ആഭിചാരം

കർമ്മിയാരെന്നറിയാത്ത ആ
ആഭിചാരക്രിയയിൽ
നിങ്ങൾ അകപ്പെട്ടിട്ടുണ്ടോ?

ഇരുജീവനുകൾക്കിടയിൽ മാത്രം
പരക്കുന്ന പാലപൂത്ത മണം!
ശ്രദ്ധിക്കാതെ തന്നെ അറിയുന്ന
പാദസരത്തിന്റെ കിലുക്കം!
ഉള്ളിലുണരുന്ന  വശ്യഭംഗി!
പരസ്പരം ലയിച്ച്
ഒന്നാവാനുള്ള വെമ്പൽ!

ആദ്യഘട്ടത്തിൽ
ചില്ലറ പ്രതിക്രിയകളിലൂടെ
ഒഴിപ്പിക്കാമെങ്കിലും
പെട്ടുപോയവരാരും
രക്ഷനേടിയ ചരിത്രമില്ല!

ഒരു ശക്തിക്കും
വേർപിരിക്കാനാവാത്ത
പരസ്പരം ആവേശിക്കലാണ്
അടുത്തപടി
മന്ത്രവാദക്കളങ്ങളിൽ
ഉറഞ്ഞുതുള്ളിയാലും
ചൂരൽ പ്രയോഗത്തിൽ
പുളഞ്ഞുചുരുണ്ടാലും
ചത്തുപോയാൽപ്പോലും
വിട്ടുപോകാനാവില്ലെന്ന്
പുലമ്പിക്കൊണ്ടേയിരിക്കും

ഉച്ചാടനത്തിന് ശ്രമിക്കുന്നവർ
പരാജയപ്പെടുകയേയുള്ളൂ

അന്ധവിശ്വാസമെന്നൊക്കെ
പറയാറുണ്ടെങ്കിലും
ഒരിക്കലാവേശിച്ചാൽ
ചത്തുമാത്രമൊഴിയാറാണ് പതിവ്!

അല്ലെങ്കിൽ പിന്നെ
പരസ്പരം  കൊല്ലാനാവണം!

നൂറനാട് പടനിലം സ്വദേശിനി. തകഴി DBHSS ഹയർ സെക്കണ്ടറി അധ്യാപികയാണ്. ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു