കൊഴിഞ്ഞ രാപകലുകൾ
വിങ്ങലാൽ വരിഞ്ഞുകെട്ടി
വണ്ടിയിൽ കയറ്റി
വീടു പൂട്ടിയിറങ്ങവെ,
ഓർമ്മകൾ കരളിലുരഞ്ഞൊരു ചോദ്യം കത്തി നിന്നു.
എടുക്കുവാൻ മറന്നുവോ എന്തെങ്കിലും?…
മനസ്സടർന്ന്,
നട്ടു പോറ്റിയ
തെറ്റിമേൽ തൂങ്ങി.
ചോന്നു തുടിച്ചു നിൽക്കുന്ന
ചോപ്പിൻ്റെ സ്നിഗ്ദ്ധത
ഇലയടക്കങ്ങളിൽ ഞെരിഞ്ഞു കൂമ്പി.
മണ്ണോർമ്മകളിലുറഞ്ഞ്,
കൂടെ വരാനാവാത്ത
വേരിൻ്റെ വിതുമ്പലുകൾ…
ഇലകളാലാടിയുഴിഞ്ഞ
പൂവാടികൾ,
തണ്ടിൻ്റെ ഗർവ്വത്തിൽ ചെമ്പകം
പൊഴിക്കുന്ന ഗദ്ഗദ സൗരഭങ്ങൾ.
അടുക്കളയിൽ,
അകത്തളങ്ങളിൽ
ഒരു വറ്റിൻ്റെ സമൃദ്ധിയിൽ
ഉത്സവം കൊണ്ടാടുന്ന
ഉറുമ്പുകളുടെ നിരയൊഴുക്ക്….
അടുക്കള വാതിൽക്കൽ
അലമുറയിടുന്ന കാക്കകളുടെ
അവകാശവാദങ്ങൾ….
മുറ്റം മേഞ്ഞുനിൽക്കുന്ന അത്തിയുടെ
നിഴൽ നനവുകളിൽ
കരിയിലപ്പുള്ളുകളുടെ പ്രലാപം
ചന്നം പിന്നമോടി,യടക്കം പിടിക്കുന്ന
അണ്ണാൻമാരുടെ സല്ലാപങ്ങൾ…
രാമധുരങ്ങളിൽ കണ്ണുനട്ടിരുന്ന
പ്രേമഭാവങ്ങളുടെ
പട്ടാഭിഷേകങ്ങൾ കൊണ്ടാടിയ
രാസനിലാച്ചന്തങ്ങൾ,
സ്വർഗ്ഗം താണിറങ്ങി വന്ന
പുനിലാമഴകൾ,
ചുംബനങ്ങളിൽ മുറിഞ്ഞുപോയ പരിഭവങ്ങൾ
നനഞ്ഞു കുതിർന്ന രാസുകൃതങ്ങൾ,
പൂനിലാവു പെയ്യുന്ന പുലർകാല സ്വപ്നങ്ങൾ,
നിമിഷങ്ങളുടെ നീളം യുഗങ്ങളോളം വളർത്തിയ
കാത്തിരിപ്പുകളടക്കം ചെയ്ത പകൽപ്പെട്ടികൾ.
പൂമണം തികട്ടിനിന്ന സായംസന്ധ്യകളിൽ
മുല്ലവള്ളിയിൽ നിന്ന്
പടർന്നിറങ്ങിയ ഏകാന്തതകളിലുണ്ടുറങ്ങിയ
ദിവാസ്വപ്‌നങ്ങളടക്കം
ഋതുസന്ധ്യകൾ,
പകലുരുക്കങ്ങളാറ്റിത്തണുപ്പിച്ച
രാവിറക്കങ്ങൾ…
നോവിടങ്ങളിലർച്ചിച്ച്
അനാഥമാകുന്നു,
വീടും ഞാനും.