കത്ത്

മോളേ..

അങ്ങിനെ വിളിക്കാനാണെനിക്ക് തോന്നുന്നത്. ഒരു പക്ഷേ, നീ മകനായാണ് പിറക്കുന്നതെങ്കില്‍ അമ്മയോട് നീരസം ഒന്നും തോന്നരുത്. കാരണം ഒരമ്മയ്ക്കും മകനെന്നോ മകളെന്നോ വ്യത്യാസമില്ലെന്നതു തന്നെ. ആണിനും പെണ്ണിനും പൊതുയിടത്ത് വേർതിരിവില്ലെന്ന് വിളിച്ചു പറയുന്ന കാലത്താണ് നീ ജനിക്കുന്നത്. അതിനാല്‍ തന്നെ ഈ വിളി കേവലം വാത്സല്ല്യത്തിന്റെ പ്രതീകം മാത്രമാണ്. നീ ആണായിരുന്നാലും പെണ്ണായിരുന്നാലും എന്റെ വത്സലസന്തതി മാത്രമാണെന്നറിയുക.. ഒരിക്കലും കാണാത്ത അമ്മയെ നീ തെറ്റിദ്ധരിക്കരുതെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട് അതുകൊണ്ടാണ് ഈ മുഖവുര.

നിനക്ക് ഓര്‍മവെച്ച്, കാര്യങ്ങള്‍ ഒക്കെ മനസ്സിലായി വരാന്‍ കുറഞ്ഞത് അഞ്ച് ആറു വര്‍ഷങ്ങള്‍ എടുക്കും. അതല്ല, പത്ത് വര്‍ഷമെടുക്കുമെങ്കിലും കുഴപ്പമില്ല, അന്ന് നീ അക്ഷരങ്ങള്‍ കൂട്ടിവെച്ച് ഈ കത്തു അര്‍ത്ഥമറിഞ്ഞ് തന്നെ വായിക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.

നിനക്ക് എന്നെ അറിയാന്‍ ഈ കത്ത് ഉപകരിച്ചേക്കും. അമ്മയെ അറിയുക എന്നത് ഏതൊരു കുഞ്ഞിന്റേയും ആഗ്രഹമായിരിക്കും. നിന്റെ അച്ഛനോട് ചോദിച്ചാല്‍ തന്നെ അദ്ദേഹം ഭാര്യയെകുറിച്ചാകും പറയുക. നിന്റെ അമ്മൂമ്മയോടോ അപ്പൂപ്പനോടോ ചോദിച്ചാല്‍ അവര്‍ അവരുടെ പൊന്നോമന മകളെകുറിച്ചാകും പറയുക. അങ്ങിനെ നീ ആശങ്കപ്പെടരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്.

എനിക്ക് ഒരു പക്ഷേ, ഇങ്ങിനെ എഴുതാതിരിക്കാമായിരുന്നു. ഒരിക്കലും നീ എന്നെ അറിയാതിരിക്കാന്‍ അതു ഉപകരിക്കും. പക്ഷേ, നിന്നെ ഈ ഗര്‍ഭകാലത്ത് വളരെ അധികം ഞാന്‍ സ്‌നേഹിച്ചു പോയി. ആദ്യത്തെ കണ്‍മണിയോടുള്ള അതിയായ സ്‌നേഹം. വാത്സല്യം. ഒരമ്മയുടെ ലാളന ഈ ഗര്‍ഭകാലത്തു തന്നെ നിനക്ക് ഞാന്‍ തന്നു. താരാട്ടു പാടി നിന്നെ രാത്രി ഉറക്കി. നിനക്കു വേണ്ടി , ഞാന്‍ ചിലപ്പോഴെല്ലാം കഴിച്ചത് ഇങ്കുകുറുക്കിയാണ്. ഗര്‍ഭകാലത്തെ മൊണിംഗ് സിക്‌നസ് പ്രശ്‌നം ഉണ്ടായിരുന്നിട്ടും മണമടിച്ചാല്‍ ഓക്കാനിക്കുന്ന പഴച്ചാറുകള്‍ ഞാന്‍ കഴിച്ചതു നിന്നെ ഊട്ടാനായി മാത്രമായിരുന്നു.

എനിക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നിനക്ക് അറിയാന്‍, ഞാന്‍ ഗസലുകളെ സ്‌നേഹിച്ചത്. മഴയെ പ്രണയിച്ചത്. മട്ടുപ്പാവിലും മുറ്റത്തും നട്ടുവളര്‍ത്തിയ പലവര്‍ണത്തിലുള്ള ചെടികളോടും ഒക്കെ എനിക്കുള്ള ഭ്രാന്തമായ ഇഷ്ടം നീ അറിയാന്‍.. എല്ലാം നീ അറിയാന്‍ .അതിനു മാത്രമാണ് ഈ കത്തെഴുതി വയ്ക്കുന്നത്.

എൻ്റെ അമ്മ, കുഞ്ഞുന്നാളുകളിൽ എനിക്കുണ്ടാക്കി തന്ന വിഭവങ്ങളുടെ രുചി ഇന്നും എൻ്റെ നാവിൽ ഞാൻ കാത്ത് സൂക്ഷിച്ച് വെച്ചിട്ടുണ്ട്. നല്ല നാടൻ വിഭവങ്ങൾ. പഠിച്ചും കളിച്ചും വിശന്ന് കയറി വരുമ്പോൾ നിരന്ന വിഭവങ്ങൾ … നിനക്ക് അതു പോലെ ഒരുക്കി വെയ്ക്കാൻ കൊതിയാണെനിക്ക്.

നിനയ്ക്കായി , ഞാൻ പാടുന്നത് കേൾക്കുന്നുണ്ടോ? രാത്രിയിൽ നീ ഉറങ്ങാൻ ഞാൻ ഗസലുകൾ പാടിയിരുന്നത് നിൻ്റെ അബോധ മനസ്സിൽ പതിഞ്ഞിട്ടുണ്ടാകും. മെഹദി ഹസൻ്റെയും ജഗജിത് – ചിത്ര സിംഗ് ജോടികളുടേയും ഗസലുകൾ കേട്ട് നീ നിന്നെ തന്നെ മറന്ന് ലയിച്ചു പോയാൽ … അത് അമ്മ നിനയ്ക്കായി ഗർഭകാലത്ത് പാടിതന്നതായിരുന്നുവെന്ന് ഓർക്കുക.

ജീവിത സമരങ്ങളിൽ ഉഴലുമ്പോൾ , ആശങ്കകളും സമ്മർദ്ദങ്ങളും വേട്ടയാടുമ്പോൾ ആശ്വാസവും അഭയവും തന്നത് സംഗീതമായിരുന്നു. വിഷമ സന്ധികളിൽ നിനക്കും സംഗീതം ആശ്വാസമേക്കട്ട .

ഇപ്പോൾ , ഈ മിഥുനമാസക്കാലത്ത് നീ കേൾക്കുന്നത് മഴയുടെ ഇരമ്പലാണ് ..താളമാണ്. കോരിച്ചൊരിയുന്ന മഴയുടെ ആരവം … നിൻ്റെ മനസ്സിൽ എന്നും മഴയുടെ കുളിര് കൂട്ടായിയുണ്ടാകട്ടെ. മഴയെ അമ്മയ്ക്ക് ഏറേ ഇഷ്ടമാണ്. മൽഹാർ എന്നാണ് മഴയുടെ രാഗത്തിന് പൊതുവായ പേര്. മാലിന്യങ്ങളെ ഇല്ലാതാക്കുന്ന എന്നർത്ഥം . ചിന്തകളിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങളെ ഇല്ലാതാക്കാൻ നീ മേഘമൽഹാർ കേൾക്കണം . എൻ്റെ മഴക്കാലം ഇതാ പെയ്തൊഴിഞ്ഞു പോകുകയാണ്.

