറിഞ്ഞ്
അവളതിൽ മുങ്ങിക്കുളിച്ചു,
നമ്രമുഖിയായി.

കാവിലപ്പോൾ അലരിപ്പൂക്കൾ കൊഴിഞ്ഞു.

അടിപ്പാവാടയുടെ
ചൂളിപ്പോയ ചുളുങ്ങിയ ഞൊറികളിൽ
രാത്രി ഇല്ലട്ടക്കരിപോലെ ഒളിച്ചിരുന്നു .
അലരിപ്പൂ മൊട്ട് വിടർന്ന കാവിലപ്പോൾ
ഗന്ധരാജൻ വിരിഞ്ഞു,
കാവാകെ മത്ത്പിടിച്ച
മദനോത്സവം.
കാറ്റുപിടിച്ച ഇലയനക്കം
നീർച്ചോലയിൽ മുത്തമിട്ടു.

കാവിനിപ്പോൾ
മഴനനഞ്ഞ പുതുമണ്ണിന്റെ മണമാണ്.

അവളുടെ തുടുത്ത പുലരികളുടെ
പടിയിറക്കത്തിൽ
മേലാകവെ പോറിവരഞ്ഞ
അർദ്ധചന്ദ്രക്കല,

കാവ് തീണ്ടിയത് പോലെ.

കാവ്
പുതുപ്പെണ്ണിനെപ്പോലെ
ഒരുങ്ങിയിറങ്ങുന്നു
അവളുടെ മൂവന്തികൾ
വെള്ളിലകൾ
വെള്ളാരംകല്ലുകൾ.

അവളുടെ മാത്രം അലരിക്കാവിൽ
പുതുനാമ്പിന്റെ പിൻവിളി.

വീണവയെല്ലാം
കായ്ക്കുന്നു
പൂക്കുന്നു
കൊഴിയുന്നു
മുളയ്ക്കുന്നു
കാവിലപ്പോൾ അന്തിത്തിരി തെളിയുന്നു .

കാവിപ്പോൾ അന്തിക്ക്
ഓലച്ചൂട്ടും കത്തിച്ചു ചോപ്പുടുത്ത്
കാർന്നോരെപ്പോലെ ഉറയുന്നു
കാവാകെ തീ നിറമുള്ള
പൂക്കളുടെ കളിയാട്ടം.

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു