പെറ്റ്

“വില്ല്യൂ ഡൂ സംതിംഗ് ജയ്..! ചിന്നൂൻ്റെ കരച്ചിലെനിക്ക് സഹിക്കാൻ മേല..”

അടുത്ത ദിവസത്തെ സൂം മീറ്റിംഗിനുള്ള പ്രസൻ്റേഷൻ തയ്യാറാക്കുന്നിടയ്ക്കാണ് സൂസൻ മുറിയിലേക്ക് വന്നത്. വാക്കുകളിൽ സങ്കടത്തെക്കാളേറെ അമർഷമാണ്. സൂസനെ കേട്ടില്ലാന്ന് നടിച്ച് ജയ് ജോലി തുടർന്നു.

“ജയ്.. ഒന്ന് മനസ്സിലാക്ക്, യൂ ഹാവേ ലൈഫ് ഔട്ട്സൈഡ് ദാറ്റ് ഡാം സ്ക്രീൻ.”

“ഹണീ.. യൂ വോണ്ട് ഗെറ്റിറ്റ്, നാളത്തെ മീറ്റിംഗ് ക്രൂഷ്യലാ.. CEO ഇപ്പാേ വിളിച്ചതേ ഉള്ളൂ.. ഇതൊന്ന് തീർത്തോട്ടെ. ചിന്നൂൻ്റെ പ്രശ്നം തീർക്കാം. ടെൽ ഹേർ വീ വിൽ ഫൈൻ്റ് ഹിം.. “

സൂസൻ പിന്നെ തർക്കിക്കാൻ നിന്നില്ല. ഇതുപോലെ തന്നെ വർക്ക് ഫ്രം ഹോം ചെയ്യുന്നതാ ഞാനും എന്ന് പറയാൻ നാവിൻ തുമ്പത്ത് വരെ വന്നതാ. അത് മതി, ഒരു വിസ്ഫോടനത്തിന് കാരണമാവാൻ. അല്ലേലും ആണുങ്ങൾ ഏറെക്കുറെ ഇങ്ങനെയാ. അവർക്ക് മാത്രം ബാധകമാണ് വർക്ക് പ്രഷറും കൺസ്ട്രയ്ൻ്റ്സും. ഒരേ സമയം ദശാവതാരം ആടേണ്ട സ്ത്രീയുടെ പ്രശ്നങ്ങൾ ആർക്കറിയണം.

ആയിരം പേർ ജോലി ചെയ്യുന്ന കമ്പനിയുടെ HR മാനേജരുടെ ഇഷ്യൂസ് CFO യ്ക്ക് എന്നും നിസ്സാരം. അതിനിടയിൽ മോളുടെ ഓൺലൈൻ ക്ലാസ്സും അതിൻ്റെ ടെൻഷനും. എല്ലാം കൂടെ ഒന്നു മാനേജ് ചെയ്ത് വരുമ്പോഴാ വിസ്കിയെ കാണാതാവുന്നത്. ചിന്നു രാവിലെ താഴെ ഒന്ന് നടത്താൻ കൊണ്ടുപോയതാ അവനെ. ശ്രദ്ധ ഒന്ന് മാറിയപ്പോഴേയ്ക്കും അവൻ എങ്ങോട്ടോ മറഞ്ഞു. അതിന് ശേഷം വെള്ളം പോലും കഴിക്കാതെ കരച്ചിലാണ് ചിന്നു. രണ്ടു മാസങ്ങൾക്ക് മുമ്പ് ജയ്ൻ്റമ്മ പോയപ്പോഴാണ് ചിന്നു ഇതുപോലെ സങ്കടപ്പെട്ടിട്ടുള്ളത്.
വിസ്കിയെ കാണാതായ നേരം മുതൽ ജയ്ൻ്റെ പിന്നാലെ കൂടീട്ടും ആൾക്ക് ഒരു കൂസലുമില്ല.

“ഈ പാൻ്റമിക് കാലത്ത് പോലീസിന് പട്ടി പിടുത്തമല്ലേ പണി..?” നിർബന്ധിച്ചപ്പോൾ ജയ്ക്ക് ദ്യേഷ്യം വന്നു.
അല്ലേലും പുള്ളിക്ക് പെറ്റ്സിനെ അത്ര ഇഷ്ടല്ല.

“പപ്പാ.. ഫ്രണ്ട്സിനെല്ലാർക്കും പെറ്റ്സ്ണ്ട്.. എനിക്കും വേണം .. ” മൂന്ന് വർഷം മുമ്പ് ഒരു ദിവസം സ്കൂളിൽ നിന്നും വന്ന ചിന്നു പറഞ്ഞു.

ടൂ ബെഡ്റൂം ഫ്ലാറ്റിലൊരു പെറ്റിനെ മാനേജ് ചെയ്യാൻ പറ്റില്ലാന്ന് ജയ് തറപ്പിച്ചു പറഞ്ഞു. പക്ഷേ ജയ് പറഞ്ഞതൊന്നും അവൾ കൂട്ടാക്കിയില്ല. അവൾക്കൊര് പപ്പിയെ വേണം, അതും പഗ്ഗ് തന്നെ വേണം. അവസാനം ചിന്നൂൻ്റെ മുന്നിൽ പപ്പ തോൽവി സമ്മതിച്ചു. മൂന്നാം നാൾ സിൽവർഫോൺ കളറിലുള്ള, ആറുമാസത്തിൽ കുറഞ്ഞ പ്രായമുള്ള പഗ്ഗ് വീട്ടിലെത്തി.

ചിന്നു ഏറ്റവും സന്തോഷിച്ച ദിവസം. പേരിട്ടതും അവൾ തന്നെ.

“വിസ്കി”

ഞങ്ങൾ മൂന്ന് പേരും മുഖത്തോട് മുഖം നോക്കുമ്പോൾ ചിന്നൂൻ്റെ കാരണം പറച്ചിൽ.

“വിസ്കീന്ന് പേരിട്ടാ.. പപ്പാ.. മേ ബീ യൂ വിൽ സ്റ്റാർട്ട് ലൈക്കിങ് ഹിം”

ഏഴു വയസ്സുകാരിയുടെ ചെറിയ വായിലെ വലിയ വർത്തമാനം കേട്ട് ജയ്ൻ്റമ്മയ്ക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. വളരെ പെട്ടെന്നാണ് വിസ്കി എല്ലാവരോടും ഇണങ്ങിയത്. ജയ്നോട് മാത്രം പേടി. ജയ്ൻ്റമ്മയും ചിന്നുവും അവൻ്റെ കാര്യങ്ങൾ നോക്കുമായിരുന്നു. ഉറക്കം പോലും അവരുടെ നടുവിലായി പല ദിവസങ്ങളിലും.

രാവിലെ മുതൽ സൂസൻ എല്ലാരോടും ഫോൺ ചെയ്ത് പറഞ്ഞു, സെക്യൂരിറ്റിയിലും അടുത്തുള്ള കടകളിലും ചോദിച്ചു. വിസ്കിയെ ആരും കണ്ടില്ല.

“കം..ഹാവേ ലുക്ക്.. “

സൂസനെ ലാപ്ടോപ്പിൽ എന്തോ കാണിക്കാനായി ജയ് വിളിച്ചു. വിസ്കിയുടെ ഫോട്ടോ വെച്ച് പെറ്റ് മിസ്സിംഗ് എന്ന ഒരു നോട്ടീസായിരുന്നു അത്.

“നമുക്കിത് റസിഡൻ്റ്സ് വാട്ട്സപ്പ് ഗ്രൂപ്പിലിടാം.. രാവിലെ നോട്ടീസ് ബോർഡിലും.. വീ വിൽ ഗെറ്റ് ഹിം”
ജയ് ഇത്രേം ചെയ്തതിൽ സൂസന് ആശ്ചര്യമായി.

ചിന്നുന് രാത്രി മുതൽ പനി യായിരുന്നു. രാവിലെ എഴുന്നേക്കാനേ കഴിഞ്ഞില്ല. ഓൺലൈൻ ക്ലാസ്സിന് ചിന്നു ഇന്ന് ഉണ്ടാവില്ലാന്ന് മിസ്സിനെ വിളിച്ചു പറഞ്ഞു. മിസ്സ് പറഞ്ഞത്പോലെ പ്രൊജക്റ്റ് ഈമെയിൽ ചെയ്തു. ചിന്നൂന് വേണ്ട മരുന്ന് കൊടുത്ത് ജയ്, മൂന്ന് നാല് പ്രിൻ്റുമെടുത്ത് താഴേക്ക് പോയി.

സൂസനും തിരക്കുള്ള ദിവസമായിരുന്നു. പിരിച്ചുവിടാനുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കാൻ ഓരോ HOD മാരുമായി മീറ്റിംഗ്. ഇടയ്ക്ക് വാട്ട്സാപ്പിൽ വിസ്കിയെക്കുറിച്ച് ആരുടെയെങ്കിലും മെസേജ് വന്നോന്ന് നോക്കും. ഒരേ തരം മെസേജുകൾ തന്നെ പലരും അയച്ചിരിക്കുന്നു.