പതിവു ചെക് അപ് സമയത്ത് ഒരിക്കല്‍ നടത്തിയ വിശദമായ ലാബ് പരിശോധനയില്‍ തെളിഞ്ഞ ടെര്‍മിനല്‍ ഇല്‍നെസ്. എന്നെ തളര്‍ത്തിയത്. നീ പുറം ലോകം കാണുന്ന ദിവസത്തിനു മുമ്പ് എന്റെ കഥ അവസാനിച്ചാല്‍.. നിന്നെ കണ്ടിട്ടൊരുന്നാള്‍ കൊതി തീരാതെ പിരിയേണ്ടി വന്നാല്‍.. അതാണ് എന്നെ കൊത്തിവലിച്ചിരുന്നത്.

ഒരു തുള്ളി അമ്മിഞ്ഞപ്പാലു പോലും തരാതെ പോകുന്ന അമ്മയെ നീ ശപിക്കാതിരിക്കാന്‍, നിനക്കായി ഞാന്‍ കരുതി വെച്ച ചിലതൊക്കെയുണ്ട്. എന്റെ കുട്ടിക്കാലത്തെ ചില സമ്പാദ്യങ്ങള്‍. ആദ്യമായി സ്‌കൂളില്‍ പോയപ്പോള്‍ അച്ഛന്‍ വാങ്ങിത്തന്ന ഒരു മഞ്ഞക്കുടയുണ്ട്. പലവട്ടം അതിന്റെ കമ്പി ഒടിഞ്ഞെങ്കിലും ശീലമാറ്റിയെങ്കിലും ഇന്നും അത് പുതിയ കുടയായി തന്നെ ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അതിന്റെ ചുവന്ന പിടിയാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. മഞ്ഞയും ചുവപ്പും ചേര്‍ന്ന നിറങ്ങളെ എന്നും ഞാന്‍ സ്‌നേഹിച്ചിരുന്നു. നീ ആദ്യമായി സ്‌കൂളില്‍ പോകുമ്പോള്‍ ആ മഞ്ഞക്കുട ചൂടി വേണം പോകാന്‍. മഴയത്താണെങ്കിലും വെയിലത്താണെങ്കിലും കുട നിവര്‍ത്തി തന്നെ പിടിക്കണം. ആ കുടക്കീഴില്‍ നിന്റെ മുഖം തുടുത്തിരിക്കുന്നത് കാണാന്‍ വലിയ ഭംഗിയായിരിക്കും. കുട തട്ടിപ്പറിക്കാന്‍ ആരെങ്കിലും കൂട്ടുകാര്‍ എത്തിയാല്‍ ആ ചുവന്ന പിടി മൂക്കിനോട് ചേര്‍ത്തു പിടിച്ച് ഒരു നോട്ടം നോക്കുക. നിന്റെ മുഖം ചുവന്ന് തക്കാളി പോലെ തുടുത്തിരിക്കും.. ആ കാഴ്ച അതിമനോഹരമായിരിക്കും.. ഇപ്പോള്‍ ഇതെഴുതുമ്പോള്‍ എന്റെ മനസ്സില്‍, ആ കാഴ്ചയുണ്ട്..

ഞാന്‍ പറഞ്ഞില്ലല്ലോ.. നി്‌ന്റെ അച്ഛനെ കുറിച്ച്. നീ നേരിട്ടറിയുമായിരിക്കും. എന്നാലും അമ്മയുടെ വാക്കുകളിലൂടെ അച്ഛനെ അറിയുകയെന്നത് ഒരു അഭിമാനം തന്നെയാണ്. ഞങ്ങള്‍ ആകസ്മികമായി കണ്ടുമുട്ടിയവരാണ്. ഇരു കുടുംബങ്ങളും ദീര്‍ഘകാലമായി അടുത്തു പരിചയമുള്ളവര്‍. അടുത്തറിയുകയും പ്രണയിക്കുകയും ചെയ്ത് പത്ത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞങ്ങളുടെ വിവാഹം. സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ. ഒരേ ക്യാംപസിൽ, ഒരേ കമ്പനിയിൽ ജോലി. സ്നേഹം തരാൻ നിൻ്റെ അച്ഛനെ കഴിഞ്ഞേ മറ്റാരുമുള്ളൂ. കരുതൽ, നോക്കിയും കണ്ടും അറിഞ്ഞുള്ള പെരുമാറ്റം, നയചാതുര്യം , ആരേയും മയക്കുന്ന വാക് സാമർത്ഥ്യം, പിന്നെ അല്പം മുൻകോപവും .. പെട്ടെന്ന് തണുക്കും. ഒരു വഴക്കും പിണക്കവും ഒരു രാത്രിക്കപ്പുറം നീളില്ല. അതുറപ്പ്.

ഞങ്ങളുടെ പ്രണയം പത്ത് വർഷം നീണ്ടു. ഒരുമിച്ച് ജീവിച്ചു. ഒടുവിലാണ് വിവാഹം. രണ്ടുപേരും സ്വന്തം കാലില്‍ നില്‍ക്കാറാകട്ടെ എന്നിട്ടു മതി വിവാഹമെന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. വിവാഹത്തിനു ശേഷവും ഞങ്ങള്‍ കുടുംബ ഭദ്രതയ്ക്കായി കരുതാന്‍ പ്രയത്‌നിച്ചു. അച്ഛന്റെയും അമ്മയുടേയും ജോലി സ്ഥിരത. വീട്..പിന്നെ ചില വായ്പകള്‍ എല്ലാം ഒരു കുട്ടിയുടെ വരവിനെ വൈകിപ്പിക്കാന്‍ കാരണമായി. എന്നാല്‍, ഇന്ന് അതോര്‍ത്ത് ഞങ്ങള്‍ ഇരുവരും ദുഖിക്കുന്നു. ഒരു പക്ഷേ, പത്ത് വർഷം മുമ്പ് ജനിച്ചിരുന്നുവെങ്കില്‍ നീ ഇന്ന് ആ മഞ്ഞക്കുട ചൂടി സ്‌കൂളില്‍ പോകുന്നതെങ്കിലും എനിക്ക് കാണാമായിരുന്നു. എന്നാല്‍. അങ്ങിനെ സംഭവിക്കാതിരുന്നത് നന്നായെന്ന് എനിക്ക് തോന്നുന്നുമുണ്ട് കാരണം അന്ന് അമ്മയുടെ ചൂട് നീ തിരിച്ചറിഞ്ഞു തുടങ്ങിക്കാണും. ആ മുഖത്ത് സന്തോഷം മങ്ങാന്‍ അത് കാരണമായേക്കാം.

പിന്നെ, അമ്മ ജീവിതത്തില്‍ കുറെയേറെ ബുദ്ധിമുട്ടിയതും വേദനകളും യാതനകളും അനുഭവിച്ചതും നീ അറിയരുതെന്ന് ഉണ്ട്. എന്നാലും ജീവിതത്തെക്കുറിച്ച് നിനക്ക് ചില അനുഭവങ്ങള്‍ പകര്‍ന്നു തന്നില്ലെങ്കില്‍ ഒരമ്മയുടെ കടമ എനിക്ക് നിര്‍വഹിക്കാന്‍ കഴിയാതെ വരുമെന്ന ഭീതിയുമുണ്ട്

ജീവിതത്തില്‍, യാതനകള്‍ വരാതിരിക്കട്ടെ, മക്കളുടെ കഷ്ടപ്പാടുകള്‍ കാണുന്നതാണ് ഒരമ്മയുടെ ഏറ്റവും വലിയ വേദന. അമ്മയുടെ വേദനകള്‍ അറിയിക്കാതെ മക്കളെ വളര്‍ത്തുന്നതിലാണ് അമ്മയുടെ കഴിവ്. ഇത് എന്റെ അമ്മയില്‍ നിന്നാണ് ഞാന്‍ പഠിച്ചത്. ഉണ്ണാതെ ഊട്ടിയും ഉറങ്ങാതെ ഉറക്കിയും പല ത്യാഗങ്ങളും സഹിച്ച് അമ്മ എന്നെ വളര്‍ത്തിയത് ആ കുട്ടിക്കാലത്ത് ഞാന്‍ അറിഞ്ഞതില്ല. പിന്നെ പക്വത വന്ന് വളര്‍ന്ന് വലുതായപ്പോഴാണ് ആ ത്യാഗത്തിനെ കുറിച്ച് കേട്ടറിയുന്നത്. അതും കുരുത്തക്കേടുകള്‍ കാട്ടിയും തര്‍ക്കുത്തരം പറഞ്ഞും അമ്മയെ നോവിച്ചപ്പോള്‍ അച്ഛനാണ് ചിലതെല്ലാം പറഞ്ഞത്.

