അപ്രത്യക്ഷമാകുന്ന ചിത്രങ്ങൾ

കുമ്മായമടർന്ന ചുമരിൽ
ആണിയില്‍ തൂങ്ങികിടക്കുന്നുണ്ട്
ഫ്രെയിം ചെയ്ത ചിത്രങ്ങൾ
കറുപ്പിലും വെളുപ്പിലുമുള്ളത്

അതിൽ ചിതലരിച്ചവയുണ്ട്
മങ്ങിയവയുണ്ട്
പാണ്ടുപിടിച്ചവയുമുണ്ട്

ഒരിക്കലും കണ്ടിട്ടില്ലാത്തവരെങ്കിലും
വംശാവലിയുടെ
താഴെതട്ടുവരെയുള്ളവരുടെ
ചരിത്രമറിയാൻ ഉപകരിച്ചിരുന്നവ

ഒരിക്കല്‍ ജീവിതപുസ്തകത്തിലെ
താളുകളില്‍ നിറം ചാലിച്ച്
പകര്‍ന്നാടിയിരുന്നവ

എത്രയെത്ര കഥകളാണ്
ഓരോ ചിത്രങ്ങളിലും
മറഞ്ഞിരിക്കുന്നത്

ഒരു ചരിത്രം മുഴുവനും
അടയാളപ്പെടുത്താൻ കഴിയുന്നവ

നിശബ്ദമെങ്കിലും
എന്തോ പറയുന്നുണ്ടെന്നു തോന്നിയിട്ടുണ്ട്
ചെന്നുനോക്കുമ്പോൾ

ചുണ്ടനങ്ങുന്നതുപോലെ
പറഞ്ഞില്ലെങ്കിലും
പലതും വായിച്ചെടുക്കാനാവുന്നുമുണ്ട്

എങ്ങോട്ട് തിരിഞ്ഞാലും
തന്നെതന്നെ നോക്കികൊണ്ടിരിക്കുന്നതുപോലെ

നമ്മുടെ ഓരോന്നിലും
ഇടപ്പെട്ടുകൊണ്ടിരുന്നവ
ചുമരിലാണെങ്കിലും
വീട്ടിൽ ആരൊക്കെയോ
ഉണ്ടെന്നു തോന്നിച്ചിരുന്നവ

എത്രനിറം ചാർത്തിയവരാണെങ്കിലും
ഇനിയുള്ളകാലം ചുമരിൽ
തൂങ്ങാനാവാതെ അപ്രത്യക്ഷമാകും

വിലകൂടിയ നിറമടിച്ച ചുമരിൽ
ഒറ്റ ചിത്രങ്ങളും തൂങ്ങുകയില്ല
ഏതെങ്കിലും ഒരിരുണ്ട കോണിൽ
ആരുമറിയാതെ കിടക്കും

വംശാവലിയുടെ വേരുകളറിയാൻ
താല്പര്യമില്ലാത്തവരുടെ ലോകത്തിൽ
നാമൊക്കെ
ആർക്കും വേണ്ടാതെ
ഒരിരുണ്ട കോണിലേയ്ക്ക്
വലിച്ചെറിയപ്പെടും

തൃശ്ശൂര്‍ ജില്ലയില്‍ മാപ്രാണത്ത് മാടായിക്കോണം സ്വദേശി. ജൂഡീഷ്യറി വകുപ്പില്‍ സീനിയര്‍ ക്ളാര്‍ക്കായി സേവനമനുഷ്ഠിക്കുന്നു. വിവിധ ആനുകാലികങ്ങളിലും സമാന്തര പ്രസിദ്ധീകരണങ്ങളിലും നിരവധി കവിതകളും കഥകളും അച്ചടിച്ചു വന്നിട്ടുണ്ട് . 'യാത്രാമൊഴി', 'മഴനൂല്‍ക്കനവുകള്‍', 'സ്വര്‍ണ്ണം പൂശിയ ചെമ്പോലകള്‍', 'ഹൃദയത്തില്‍ തൊടുന്ന വിരലുകള്‍' എന്നീ കവിതാസമാഹാരങ്ങളും 'വളഞ്ഞരേഖകള്‍' എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.