ഒരാളുടെ ജീവചരിത്രം എന്നത് ആ വ്യക്തി ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ ചരിത്രവും ഒപ്പം ജീവിതകഥയുമാണ്. പറയപ്പെടുന്ന ആളുടെ കഥയിൽനിന്നും വായനക്കാരന് എന്തോ പഠിക്കാനുണ്ട് എന്ന ചിന്തയിൽ നിന്നാണ് അത്തരത്തിലുള്ള കൃതികൾ ഉടലെടുക്കുന്നതും. ആത്മകഥ – ജീവചരിത്രസാഹിത്യം എന്നത് വർത്തമാനകാലത്തെ സജീവമായ സാഹിത്യശാഖകളിൽ ഒന്നാണ്. ശ്രദ്ധേയമായ നിരവധി ആത്മകഥകളും ജീവചരിത്രങ്ങളും മലയാളത്തിൽ ഉണ്ടായിട്ടുണ്ടെകിലും ഒരു അച്ഛന്റെ ജീവചരിത്രം മകൾ എഴുതുന്നത് മലയാളത്തിൽ വേറേ ഉണ്ടായിട്ടുണ്ടോ എന്നറിയില്ല.
സംഭവബഹുലവും ത്യാഗോജ്ജ്വലവുമായ ഒരു ജീവിതം നയിച്ച്, കാലയവനികക്കുള്ളിൽ മറഞ്ഞ ഇടപ്പിള്ളി ശിവൻ എന്ന മനുഷ്യസ്നേഹിയായ സഖാവിന്റെ എഴുതിപ്പൂർത്തിയാക്കാതെപോയ ആത്മകഥാകുറിപ്പുകൾ കണ്ടെത്തി, മകൾ ഗീത കൃഷ്ണൻ, അച്ഛന്റെ ജീവിതത്തെ അടയാളപ്പെടുത്തിയതാണ് ‘ഇടപ്പിള്ളി ശിവൻ, ഇടറാത്ത വിശ്വാസക്കരുത്ത്’ എന്ന ജീവചരിത്രഗ്രൻഥം.
ഒരു ശരിയായ വിലയിരുത്തൽ വേണമെങ്കിൽ, ആ വ്യക്തി ജീവിച്ചിരുന്ന കാലഘട്ടത്തെയും, സമൂഹത്തിനുള്ള പ്രസ്തുത വ്യക്തിയുടെ സംഭാവനകളേയും വിലയിരുത്തണം. ഇതൊക്കെ ഉൾകൊണ്ടാലേ ഒരു ജീവചരിത്രത്തിന് മാഹാത്മ്യം കൈവരികയുള്ളു. എസ്സ് ശിവശങ്കരപ്പിള്ളയുടെ ഒൻപത് പതിറ്റാണ്ട് നീണ്ട ജീവിചരിത്രം, ഗീത കൃഷ്ണൻ ഈ പുസ്തകത്തിലൂടെ അനാവരണം ചെയ്യുമ്പോൾ, അത് ഒരു നാടിന്റെയും, സമൂഹത്തിന്റെയും, ആ കാലഘട്ടനത്തിന്റെയും, സംസ്കാരത്തിന്റെയും അതിലുപരി കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിൻറെയും ചരിത്രം കൂടിയായി മാറുന്നുണ്ട്. എസ്സ് ശിവശങ്കരപ്പിള്ള ‘ഇടപ്പിള്ളി ശിവൻ’ ആയ കഥ ഗീത പറയുമ്പോൾ, ആളുടെ ചരിത്രം എന്നതുപോലെ, ആ ആൾ ജീവിച്ചിരുന്ന കാലത്തിന്റെയും സമൂഹത്തിന്റെയും ചരിത്രം കൂടി അടയാളപ്പെടുത്തുന്നു എന്നിടത്താണ് ഈ പുസ്തകം വിജയിക്കുന്നത്.
എസ്സ് ശിവശങ്കരപ്പിള്ളയുടെ സമരതീഷ്ണമായ ജീവിതം, സഹജീവിസ്നേഹത്തിലും മനുഷ്യത്വത്തിലും അധിഷ്ഠിതമായിരുന്നു. വിപ്ലവകാരിയായ സഖാവ്, സ്നേഹനിധിയായ അച്ഛൻ എന്നീ ദ്വന്ദഭാവങ്ങളാണ് ഗീത കൃഷ്ണൻ ഈ പുസ്തകത്തിലൂടെ അടയാളപ്പെടുത്തുന്നത്. ഗീത പറയുന്നു, “ഈ പുസ്തകം ഒരു മകളുടെ വൈകാരികഭാവങ്ങൾ മാത്രം നിറഞ്ഞ ഒന്നല്ല, മറിച്ചു, വ്യക്തിയെ ചരിത്രവുമായി കൂട്ടിയിണക്കുന്ന ഒന്നാണ്. മകളുടെ ആർദ്രതയും, സഖാവിന്റെ ഭാവതീവ്രതയും ഒത്തുചേരുന്ന ഒന്ന്.”
കേരളത്തലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാലനേതാക്കളിൽ ഒരാളായ ശിവശങ്കരപ്പിള്ള ‘ഇടപ്പിള്ളി ശിവൻ’ ആയി മാറിയത്, കേരളത്തിന്റെ ഇടതുപക്ഷ ചരിത്രത്തിലെ തിളങ്ങുന്ന അദ്ധ്യായങ്ങളിൽ ഒന്നായ ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ പ്രതിയായി, ക്രൂരമായ പോലീസ് പീഡനങ്ങൾക്ക് ഇരയായതോടെയാണ്. ചരിത്രപ്രസിദ്ധമായ ഒരു സംഭവത്തിന്റെ പേരിൽ, ആ പേരിൽത്തന്നെ അറിയപ്പെടാനുള്ള ഭാഗ്യവും അതോടെ അദ്ദേഹത്തിനുണ്ടായി.
ഏഴ് പതിറ്റാണ്ടിലധികം നീണ്ട രാഷ്ട്രീയജീവിതം സ്വകാര്യ നേട്ടങ്ങൾക്ക് ഉപയോഗിക്കാതെ, അവസാനശ്വാസംവരെ നാടിനും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി മാറ്റിവെച്ച, പൂർണമായും ഹ്യുമനിസ്റ്റായിരുന്ന, മനുഷ്യസ്നേഹിയായിരുന്ന ഒരു കമ്മ്യൂണിസ്റ്റിനെയാണ് ഗീത ഈ പുസ്തകത്തിലൂടെ കാട്ടിത്തരുന്നത്. അധികാരത്തോടും സ്ഥാനമാനങ്ങളോടും പുറംതിരിഞ്ഞു നിൽക്കുമ്പോഴും എന്നും അഴിമതിയോട് കലഹിക്കാൻ അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു.
ജീവിതം മുഴുവൻ പ്രസ്ഥാനത്തിനായി ഉഴിഞ്ഞുവെച്ച അച്ഛനെക്കുറിച്ച് പറയുമ്പോൾ, വീടിന്റെയും കുട്ടികളുടെയും കാര്യങ്ങൾ ഒറ്റക്ക് നോക്കി, രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോഴും, അച്ഛന്റെ കരുത്തായിരുന്ന അമ്മയെക്കുറിച്ചും ഗീത കൃഷ്ണൻ ഹൃദയാവർജ്ജകമായി പറയുന്നുണ്ട് ഈ പുസ്തകത്തിൽ. ഈ പുസ്തകത്തിന്റെ ആദ്യപ്രതി അമ്മക്ക് സമ്മാനിക്കണം എന്നാഗ്രഹിച്ചിരുന്ന ഗീത, പുസ്തകപ്രകാശത്തിനുമുമ്പ് യാത്രയായ അമ്മയെക്കുറിച്ചു പറയുമ്പോൾ വായനക്കാരനും അതൊരു വിങ്ങലാകും.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുവേണ്ടി, അത് വളർത്തിയെടുക്കുവാൻവേണ്ടി തങ്ങളുടെ ജീവിതം പൂർണമായും സമർപ്പിച്ച നിഷ്കാമകർമ്മികളായ നൂറുകണക്കിന് സഖാക്കൾ അനുഭവിച്ച കൊടിയ പീഡനങ്ങളുടെ, യാതനകളുടെ കഥ … അവരുടെ കുടുംബങ്ങൾ സഹിച്ച യാതനകളുടെ, ദുരിതങ്ങളുടെ ഒക്കെ കഥ, സ്വാനുഭവങ്ങളിലൂടെ ഗീത പകർന്നുവെക്കുമ്പോൾ ഒരു നിമിഷം, നിസ്വാർത്ഥരായ ആ മനുഷ്യരെ വായനക്കാരും നമിച്ചുപോകും. അച്ഛന്റെ ജീവചരിത്രം എന്നതിനേക്കാൾ, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനചരിത്രത്തിലെ ഒരു മികവുറ്റ അദ്ധ്യാമായിക്കൂടി ഈ പുസ്തകത്തെ കാണാം.
ആലങ്കോട് ലീലാകൃഷ്ണന്റെ ആസ്വാദനവും, ബിനോയ് വിശ്വത്തിന്റെ അവതാരികയും, പന്ന്യൻ രവീന്ദ്രൻ, കെ സുരേന്ദ്രൻ എന്നിവരുടെ ആമുഖക്കുറിപ്പുകളും ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു. ആലങ്കോട് അദ്ദേഹത്തിൻറെ ആസ്വാദനത്തിൽ ഇങ്ങനെ എഴുതുന്നു, “ഒരു പുതുമനുഷ്യചരിത്രം സൃഷ്ടിക്കാൻ ജീവിതവും ജീവനും സമർപ്പിച്ച ഇടപ്പിള്ളി ശിവൻ എന്ന വിപ്ലവകാരിയെ ആത്മാവുകൊണ്ട് തൊട്ടറിഞ്ഞു മകൾ എഴുതുന്ന ഈ ഹൃദയരേഖക്ക് ഈ കാലഘട്ടത്തിൽ വലിയ ചരിത്രപ്രസക്തിയും പ്രാധാന്യവുമുണ്ട് . നല്ല ഭാഷയിൽ എഴുതപ്പെട്ട ലളിതവും മനോഹരവുമായ ഈ ജീവിതാഖ്യാനം തീർച്ചയായും നമ്മുടെ ഭാഷയ്ക്കും ജീവചരിത്ര ശാഖക്കും കമ്മ്യൂണിസ്റ്റ് ചരിത്ര പഠന മേഖലയ്ക്കും ഒരു മുതൽക്കൂട്ടാകും.”
ഇടപ്പിള്ളി ശിവൻ, ഇടറാത്ത വിശ്വാസക്കരുത്ത് (ജീവിതാഖ്യായിക)
ഗീത കൃഷ്ണൻ
പ്രസാധകർ : ലോഗോസ് ബുക്സ്
വില : 280 രൂപ