നിശാഗന്ധികൾ പൂക്കുമ്പോൾ

നിശാഗന്ധികൾ പൂത്ത നേരം
വീടൊരു പെണ്ണായി പൂത്തുലഞ്ഞു.
കർക്കടകപ്പെരുമഴ
ഒന്നാകെ നനഞ്ഞു
കാറ്റിൽ മുടി ചിക്കിഉണക്കി
പടിഞ്ഞാറെ കോണിലെ
പവിഴമല്ലിയും
തെക്കേക്കോണിലെ ചെമ്പകവും
കണ്ണിറുക്കിച്ചിരിച്ചു.
അവയ്ക്കിടയിലൂടെ
വസന്തം പടികയറിവന്നു.

അകലെ ആകാശം
നക്ഷത്രങ്ങൾ കുടഞ്ഞിട്ടു.
എന്നോ ഒരിക്കൽ
നിശാഗന്ധികൾക്കിടയിൽ നിന്നും
ആകാശത്തോളം
വളർന്നമരം അവളിൽ
പ്രണയമായി നിറഞ്ഞു.

ചില്ലയിലേറി ആകാശത്തെ
കൈയ്യെത്തിപ്പിടിക്കാൻ ശ്രമിക്കവെ
പകലിൽ സൂര്യമുഖവും
രാവിൽ ചന്ദ്രബിംബവും
അകന്നു പോകുന്നതവൾ കണ്ടു.

മഴമായ്ച്ച വഴിയിൽ പ്രണയം
ദിക്കറിയാതെ കാറ്റായലഞ്ഞു.
ഒടുവിൽ
പാതിയിലേറെ വിരിഞ്ഞ
നിശാഗന്ധിപ്പൂവിൽ  
അവൾ മഹാവിഷ്ണുവിന്റെ തല്പം കണ്ടു.

പകൽ കാണാതെ
പുലരും മുൻപ് കൂമ്പുന്ന
പൂവിന്റെ ഉള്ളിലെ നോവറിഞ്ഞു.
കരയുന്ന രാക്കാറ്റിൽ നിന്നും
ആരോ ഒളിപ്പിച്ച പ്രണയം
ചിറകു വിടർത്തി
തന്നിലേക്കാനയുന്നതു
അവൾ കണ്ടു.

അന്നവൾ വിഷ്ണുതല്പത്തിലെ ലക്ഷ്മിയും
യമുനാതീരത്തെ
രാധയുമായി.

പിന്നെ
തന്നെ ചുറ്റി വരിയുന്ന
പ്രണയത്തിന്റെ
ചെമ്പകമണത്തിൽ കുതിർന്ന്
ഒരിക്കലും വാടാത്ത
നിശാഗന്ധിപ്പൂവായി
സ്വയം വിടർന്നു.

കോട്ടയം ജില്ലയിലെ മേവെള്ളുർ സ്വദേശിനി. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്. 'സംശയങ്ങളിൽ ആഞ്ചല മേരി ഇങ്ങനെ' എന്ന ചെറുകഥയ്ക്കു 2014 ലെ വനിത ചെറുകഥ അവാർഡ്, 2017 ലെ കേരള കലാകേന്ദ്രം കമല സുരയ്യ പുരസ്കാരം, 2018.ലെ ദേവകി വാര്യർ സ്മാരക പുരസ്കാരം ഇവ ലഭിച്ചു. വിവിധ പ്രസാധകർക്കായ് പരിഭാഷകൾ ചെയ്യുന്നു.