ജാലകങ്ങൾക്കപ്പുറത്തേക്ക്

മനസ്സിന്റെ ചില്ലുപാളികൾ മെല്ലെ തുറന്നിട്ട്,
ഏകാന്തവും വിജനവുമായ  ഇരുൾ പാതയിലൂടെ
ഓർമ്മകൾ കൊളുത്തിയിട്ടിട്ടുള്ളവേലിക്കല്ലുകൾ മറികടന്ന്‌
വിലക്കുകളില്ലാത്ത ഭൂമികയിലൂടെ ബഹുദൂരം  നടക്കണം.

ആകാശ നൃത്തങ്ങളുടെ സമൃദ്ധിയിൽ കുളിരുകോരി
പുതുമഴയുടെ ഈണവും താളവും നുകരണം.
ചാരുതയാർന്ന മഴനൂലിഴകളാലൊരു വർണകുപ്പായമൊരുക്കണം.

പക്ഷേ,
ഉള്ളു പൊള്ളിക്കുന്ന നീറ്റലുകളും
പൊരിച്ചിലുകളും കൊണ്ട്
വെന്തുവാർന്നു പോയതേയുള്ളു മനസ്.

ഉടഞ്ഞുലഞ്ഞചിന്തകൾ ശീർഷാസനത്തിലായി
വാടിയപെൺപൂവുകൾ
ചേലെല്ലാമൊലിച്ചിറങ്ങി കരുവാളിച്ചു നിന്നു.
ആഴമേറിയ ഉടൽ  മുറിവുകളിൽ നിന്നു
ചോര വാർന്നുകൊണ്ടേയിരുന്നു.

ചിലയിടങ്ങളിൽ
ജീവിതപരീക്ഷകളിൽ തോറ്റു പോയവരുടെ  
അസ്സൽ പ്രമാണങ്ങൾ
പൂതലിച്ചു  ചിതറിക്കിടന്നു.
വിശന്നു വലഞ്ഞ
ചെറുകിളികൾ കൊത്തിപ്പെറുക്കാനൊന്നുമില്ലാതെ
ഒച്ചവച്ചു കരഞ്ഞുകൊണ്ടേയിരുന്നു.

അസമാധാനത്തിന്റെ വിചിത്രവഴികളിലേക്ക്
തുറക്കുന്ന ചില്ലുപാളികൾ വലിച്ചടച്ചുകൊണ്ട്
നോവുപൂക്കളുതിരാത്തിടങ്ങൾ
തേടാനൊരുങ്ങി ഞാനും

ചെർപ്പുളശ്ശേരി, ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയാണ്..ആനുകാലികങ്ങളിലും നിരവധി ഓൺലൈൻ മാസികകളിലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാക്കിൻ്റെ വെളിപാട്, വെയിൽപ്പൂക്കൾ, അതേ വെയിൽ എന്നീ കവിതാ സമാഹരങ്ങളിലും കവിതകൾ വന്നിട്ടുണ്ട്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി