
ദേശദേശാടനങ്ങളിൽ പ്രാണൻ്റെ
പ്രാക്തനശ്രുതി തൊട്ട കാലങ്ങളിൽ
നാട്ടുമന്ദാരമെല്ലാം കൊഴിഞ്ഞ നാൾ
കൂട്ടുകൂടുവാനാരുമില്ലാഞ്ഞ നാൾ
പാട്ടുപാടുവാൻ കാറ്റുമില്ലാഞ്ഞനാൾ
കൂട്ടിനായ് തൊട്ടുതൊട്ടിരുന്നെന്നെ നീ!
ഏകതാരകൾ മീട്ടിയെൻ നോവിൻ്റെ-
ശോകതന്ത്രികൾ സംഗീതമാക്കി നീ!
ആറ്റിറമ്പിലായാമ്പലിൻ പൂവുമായ്-
കാത്തിരിക്കുന്ന ഗ്രാമസ്നേഹങ്ങളിൽ,
ആൾത്തിമിർപ്പിൻ്റെ പട്ടണക്കാഴ്ചയിൽ
പേക്കിനാവിൻ്റെ സർപ്പദംശങ്ങളിൽ
കാട്ടുപൂവിൻ്റെ കന്യാമുഖങ്ങളിൽ
കാട്ടുചോലതൻ സന്ധ്യാസ്വരങ്ങളിൽ,
രാത്രിയും പകൽഭേദമെന്യേ കണ്ട-
രാശിതെറ്റിക്കുതിച്ച ശോകങ്ങളിൽ
നീ മിടിക്കുന്നു സ്വപ്നായനത്തിൻ്റെ
ജാലകങ്ങൾ തുറന്ന് വച്ചീടുന്നു
നിൻ്റെ കൈയിൽ ത്രസിക്കും കടുംതുടി
നിൻ്റെ ചുണ്ടിൽ ചുമന്ന തൊണ്ടിപ്പഴം
നിൻ്റെ ശബ്ദം പ്രപഞ്ചധ്യാനസ്വരം
നിൻ്റെ ഭൂമിയെൻ നെഞ്ചിലെ മൺകുടിൽ.