ആ അമ്മയുടെ മകള്‍ നിനക്ക് വേണ്ടി ചിലതെല്ലാം അച്ഛനൊപ്പം കരുതി വെച്ചിട്ടുണ്ട്. വിദ്യാഭ്യാസം, വിവാഹം ഇതിനെല്ലാം വെവ്വേറെ സമ്പാദിച്ച് സ്വരുക്കൂട്ടി വെച്ചിട്ടുണ്ട്. അച്ഛന് ഒരു തുണയുണ്ടായാല്‍ പോലും നിനക്കുള്ളത് ഏതെങ്കിലും കാരണത്താല്‍ ഇല്ലാതായിപ്പോകാതിരിക്കാന്‍ അമ്മ കരുതിവെച്ചിട്ടുണ്ട്.

അമ്മയ്ക്ക് പകരമായി ഒരാള്‍ വന്നാല്‍ പോലും അമ്മയെ പോലെ തന്നെ കാണണം. ഏതെങ്കിലും സാഹചര്യത്തില്‍ അനിവാര്യമായിമാറിയാല്‍ ബോര്‍ഡിംഗ് സ്‌കൂളിലെ പഠനത്തിന് നിനക്കായി കണ്ടുവെച്ചിട്ടുമുണ്ട്.

സ്‌നേഹത്തിനും സഹനത്തിനൊപ്പം പ്രതിരോധം വലിയൊരു ആയുധമാണെന്ന് ജീവിതം അമ്മയെ പഠിപ്പിച്ചു തന്നിട്ടുണ്ട്. ഈ കത്ത് സൂക്ഷിച്ചുവെച്ച് ഏതു പ്രതിസന്ധി ഘട്ടങ്ങളിലും വീണ്ടും എടുത്ത് വായിച്ചു നോക്കണം. ഏത് പ്രായത്തിലും ഒരു പക്ഷേ, അമ്മയുടെ അദൃശ്യസാന്നിദ്ധ്യം നിനക്ക് ലഭിച്ചേക്കാം. അതൊരു ആശ്വാസവും ആത്മവിശ്വാസവും ആയേക്കാം.

ഈ കത്ത് എഴുതുന്നതിനു മുമ്പുള്ള ഒമ്പതു മാസങ്ങള്‍. നിരാശയും പ്രതീക്ഷയും ഇടകലര്‍ന്നതായിരുന്നു. ആറു മാസത്തിനു മുമ്പ് വേണമെങ്കില്‍ ഇല്ലാതാക്കാമായിരുന്നു. ഡോക്ടര്‍മാര്‍ ഉപദേശിച്ചു. പക്ഷേ, മനസ്സുവന്നില്ല. ഇതിനു ശേഷം ജീവിതം തിരിച്ചു കിട്ടിയാലും മറ്റൊരു സന്തതി സാധ്യത ഉണ്ടാവില്ലെന്ന തിരിച്ചറിവാണ് നിന്നെ നിധിപോലെ കാത്തുസൂക്ഷിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. പോയ് മറഞ്ഞാലും എന്റെ അടയാളം ഈ ഭൂമിയില്‍ അവശേഷിപ്പിക്കണമെന്ന് മനസ്സ് പറഞ്ഞു.

നാളെയോ മറ്റന്നാളോ അഡ്മിറ്റാകും. ചിലപ്പോള്‍ ഒരു കീറിമുറിക്കല്‍. പക്ഷേ, അതു താങ്ങാനുള്ള പ്രതിരോധ ശേഷി ശരിരത്തിനില്ല. തിരിച്ചുവന്നാല്‍ ആ മുഖം കണ്ടാല്‍..
അറിയില്ല.
അതിനാല്‍ കത്ത് എഴുതി വെയ്ക്കുന്നു.
ഏതെങ്കിലും ഒരു ലോകത്ത് ഒരിക്കല്‍ കണ്ടുമുട്ടുമെന്ന പ്രതീക്ഷയോടെ

നിന്റെ സ്വന്തം അമ്മ.