വൈറൽ

എന്റെ നിലവിളി
മലയാളത്തിലെ മികച്ചൊരു
കവിതയാണ്.
ചൊൽക്കവിതയായതിനാലത്
സിനിമാപ്പാട്ടായി.
മികച്ചഗാനമായി എന്റെ നിലവിളി
ആദ്യമായി അംഗീകരിക്കപ്പെട്ടപ്പോൾ
വീണ്ടും വീണ്ടും ഞാൻ നിലവിളിച്ചു.
എന്റെ നിലവിളി വാക്കുകളെ വിഴുങ്ങി അക്ഷരസ്ഫുടതയെ മറന്നു.
കനലുനീറിയവയെ വൈഡൂര്യമായി
അവർ കൊണ്ട് നടന്നു.
ആളുകൾ ഏറ്റെടുത്ത
വൈറലായ എന്റെ നിലവിളിയാണിപ്പോൾ
കുറച്ചു കാലങ്ങളായി ചുറ്റും കേൾക്കുന്നത് .

എന്റെ ചിരി
വെയില് കൊണ്ട്
കാലു വെന്ത പട്ടിയുടെ നടത്തം പോലെ
അങ്ങിങ്ങായി വക്രിച്ചു കിടന്നു.
ഞാനപ്പോൾ അനുജന്മാരും ഭാര്യയും
മരിച്ച യുധിഷ്ഠിരനായിരുന്നു.
നിഴലപ്പോൾ എനിക്ക് പിന്നാലെ
ശ്വാനത്തെപ്പോലെ മണ്ടി നടന്നു.
നരകത്തീയിലേക്ക് ഞാൻ
കാലെടുത്തു വെച്ചപ്പോഴവൻ
ആത്മാർത്ഥമായി കരഞ്ഞു
അതെന്റെ മുറിഞ്ഞ മറ്റൊരു
ധർമ കവിതയായിരുന്നു.

എന്റെ കാലുകൾ
തണുപ്പ് കാലത്ത് മുളികൊണ്ടും
വേനലിൽ ഉപ്പൂറ്റി പൊള്ളിയടർന്നും
മഴക്കാലത്ത് കുഴി നഖത്താൽ പഴുത്തും
നിഴലിൽ ഒളിച്ചു നടന്നു.
കാലുകൾ നോക്കി ആളുകളെ
വിലയിരുത്തുന്ന മറ്റ്
ആളുകളെ ഭയന്നാവണമത് .
അപ്പഴും ഭൂതകാലത്തിന്റെ
ക്ലാവ് പിടിച്ച ഓട്ടുവിളക്ക്
മുനിഞ്ഞു കൊണ്ടിരുപ്പാവും .
വ്രണപ്പെട്ട കാലുകൾ
ലോകത്തിനു മുൻപിൽ വെളിപ്പെടുമ്പോൾ
നിങ്ങൾക്കറിയുമോ
പാതിവെന്ത കവികൾ അന്തർമുഖരും
അവരുടെ കവിതകൾക്കെപ്പോഴും
വ്രണിതമുഖവുമായിരിക്കും.

ഞാൻ
എന്നിലേക്ക് നാടുകടത്തപ്പെട്ട
കവി.
കവിയിൽ നിറയെ കവിതയുടെ
കടലായിരുന്നു.
അലകളുടെ നേർത്ത വരകളിൽ
ഞാൻ മറ്റൊരു നിലവിളിയായി.
കടല് കുറുക്കിയെടുത്തപ്പോൾ
കവി ഒരു പിടിയുപ്പ്.
ഒരു മുതിർന്ന മരമപ്പോൾ
സമുദ്രത്തിലേക്ക് ശയിച്ചു.
ഓരോ കവിതയും പിന്നീട്
നാടുകടത്തപ്പെട്ടവരുടെ കൂടി
വൈറലായ നിലവിളിയായി.

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു