നനഞ്ഞു നനഞ്ഞു പുഴയിലേയ്ക്കിറങ്ങി പോയവള്‍

മുളങ്കാട്ടിൽ കാറ്റിൻ സംഗീതമുണര്‍ന്നതും
കേട്ടു നില്‍ക്കുകയായിരുന്നു അവള്‍

തൊടിയിലെ പുല്ലുതിന്നാന്‍ വന്ന പശുവാണ്
കൈതോലകാട്ടില്‍ അവൾ
ഏതോ ഒരുത്തനുമായി
ശൃംഗരിക്കുകയാണെന്ന് പറഞ്ഞത്

കുളികഴിഞ്ഞു മുടിയിഴകള്‍ വേര്‍പ്പെടുത്തി
നില്‍ക്കുകയായിരുന്നു അവള്‍
അയല്‍പക്കത്തെ ചെക്കനുമായി
സല്ലപിക്കുന്നത് കണ്ടെന്നാണ്
മുറ്റത്തെ ചാമ്പമരം പറഞ്ഞത്

കാവില്‍ നാഗങ്ങള്‍ക്ക്
തിരിതെളിയിക്കാന്‍ വന്നതായിരുന്നു അവള്‍
ആല്‍മരച്ചോട്ടില്‍ ആരെയോ
ആലിംഗനം ചെയ്യുന്നത് കണ്ടെന്ന്
പറഞ്ഞു പരത്തിയത് ആലിലകളായിരുന്നു

മുഷിഞ്ഞവ അലക്കിവെളുപ്പിക്കാന്‍
കുളക്കടവിലെത്തിയ അവളെ
അമ്പലകുളത്തിലെ കല്‍പ്പടവുകളില്‍
സര്‍പ്പത്തോടൊപ്പം നഗ്നമായി കണ്ടെന്ന്
ചില മത്സ്യങ്ങള്‍

പലതും പരികഥകളായിരുന്നെങ്കിലും
അടുക്കളപ്പുറത്തും അമ്മിച്ചോട്ടിലും
അമ്മയുടെ നെഞ്ചില്‍
തീകുണ്ഡം പുകഞ്ഞു

അമ്മപറഞ്ഞാണ് അച്ഛനറിഞ്ഞത്
അമ്മ തലതല്ലി പതം പറഞ്ഞു
അച്ഛന്‍ വേദനകുടിച്ച്
ഉറക്കമില്ലാരാവുകളെയുണ്ടാക്കി

ആകാശഗോപുരത്തില്‍ നിന്നും
നിലാവ് പെയ്തിറങ്ങിയപ്പോള്‍
അവള്‍ പാട്ടുപാടി

മഞ്ഞുതിര്‍ന്ന മലഞ്ചെരുവില്‍ നിന്നും
പുലരിയുടെ വളകിലുക്കം കേട്ട്
അവള്‍ കോരിത്തരിച്ചു

രാജപാതയില്‍ ഗുല്‍മോഹര്‍ പുഷ്പിച്ചപ്പോഴും
നാട്ടുപാതയില്‍ കര്‍ണ്ണികാരപൂക്കള്‍
കാവടിയാടിയപ്പോഴും
അതുകണ്ട് അവള്‍ നൃത്തം ചെയ്തു

അവളുടെ സ്വപ്നങ്ങള്‍
ആരും അറിഞ്ഞിരുന്നില്ല
അങ്ങിനെ ഒരുപാടു പേരുണ്ട്
സ്വപ്നം പുറത്തുപറയാന്‍ കഴിയാത്തവര്‍

പെണ്ണ് പലവട്ടം വേണ്ടെന്ന് പറഞ്ഞിട്ടും
നാലാളെയറിയിച്ച് നാനൂറ് ഇലയിട്ടു
ഒരു കച്ചവടമുറപ്പിച്ചതിനാൽ
പുര പണയം വച്ച് അവളെയിറക്കിവിട്ടു

നാലു ദിനം കഴിഞ്ഞതും
പെണ്ണുചെന്നു കയറിയ ദിക്കില്‍
കൊടുങ്കാറ്റു ആഞ്ഞു വീശി
വലിയൊരു ഇടികിലുങ്ങി

ആകാശം കീറി കുത്തിയൊലിച്ച്
ഇരു ചാലുകളായി
കൊടും മഴ ഇറങ്ങിവന്നു
അത് നിര്‍ത്താതെ പെയ്തുകൊണ്ടിരുന്നു

അങ്ങിനെ പെയ്തു പെയ്താണ്
ഓരോ പുഴയും നിറഞ്ഞത്

ഒരു രാത്രി ആരും കാണാതെ
നനഞ്ഞു നനഞ്ഞാണ്
പെണ്ണ് അങ്ങിനെയൊരു
പുഴയിലേയ്ക്ക് ഇറങ്ങി പോയത്

തൃശ്ശൂര്‍ ജില്ലയില്‍ മാപ്രാണത്ത് മാടായിക്കോണം സ്വദേശി. ജൂഡീഷ്യറി വകുപ്പില്‍ സീനിയര്‍ ക്ളാര്‍ക്കായി സേവനമനുഷ്ഠിക്കുന്നു. വിവിധ ആനുകാലികങ്ങളിലും സമാന്തര പ്രസിദ്ധീകരണങ്ങളിലും നിരവധി കവിതകളും കഥകളും അച്ചടിച്ചു വന്നിട്ടുണ്ട് . 'യാത്രാമൊഴി', 'മഴനൂല്‍ക്കനവുകള്‍', 'സ്വര്‍ണ്ണം പൂശിയ ചെമ്പോലകള്‍', 'ഹൃദയത്തില്‍ തൊടുന്ന വിരലുകള്‍' എന്നീ കവിതാസമാഹാരങ്ങളും 'വളഞ്ഞരേഖകള്‍' എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.