ശില്പി

എത്ര വേഗമാണ് നീ
എന്റെ മൂടുപടങ്ങൾ
ഓരോന്നായി അഴിച്ചു മാറ്റിയത്!

ഞാനല്ലാത്തതൊക്കെ അടർത്തിമാറ്റി
എന്നെ ഒരു സുന്ദരശില്പമാക്കിയത്

അംഗലാവണ്യങ്ങളിൽ
അലങ്കാരങ്ങൾ
ഓരോന്നായി അണിയിച്ചത്

നിന്റെ സ്പർശത്തിൽ
കല്ലിൽ കവിത വിരിയുകയായിരുന്നു!

ഭാരമൊക്കെ മാറി
ഒരപ്പൂപ്പൻതാടി പോലെ
ഞാൻ പറന്നുയരുകയായിരുന്നു

ആ വിരലുകളിൽ പിടഞ്ഞുണർന്ന്
ചുണ്ടുകളിലേക്ക് ചുരന്നൊഴുകി
താളവേഗങ്ങളിൽ ഞാൻ
ലാസ്യനടനമാടുകയായിരുന്നു

എന്നിലെ എന്നെ കണ്ടെടുത്ത നീ
ശില്പി അല്ലെങ്കിൽ പിന്നെ ആരാണ്?

നൂറനാട് പടനിലം സ്വദേശിനി. തകഴി DBHSS ഹയർ സെക്കണ്ടറി അധ്യാപികയാണ്. ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു