അഴുകിത്തുടങ്ങിയ വാകപ്പൂക്കൾ നിറഞ്ഞ വഴിയിലൂടെ ചുളിവുവീണവിരലുകൾ കോർത്തുപിടിച്ചുനടന്നു. പഴയ പാർക്കിലെ കാഴ്ചകളിൽ കണ്ണുനട്ടും ; മനസ്സ് പതിയാതെയും നടക്കുമ്പോൾ പ്രണയം തിരിച്ചറിയാതെ പോയ പഴയകാലം നൊമ്പരമായി ഉള്ളിൽ നിറഞ്ഞു.
പലവട്ടം പുതുക്കി, തീരെ അപരിചിതമായ പാർക്കിലെ ചാരുബെഞ്ചുകളിൽ പുതു യൗവനങ്ങൾ പ്രണയം പങ്കിടുന്നുണ്ടായിരുന്നു. ഒഴിവുകണ്ട ഒന്നിലേയ്ക്ക് ഞങ്ങളെത്തുമ്പോഴേയ്ക്ക്,ചുറുചുറുക്കോടെ ഞങ്ങളെ മറികടന്ന യുവതീ-യുവാക്കൾ അതിലിരിപ്പുറപ്പിച്ചിരുന്നു.. നിരാശ മറച്ച് പിൻതിരിയുന്നേരം അഴുകിക്കിടന്ന ചോന്ന പൂവിതളുകൾ ചലിക്കുന്നതും നിറം പകരുന്നതും തങ്ങളെ കൈവിട്ട മരച്ചില്ലകളിലേയ്ക്ക് ചേക്കേറുന്നതും കാണായി.
വീശിയ കാറ്റിൻ്റെ ഗന്ധവും നടന്നു തേഞ്ഞ വഴിത്താരയിലെ പുൽനാമ്പുകളും പരിചിതമായി തോന്നവെ, പിന്തിരിഞ്ഞാ ചെറുപ്പക്കാരെ നോക്കി. അവരപ്പോൾ സുപരിചിതരായും തൊലിയിലെ ചുളിവുകളാൽ ഞങ്ങളവർക്ക് അപരിചിതരായും തോന്നി.