” Sorry to hear.. “

” Don’t worry, he will be safe”

” Hope you find him soon. “

പക്ഷേ വിസ്കിയെ കണ്ടതായി ആരും അറിയിച്ചില്ല. ജയ് പ്രതീക്ഷിച്ചതിലും കൂടുതൽ സമയം മീറ്റിംഗ് നീണ്ടു. Q1 പെർഫോർമൻസും Q2 പ്രൊജക്ഷനും എല്ലാം നെഗറ്റീവ്. ചെയർമാൻ ഇങ്ങനെ ഒരിക്കലും പരുഷമായി സംസാരിച്ചിട്ടില്ല. നല്ല ടെൻഷനിലായിരുന്നു ജയ്. അത് കാരണം സൂസൻ വീണ്ടും ഒന്നും പറയാൻ പോയില്ല. പറയാതെ തന്നെ ജയ് വിസ്കിയെ അന്വേഷിച്ചിറങ്ങി. നിരാശയായിരുന്നു ഫലം. ചിന്നു വീണ്ടും കരച്ചിലായി. ഒരു വിധം സമാധാനിപ്പിച്ച് സൂസൻ ചിന്നുവിനെ ഉറക്കി.

“വാട്ടേ ഡേ.. ഐ നീഡേ ഡ്രിങ്ക്..” ജയ് പറഞ്ഞു.

ഗ്ലാസ്സിൽ പകുതി ലഫ്രോയ്ഗ് ഒഴിച്ച് ഐസ് ക്യൂബ്സ് വാരിയിട്ടു.

“യുവർ ഫോൺ.. ” ബെല്ലടിച്ച് കൊണ്ടിരിക്കുന്ന ഫോണുമായി സൂസൻ

“ഹലോ.. “

“Mr. ജയ്.. “

“യാ…”

“ഗുഡ് ഈവ്നിംഗ് സർ.. ഇത് രജനിയാണ് ആശാജീവൻന്ന്.. “

ഒരു നിമിഷം ജയ് സ്തബ്ധനായി.

“ഈസ് എവരിതിംഗ് ഓക്കേ.. ?”

“യാ സർ.. അന്ന് വന്നതിന് ശേഷം സാറിനെ പിന്നെ കണ്ടേയില്ല..!”

“തിരക്കായി.. വർക്ക്.. ട്രാവലിംഗ്.. ഹൗ ഈസ് ഷീ..?”

“ഷീ ഈസ് ഫൈൻ സർ.. ബട്ട് സ്റ്റിൽ മിസ്സിംഗ്യൂ ആൾ.. ഇന്ന് പക്ഷേ ഒരു സംഭവുണ്ടായി. ആരോ ഗെയിറ്റ് തുറന്ന് വെച്ചതായിരുന്നു. എവിടുന്നോ ഒരു ഡോഗ് കയറി വന്നു. എല്ലാരും യോഗ ചെയ്യായിരുന്നു ഗാർഡനില്. അത് ഓടി വന്ന് സാറിൻ്റെ അമ്മയുടെ മടിയിൽ കയറി ഇരുന്നു. അമ്മ അതിനെ കെട്ടിപ്പിടിച്ച് കുറേ കരഞ്ഞു. കണ്ടു നിന്നവരും… “

“ഓ.. വിസ്കി അപ്പോ അവിടെയാണ്.. “

” യെസ് സർ.. ഹീ ഈസ് സേഫ്. “

“അമ്മ എത്ര മണിക്ക് ഉറങ്ങും..?”

“ഇന്ന് നേരത്തേ ഉറങ്ങി.. ഷീ വാസ് സോ ചിയഫുൾ റ്റുഡേ..”

“ഞാൻ വരാം.. റ്റു ഗെറ്റ് ഹിം.”

“ഓക്കേ സർ.. വിസിറ്റേഴ്സിൻ്റെ സമയം കഴിഞ്ഞു.. സെക്യൂരിറ്റിയിൽ ഞാൻ പറഞ്ഞു വെക്കാം.. “

“താങ്ക്യൂ… “

“യൂ ആർ വെൽകം സർ.. “

“ആൻ്റ് …ലിസൺ.., അമ്മ അറിയണ്ട..”

ഇരുപത് വർഷമായി ദുബായിൽ സെയിൽസ്‌ മാനേജർ ആയി ജോലി ചെയ്യുന്നു. പയ്യന്നൂർ രാമന്തളി സ്വദേശി.