അഭയാർത്ഥി

മഴ,നാടാകെ തോരണം കെട്ടിയ
വേനലിന്‍റെ ഉത്സവപ്പിറ്റേന്ന്
കൽപ്പറ്റയിൽ നിന്നും
ഗാന്ധിനഗറിലേക്കൊരു പെൺകുട്ടി
വണ്ടി കയറുന്നു.
രാജ്കോട്ടിലെ വെയിൽപ്പരവതാനിയിൽ
അവൾക്ക് പരിചയമുള്ള ഏതാനും
നിഴലുകളതിലെ കടന്നു പോകുന്നു .

നിഴലുകളുടെ നിഴലിനും മീതെ
ഉപ്പും മുളകും പുളിയും തേച്ച്
ഓർമ്മകളെയവൾ ഉണക്കിയെടുക്കുന്നു.

ഹൃദയത്തിൽ നിന്ന് നീറിപ്പൊള്ളിയ
ഏതാനും നിറമുള്ള രൂപങ്ങൾ
അവളുടെ കണ്ണിൽ നിന്നും
വെളിയിലേക്ക് ചാടുന്നു.
കച്ച് കടന്നത് സബർമതി തീരം തേടിപ്പോകുന്നു…

ഗാന്ധിസ്മരണകൾ സംസ്കൃതികൾ
രാജവംശങ്ങൾ രാസലീലകൾ
അവൾ ചവിട്ടിയ മണ്ണിനെയും
ചരിത്രപുസ്തകത്തെയും
വരണ്ട കാറ്റ് പട്ടം പറത്തുന്നു.

അവളുടെ കാലുകൾക്ക്
ഡാൺഡിയ രാസ് നൃത്തത്തിന്‍റെ
ചടുലമായ വേഗതയുണ്ടായിരുന്നു.
ഡോലകും തബലയും
ഓർമകളുടെ മേളപ്പെരുക്കം.
രാസലീലയിലെ കണ്ണാടിവസ്ത്രങ്ങളിൽ
കൃഷ്ണന്‍റെ മയിൽപ്പീലികൾ.

ഓർമ്മകളുടെ റിക്ടർ സ്കെയിലിൽ
റിപ്പബ്ലിക് ഇന്ത്യയുടെ പതാകയ്ക്ക് മീതെ
ചരിത്രമതിന്‍റെ മറ്റൊരു
കറുത്ത കൊടിയുർത്തുന്നു …
കാതിൽ നിലവിളികളുടെ
കിതപ്പുള്ള കുളമ്പൊച്ച..

അവളുടെ ഭൂമിയപ്പോൾ മഞ്ഞടരുന്ന
നിലാവിൽ കുതിർന്ന മരണപത്രിക,
കനപ്പെട്ട സ്‌മൃതികളിൽ
ചരിത്രത്തിന്‍റെ പൊള്ളിയടർന്നൊരേട്,
പാതിജീവനിൽ പശിയെരിഞ്ഞൊരു നാട്,
അവൾ കാതിലീയമൊഴിക്കുന്നു.

ജനിമൃതികളുടെ രണ്ട്
സമാന്തര രേഖകളുടെ
ഇങ്ങേയറ്റത്ത് നിന്നും
അങ്ങേയറ്റത്തേക്കവൾ പായുന്നു.
കയ്യിൽ ജീവന്‍റെ ബലിച്ചോറ്.

അവളൊരു ബിന്ദുവായി.
റിക്ടർ സ്കെയിലിൽ നിന്ന്
ഇന്ത്യൻ ഭൂപടത്തിലെ
അറബിക്കടലിലേക്ക് ചെരിഞ്ഞ
ചരിത്രത്തിന്‍റെ പതിനാല് തട്ടുകളുള്ള
ഗോവണിപ്പടിയിലേക്കെത്തപ്പെട്ട
അനേകങ്ങളിലെ ഒരൊറ്റ ബിന്ദു.

ജീവിതത്തിൽ നിന്നും ജീവിതത്തിലേക്ക്,
അവനവനിലേക്ക് ജനത
സ്വരാജ്യത്തിനുള്ളിൽ അഭയാർത്ഥികളാകുന്നു.

മഴ, നാടാകെ തോരണം കെട്ടും മുന്നേ
വെയിലുദിച്ചൊരു പുലർച്ചെയവളുണരുന്നു.
ബജ്രയും പരുത്തിയും നിലക്കടലകളും
വിളയുന്ന ‘സ്വപ്ന’മണ്ണിലിരുന്നവൾ
ഉപ്പിലിട്ട മാങ്ങതിന്നുന്നു.
പശിമയുള്ള കഞ്ഞി കുടിക്കുന്നു.
ഇടയിൽ ഓർമ്മകളെ
കടിച്ചു പൊട്ടിക്കുവാനെന്ന പോലെ
തേങ്ങാപ്പൂള് കൊത്തിയിട്ട ശർക്കരയുണ്ടയും.

ചെടികളിൽ വെച്ചവൾ
കമ്യുണിസ്റ്റ് പച്ചയുടെ മണമോർക്കുന്നു.
പ്രത്യാശപോലെ ചോര പൊടിഞ്ഞ
ഓർമയുടെ നനഞ്ഞതും വരണ്ടതുമായ
ആഴമുള്ള മുറിവുണക്കുന്നു .

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു